ശബരിമല യുവതീപ്രവേശം: മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

റാന്നി∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവരടക്കം 7 പേര്‍ക്കെതിരെ രാജ്യാന്തര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.  അടുത്ത മാസം 1ന് കോടതി വീണ്ടും പരിഗണിക്കും.

വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ലംഘിച്ചാണ് ശബരിമലയില്‍ യുവതീ പ്രവേശനം നടത്തിയതെന്നും ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. 

കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, ബിന്ദു അമ്മിണി, കനകദുര്‍ഗ, രഹന ഫാത്തിമ, പേരാവൂര്‍ സ്റ്റേഷനിലെ സിപിഒ ഷിബു എന്നിവരാണ് ഹര്‍ജിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവര്‍. മുഖ്യമന്ത്രിയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അറിവോടും സമ്മതത്തോടും കൂടിയാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം.