രാജീവ് ഗാന്ധിയുടെ '15 പൈസ' പരാമര്‍ശം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ വിമര്‍ശിച്ച് നരേന്ദ്ര മോദി

വാരാണസി∙ രാജീവ് ഗാന്ധിയുടെ പ്രശസ്തമായ '15 പൈസ' പരാമര്‍ശം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

ജനക്ഷേമത്തിനായി ഒരു രൂപ കേന്ദ്രം അനുവദിച്ചാല്‍ 15 പൈസ മാത്രമാണ് താഴേത്തട്ടിലുള്ളവര്‍ക്കു ലഭിക്കുന്നതെന്നാണ് 1985-ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പറഞ്ഞത്. ഇതു ചൂണ്ടിക്കാട്ടിയാണ് അഴിമതി തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മോദി ആരോപിച്ചത്. 

''ഒരു മുന്‍ പ്രധാനമന്ത്രി പറഞ്ഞത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകും. ഒരു രൂപ അനുവദിച്ചാല്‍ ഡല്‍ഹിയില്‍നിന്ന് 15 പൈസ മാത്രമാണ് ഗ്രാമങ്ങളിലെത്തുന്നതെന്നും 85 പൈസ അപ്രത്യക്ഷമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. വര്‍ഷങ്ങളോളം രാജ്യം ഭരിച്ച പാര്‍ട്ടി അത് അംഗീകരിക്കുകയും ചെയ്തു.''-മോദി പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന 85 പൈസയുടെ ഈ കൊള്ള തടയാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞു. സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതു നടപ്പാക്കിയത്. വിവിധ പദ്ധതികളിലൂടെ 5,80,000 കോടി രൂപ സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചു. പഴയ സംവിധാനമായിരുന്നെങ്കില്‍ ഇതില്‍ 4,50,000 കോടി രൂപ അപ്രത്യക്ഷമായേനെ- മോദി പറഞ്ഞു. രാജ്യത്തിന്റെ പ്രവര്‍ത്തനക്ഷമതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് പ്രവാസികളെന്നും മോദി പറഞ്ഞു.