മോദി പ്രഭാവം മങ്ങുന്നു; ത്രിശങ്കുസഭയെന്ന് സർവേ ഫലം: കേരളത്തിൽ എൽഡിഎഫിന് 4 സീറ്റുമാത്രം

ന്യൂഡൽഹി ∙ കണ്ണഞ്ചിപ്പിക്കുന്ന ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപിക്കു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടിവരിക വൻ തിരിച്ചടിയെന്ന് സർവേ ഫലങ്ങൾ. തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ത്രിശങ്കുസഭയ്ക്കാണു സാധ്യതയെന്നും ഇന്ത്യ ടുഡേ – കാർവി സർവേ പറയുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തിയാലുള്ള ഫലമാണ് അവർ പ്രവചിക്കുന്നത്. അതേസമയം, കേരളത്തില്‍ യുഡിഎഫ് 16 ഉം എല്‍ഡിഎഫ് 4 ഉം സീറ്റുകള്‍ നേടുമെന്നാണു സീ വോട്ടര്‍ പ്രവചനം.

ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും സർക്കാർ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകൾ എൻഡിഎയ്ക്കു ലഭിക്കില്ല. 237 സീറ്റുകളാകും കിട്ടുക. 2014ൽ നേടിയതിനേക്കാളും 86 സീറ്റിന്റെ കുറവ്. യുപിഎ 160 സീറ്റുകൾ നേടുമെന്നും സര്‍വേയിൽ പറയുന്നു. 2014ൽ നേടിയതിനേക്കാളും 106 സീറ്റിന്റെ വർധനയാണിത്. അതേസമയം, യുപിഎയ്ക്കുള്ളതിനേക്കാളും വോട്ട് ഷെയർ എന്‍ഡിഎയ്ക്കാകും ഉണ്ടാകുക. എന്‍ഡിഎയ്ക്ക് 233 സീറ്റുകളാണ് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്.

യുപിഎ 167 സീറ്റുകളും മറ്റുള്ളവര്‍ 143 സീറ്റുകളും നേടുമെന്ന് സീ വോട്ടര്‍ സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വേ. 80 സീറ്റുകളില്‍ ബിഎസ്പി – എസ്പി സഖ്യം 51 സീറ്റുകളില്‍ വിജയിക്കും. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ചേര്‍ന്ന് 25 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ. ബിഹാറില്‍ നരേന്ദ്ര മോദി – നിതീഷ് കുമാര്‍ സഖ്യം മുന്നിലെത്തും.