കിയാലിന്റെ ഓഹരി മൂലധനം 3500 കോടിയിലേക്ക് ഉയർത്തും; മന്ത്രി ഇ.പി. ജയരാജനും കമ്പനി ഡയറക്ടർ

കണ്ണൂർ∙ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ(കിയാൽ) ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയർത്തുന്നതിനു കണ്ണൂരിൽ ചേർന്ന അസാധാരണ പൊതുയോഗം അംഗീകാരം നൽകി. നിലവിൽ 1500 കോടിയാണ് ഓഹരി മൂലധനം. 2000 കോടി കൂടി സമാഹരിക്കും. ഫെബ്രുവരിയിൽ ഇതിനു തുടക്കമാകും. അതേസമയം, ഒൻപതു വർഷം മുൻപു നിക്ഷേപം നടത്തിയ സ്ഥാപക ഓഹരിയുടമകൾക്കു നഷ്ടം സംഭവിക്കാതിരിക്കാൻ പുതിയ ഓഹരിയുടെ മുഖവില ഉയർത്തണമെന്ന് ഓഹരിയുടമകൾ യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 100 രൂപയാണു മുഖവില. ഇതു 150 രൂപയാക്കി ഉയർത്തണമെന്നായിരുന്നു ആവശ്യം. മുഖവില പിന്നീട് തീരുമാനിക്കാമെന്നാണു ധാരണ. 50,000 രൂപയുടെ ഓഹരിയെങ്കിലും ഒരാൾ എടുക്കണമെന്നാണു നിലവിലെ വ്യവസ്ഥ. കൂടുതൽ ജനകീയത കൈവരിക്കാൻ ഇത് 5000 രൂപയായി കുറയ്ക്കണമെന്ന് ആവശ്യമുയർന്നെങ്കിലും അംഗീകരിച്ചില്ല.

മന്ത്രി ഇ.പി.ജയരാജൻ, കമ്പനിയിൽ 50 കോടിരൂപ നിക്ഷേപിച്ച ഡോ.എം.പി.ഹസ്സൻകുഞ്ഞി എന്നിവരെ ഡയറക്ടർമാരായി യോഗം അംഗീകരിച്ചു. പ്രവാസി വ്യവസായികളിൽനിന്നു കൂടുതൽ നിക്ഷേപം ആകർഷിക്കണമെന്ന് ഓഹരിയുടമകൾ യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 892 കോടി രൂപ കമ്പനി വായ്പയെടുത്തിട്ടുണ്ട്. 2000 കോടി നിക്ഷേപം സമാഹരിക്കുന്നതോടെ വായ്പാ ബാധ്യതയൊഴിവാക്കാനാകുമെന്നു കിയാൽ അധികൃതർ യോഗത്തിൽ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കിയാൽ എംഡി വി. തുളസീദാസ്, മന്ത്രിമാരും കമ്പനി ഡയറക്ടർമാരുമായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ബിപിസിഎൽ പ്രതിനിധി ജി. അനന്തകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

അതേസമയം, വിമാനത്താവളത്തിൽ 20 മുതൽ 31 വരെ സന്ദർശകർക്കു നിയന്ത്രണമുണ്ടാകുമെന്ന് കിയാൽ ചീഫ് സെക്യൂരിറ്റി ഓഫിസർ എം.വേലായുധൻ അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ടു സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സന്ദർകർക്കുള്ള പാസ് വിതരണം ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതല്ല.