യുദ്ധസജ്ജമാകാൻ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ്

ഷാങ്ഹായ് ∙ പുതിയ കാലത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കാൻ തക്കവിധം തന്ത്രങ്ങൾ മെനഞ്ഞ് യുദ്ധസന്നദ്ധരായിരിക്കാൻ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് ഉന്നത സൈനിക മേധാവികളുടെ യോഗത്തിൽ നിർദേശിച്ചു. മാറിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ സൈന്യത്തെ സജ്ജമാക്കാനും പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) തലവൻ കൂടിയായ ഷി ആവശ്യപ്പെട്ടു. വ്യാപാര രംഗത്തെ പ്രശ്നങ്ങളും ദക്ഷിണ ചൈനാ കടലിലെ തർക്കങ്ങളും തയ്‍വാന്റെ അധികാരം സംബന്ധിച്ച ഭിന്നതകളും സംഘർഷം വർധിപ്പിച്ചതായും അടിയന്തര സാഹചര്യം നേരിടാൻ സൈന്യത്തെ പ്രാപ്തമാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

തയ്‍വാനെ ചൈനയോട് ചേർക്കുന്നതിന് ആവശ്യമെങ്കിൽ ബലപ്രയോഗത്തിനു മടിക്കില്ലെന്നു കഴിഞ്ഞ ദിവസം ഷി പറഞ്ഞിരുന്നു. വാണിജ്യപ്രധാനവും ധാതു, എണ്ണ സമ്പന്നവുമായ ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ സമ്പൂർണ ആധിപത്യം വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, തയ്‍വാൻ എന്നീ രാജ്യങ്ങൾ ചോദ്യംചെയ്യുന്നു. പൂർവ ചൈനാ കടൽ മേഖലയിൽ ജപ്പാനുമായും അതിർത്തി തർക്കം ഉണ്ട്.