ഐഎസ് ബന്ധം: ആയുധങ്ങളുമായി കൗമാരക്കാരന്‍ ഉൾപ്പെടെ 9 പേർ പിടിയിൽ

മുംബൈ ∙ ഭീകരസംഘടന ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കൗമാരക്കാരൻ ഉൾപ്പെടെ ഒൻപതു പേർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. മുംബ്ര, താനെ, ഔറംഗാബാദ് എന്നിവിടങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയതെന്നു മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘം (എടിഎസ്) പറഞ്ഞു. പിടിയിലായവരുടെ പേരുവിവരം വെളിപ്പെടുത്താൻ എടിഎസ് തയാറായില്ല.

റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി ‘ഉറങ്ങിക്കിടക്കുന്ന’ ഭീകരസംഘങ്ങളെ കണ്ടെത്താനുള്ള ഓപറേഷനിലാണ് ഇവർ കുടുങ്ങിയത്. രഹസ്യവിവരത്തെ തുടർന്ന് ആഴ്ചകളായി ഇവർ നിരീക്ഷണത്തിലായിരുന്നു. സംഘം ആക്രമണത്തിന് പദ്ധതി ഒരുക്കുന്നതിനിടെയാണ് അറസ്റ്റിലായത്.

രാസപദാർഥങ്ങൾ, സ്ഫോടക വസ്തുക്കൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, സിം കാർഡുകൾ, ആസിഡ് ബോട്ടിൽ, മൂർച്ചയേറിയ കത്തികൾ തുടങ്ങിയവ ഇവരുടെ താമസസ്ഥലത്തുനിന്നു പിടിച്ചെടുത്തു.