രാഷ്ട്രീയത്തില്‍ ഡ്യൂപ്ലിക്കേറ്റുകള്‍ വിജയിക്കില്ല; ജീവിതപങ്കാളി കളങ്കിതന്‍: കടന്നാക്രമിച്ച് ബിജെപി

പട്‌ന∙ കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് എത്തിയ പ്രിയങ്കാ ഗാന്ധിക്കെതിരേ ആക്രമണം കടുപ്പിച്ച് ബിജെപി. കളങ്കിതനായ ജീവിതപങ്കാളിയുള്ള സ്ത്രീയെ നേതൃത്വത്തിലേക്ക് എത്തിച്ചതില്‍ കോണ്‍ഗ്രസ് സന്തോഷം കൊള്ളുകയാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി.

ഇന്ദിരാ ഗാന്ധിയോടുള്ള പ്രിയങ്കയുടെ രൂപസാദൃശ്യത്തെയും സുശീല്‍ മോദി പരിഹസിച്ചു. രൂപസാദൃശ്യമുള്ളതു കൊണ്ടു മാത്രം ഒരാള്‍ക്കു മറ്റൊരാളുടെ കഴിവുണ്ടായിരുന്നെങ്കില്‍ നമുക്ക് എത്രയേ വിരാട് കോഹ്്‌ലിമാരും അമിതാഭ് ബച്ചന്മാരും ഉണ്ടാകുമായിരുന്നു. ഡ്യൂപ്ലിക്കേറ്റുകള്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ല. ഇന്ദിരയുമായി പ്രിയങ്കയ്ക്ക് സാദൃശ്യമുണ്ടാകാം എന്നാല്‍ വലിയ അന്തരമുണ്ടെന്നും മോദി പറഞ്ഞു.

ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി മികച്ച വാഗ്മിയും പാര്‍ലമെന്റേറിയനുമായിരുന്നു. കരുത്തനായ ഭാര്യാപിതാവ് ജവഹര്‍ലാല്‍ നെഹ്‌റുവിന് എതിരേ വരെ സംസാരിക്കാന്‍ കെല്‍പ്പുണ്ടായിരുന്നു അദ്ദേഹത്തിന്.

അതേസമയം പ്രിയങ്കയുടെ ബിസിനസുകാരനായ ഭര്‍ത്താവ് രണ്ടു സംസ്ഥാനങ്ങളിലായി പടര്‍ന്നുകിടക്കുന്ന അനധികൃത ഭൂമിയിടപാടുകളില്‍പെട്ട് ഉഴലുകയാണ്. കളങ്കിതനായ ജീവതപങ്കാളിയുള്ള സ്ത്രീയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് ആഹ്‌ളാദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താനതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുശീല്‍ മോദി പറഞ്ഞു.എസ്പി-ബിഎസ്പി സഖ്യത്തെ ഭീഷണിപ്പെടുത്താനാണ് തിടുക്കപ്പെട്ട് പ്രിയങ്കയെ കളത്തിലിറക്കിയതെന്നും ബിജെപിക്ക് യാതൊരു ആശങ്കയും ഇല്ലെന്നും മോദി പറഞ്ഞു. 

പ്രിയങ്കയ്ക്ക് സ്ഥാനം ലഭിച്ചത് സൗന്ദര്യം ഉള്ളതു കൊണ്ടാണെന്ന ബിഹാറിലെ ബിജെപി മന്ത്രി വിനോദ് നാരായണ്‍ ഝായുടെ പ്രസ്താവന വിവാദമായിരുന്നു. സൗന്ദര്യമല്ലാതെ പ്രിയങ്കയ്ക്ക് രാഷ്ട്രീയധാരണയില്ല. സൗന്ദര്യം വോട്ടാകില്ലെന്നും ഭൂമി കുംഭകോണത്തില്‍ ആരോപണവിധേയനായ റോബര്‍ട്ട് വാധ്രയുടെ ഭാര്യയാണ് പ്രിയങ്കയെന്നും മന്ത്രി പറഞ്ഞു.