ചെങ്ങന്നൂരിലെ തോൽവിയിൽ നിന്ന് കോൺഗ്രസ് പഠിക്കണം: എ.കെ. ആന്റണി

കൊച്ചി ∙ ചെങ്ങന്നൂരിലെ തോൽവിയിൽനിന്നു കോൺഗ്രസ് പ്രവർത്തകർ പഠിക്കണമെന്ന് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. മറൈൻ ഡ്രൈവിൽ കോൺഗ്രസ് നേതൃസംഗമത്തിൽ രാഹുൽഗാന്ധിക്കു മുൻപു പ്രസംഗിക്കുമ്പോഴാണ് ചെങ്ങന്നൂരിലെ പരാജയം ഓർമിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടത്. ജനവികാരം മോദി സർക്കാരിന് എതിരാണ്. പിണറായി സർക്കാരിനും എതിരാണ്. തിളക്കമാർന്ന വിജയം നേടാൻ അടിത്തട്ടിൽ നിന്നുള്ള പ്രവർത്തനം ആവശ്യമാണ്.

രാഹുൽ ഗാന്ധിയുടെ കൈകൾ ശക്തിപ്പെടുത്താൻ നിങ്ങൾ, ഞാനുൾപ്പടെ എല്ലാവരും നേതാക്കളും ഒരു പാഠം പഠിക്കണം. ചെങ്ങന്നൂരിലെ തോൽവിയിൽ നിന്ന് പഠിക്കണം. ബൂത്തിൽ ബന്ധമില്ലെങ്കിൽ ഈ ജനവികാരം വോട്ടാകില്ല. ഇനി മുതൽ പ്രവർത്തകർ താഴേയ്ക്കിറങ്ങുക. മണ്ഡലം കമ്മിറ്റികളെ ശക്തിപ്പെടുത്തുക. ഓരോരുത്തരുടെയും ബൂത്തിലുള്ള വീടുകളിൽ നമുക്കെതിരായ നുണപ്രചാരണങ്ങൾ നേരിടാനാകണം.

രാഹുൽ ഗാന്ധിയുടെ കീഴിൽ പരമാവധി എംപിമാരെ വിജയിപ്പിക്കുന്നതിന് എന്നാലേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തില്‍നിന്ന് ഒരു സീറ്റു പോലും കിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലാകെ കോൺഗ്രസ് തോറ്റപ്പോഴും കേരളം സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം നിന്നിട്ടുള്ളതാണെന്നും ചെന്നിത്തല വ്യക്തമാക്കി.