പുരസ്കാരം സ്വീകരിക്കുന്നത് തെറ്റിദ്ധാരണ പരത്തും; പത്മശ്രീ നിരസിച്ച് ഗീത മേത്ത

ന്യൂയോർക്ക്∙ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ സഹോദരിയും എഴുത്തുകാരിയുമായ ഗീത മേത്ത പത്മശ്രീ പുരസ്കാരം നിരസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് രാഷ്ട്രീയ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുമെന്നാണ് ഗീത മേത്തയുടെ നിലപാട്. നവീന്‍ പട്നായിക്കിന്‍റെ ബിജു ജനതാദളിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗീത പത്മ പുരസ്ക്കാരം നിരസിക്കുന്നത്.

‘പത്മശ്രീ പുരസ്കാരത്തെയും അതു നല്‍കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെയും ബഹുമാനിക്കുന്നു. എന്നാല്‍ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പുരസ്കാരം സ്വീകരിക്കുന്നത് പലവിധ തെറ്റിദ്ധാരണകളുമുണ്ടാക്കും. അതിനാൽ ഖേദത്തോടെ പുരസ്കാരം നിരസിക്കുന്നു’.– ന്യൂയോർക്കിൽ നിന്ന് ഇറക്കിയ വാർത്താക്കുറിപ്പില്‍ ഗീത മേത്ത പറഞ്ഞു.

ബിഹാറില്‍ നവീന്‍ പട്നായികിന്‍റെ നേതൃത്വത്തിലുളള ബിജെഡിയും ബിജെപിയും തമ്മില്‍ അവിശുദ്ധകൂട്ടുകെട്ടാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപണമുന്നയിക്കുന്നതിനിടെയാണ് ഗീതാ മേത്തയെ പത്മശ്രീ നല്‍കി ആദരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ഗീതാ മേത്തയും ഭര്‍ത്താവ് സോണി മേത്തയും മാസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഗീത മേത്ത നരേന്ദ്ര മോദിയുടെ ജീവിതകഥ എഴുതുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റുമാരെ കുറിച്ചു ഗീതാ മേത്ത എഴുതിയ പുസ്തകങ്ങള്‍ ദശലക്ഷകണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്.