നമ്പി നാരായണനെ ശുപാർശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം∙ നമ്പി നാരായണനെ പത്മഭൂഷൺ ബഹുമതിക്കു ശുപാർശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖർ. ശുപാർശയുടെ പകർപ്പും പുറത്തുവന്നു. നമ്പി നാരായണനെ സംസ്ഥാന സർക്കാർ ശുപാര്‍ശ ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസും അറിയിച്ചിട്ടുണ്ട്.

അതിനിടെ, നമ്പി നാരായണനു പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് ടി.പി.സെന്‍കുമാര്‍ രംഗത്തെത്തി. നമ്പി നാരായണന് പുരസ്കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെയാണ്. അവാര്‍ഡ് നല്‍കിയവര്‍ കാരണം വിശദീകരിക്കണം. ഇനി ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മവിഭൂഷണ്‍ നല്‍കാം. ഈ മാനദണ്ഡമനുസരിച്ച് അമിറുല്‍ ഇസ്‍ലാമിനും പുരസ്കാരത്തിന് അര്‍ഹതയുണ്ടെന്നും സെൻകുമാർ പരിഹസിച്ചിരുന്നു.

ഇതിനു പിന്നാലെ സെൻകുമാറിനു മറുപടിയുമായി നമ്പി നാരായണനും രംഗത്തെത്തി. സെന്‍കുമാർ ആരുടെ ഏജന്റാണെന്ന് അറിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. താൻ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ പ്രതിയാണ് സെന്‍കുമാര്‍. ചാരക്കേസ് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്താനാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരിക്കുന്നത്. സെൻകുമാറിന്റെ കൈശമുണ്ടെന്നു പറയുന്ന രേഖകൾ സമിതിയിൽ ഹാജരാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.