നായകനെ കൊലപ്പെടുത്തി ട്വിസ്റ്റ്; സംവിധായകനു വധഭീഷണി

പലപ്പോഴും സ്ക്രീനിൽ കാണുന്നതിനേക്കാളും വലിയ ട്വിസ്റ്റുകളും അട്ടിമറികളുമുള്ള മേഖലയാണ് മെഗാസീരിയൽ. കഥയിൽ ഒരു ട്വിസ്റ്റ്  സൃഷ്ടിച്ചതാണു സംവിധായകൻ ഗിരീഷ് കോന്നിക്ക് ഇപ്പോൾ വിനയായിരിക്കുന്നത്. മലയാള മെഗാസീരിയൽ രംഗത്ത് പുതുതലമുറയിലെ നമ്പർ വൺ സംവിധായകൻ എന്നറിയപ്പെടുന്ന ആളാണ് ഗിരീഷ്. ഹിറ്റ് മേക്കർ എന്ന വിശേഷണത്തിനൊപ്പം മാന്യനായ സംവിധായകൻ എന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന ആൾ.

ദേശീയ അവാർഡ് ജേതാവായ പി.എഫ് മാത്യൂസ് സംവിധാനം ചെയ്ത ' പകൽ മഴ' എന്ന മെഗാസീരിയലിലൂടെ ശ്രദ്ധേയനായ ഗിരീഷ് കോന്നി തുടരെ ഹിറ്റുകൾ മാത്രം ചെയ്ത സംവിധായകനാണ്. മഴവിൽ മനോരമയിലെ ഹിറ്റ് സീരിയൽ 'മാലാഖമാർ' സംവിധാനം െചയ്തതും ഗിരീഷ് ആണ്.

ഇപ്പോൾ ‘സീത’ എന്ന സീരിയൽ ആണ് ഗിരീഷ് ചെയ്യുന്നത്. മറ്റൊരു ചാനലിൽ സംപ്രേഷണം ചെയ്തു വന്ന 'ചിന്താവിഷ്ടയായ സീത' എന്ന പരമ്പരയുടെ തുടർച്ചയാണിത്.

ഇതിലെ നായകനായ 'ഇന്ദ്രൻ' എന്ന കഥാപാത്രം കൊല്ലപ്പെട്ടു എന്ന രീതിയിൽ സംപ്രേഷണം ചെയ്തതോടെയാണു ഗിരീഷ് കോന്നിക്ക് നേരെ സൈബർ ആക്രമണം ആരംഭിച്ചിരിക്കുന്നത്. 'കുങ്കുമപ്പൂവ്' എന്ന സീരിയലിലെ രുദ്രൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.‌ കഥയുടെ നിർണായക ഘട്ടത്തിൽ ആ കഥാപാത്രത്തെ തിരിച്ചു കൊണ്ടു വരിക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. 

എന്നാൽ, ഇതു മനസ്സിലാക്കാതെ ഷാനവാസിന്റെ ആരാധകർ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ ഗിരീഷിനെതിരെ അസഭ്യവർഷവും വധഭീഷണിയും തുടരുകയാണ്. അമ്പതോളം വ്യാജ അക്കൗണ്ടുകളിൽ നിന്നാണു സൈബർ ആക്രമണം. ഇതെല്ലാം സഹിക്കാനാവുന്നതിലും അപ്പുറം ആയതോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കു പരാതി നൽകിയിരിക്കുകയാണ് ഗിരീഷ് കോന്നി. എന്തായാലും കാമറയ്ക്കു പിന്നിലെ കഥയുടെ ക്ലൈമാക്സ് കാത്തിരുന്ന് കാണാം.

MORE IN MINI BUS