പെരിങ്ങരയിലെ അനധികൃത കീടനാശിനി പ്രയോഗം: സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല

പത്തനംതിട്ട∙ തിരുവല്ല പെരിങ്ങരയിലെ അനധികൃത കീടനാശിനി പ്രയോഗത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൃഷിമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. മന്ത്രി 24ന് പെരിങ്ങര സന്ദര്‍ശിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു. മരിച്ച സനല്‍കുമാറിന്‍റെ വീട്ടിലാണ് ആദ്യമെത്തിയത്. തുടര്‍ന്ന് മത്തായി ഈശോയുടെ വീട്ടിലെത്തി.

അതേസമയം തിരുവല്ല പെരിങ്ങരയിൽ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ രണ്ടുപേർ മരിച്ച സംഭവത്തിൽ പൊലീസ് നടപടി പ്രതിസന്ധിയിലായി. കേസിൽ ആരെ പ്രതിയാക്കുമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പം തുടരുകയാണ്. തിരുവല്ലയ്ക്കു സമീപം പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽഇരുകര പാടത്ത് കീടനാശിനി പ്രയോഗിക്കുന്നതിനിടെ രണ്ടുപേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

കർഷകർ കീടനാശിനി വാങ്ങിയതായി സംശയിക്കുന്ന ഇലഞ്ഞിമൂട്ടിലെ കടയിൽ പരിശോധന നടത്തി സാംപിളുകൾ ശേഖരിക്കുകയും തൽക്കാലത്തേക്കു കട പൂട്ടി സീൽ വയ്ക്കുകയും ചെയ്തിരുന്നു. കീടനാശിനി വിൽപന നടത്താനുള്ള ലൈസൻസ് കടയുടമയ്ക്കുണ്ടായിരുന്നു. വിൽപ്പനയ്ക്ക് അനുമതിയുള്ള കീടനാശിനികളാണ് കടയിൽനിന്ന് നൽകിയിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.