ശരിയായ തിരഞ്ഞെടുപ്പാണ് ജീവിതത്തിന്റെ വിജയമന്ത്രം

നമ്മുടെ ഓരോ തിരഞ്ഞെടുപ്പിനും വിജയത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. ആ തിരഞ്ഞെടുപ്പിനെ തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. ഒരു രസകരമായ കഥ ഇങ്ങനെയാണ്. ഒരിടത്ത് ഒരു മലയുടെ മുകളിലായി ഒരു ഗുരു താമസിക്കുന്നുണ്ടായിരുന്നു. കൂടുതൽ സമയവും ധ്യാനത്തിലും സന്ന്യാസ ജീവിതത്തിലും മുഴുകിയിരുന്ന അദ്ദേഹം ചിലപ്പോൾ മലയുടെ താഴ്‌വാരത്തുള്ള ഗ്രാമപ്രദേശങ്ങൾ സന്ദർശിക്കും. അവിടെയുള്ള ആളുകളെ വിളിച്ചുകൂട്ടി രസകരമായ ചില കാര്യങ്ങൾ ചെയ്യും. 

അവിടെയുള്ളവരുടെ കൈക്കുള്ളിൽ അടച്ചുവെച്ചിരിക്കുന്നത് എന്താണെന്നു പറയുന്നതായിരുന്നു അതിലൊന്ന്. ഗുരു താഴ്‌വാരത്തെത്തുമ്പോൾ തന്നെ കയ്യിൽ പലതും ഒളിപ്പിച്ച് കുട്ടികൾ അദ്ദേഹത്തിന്റെ ചുറ്റും കൂടുകയും കയ്യിലെന്താണെന്നു പറയാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. 

ഒരിക്കൽ രണ്ടു കുട്ടികൾ ഗുരുവനിനെ ഒന്നു പറ്റിക്കാൻ തീരുമാനിച്ചു. അതിനായി അവർ ഒരു പദ്ധതിയും തയാറാക്കി. അവരുടെ പദ്ധതി ഇതായിരുന്നു. ഗുരു അടുത്ത തവണ വരുമ്പോൾ ഒരു കുഞ്ഞുകിളിയെ കയ്യിൽ ഒളിപ്പിച്ചു വയ്ക്കുക. കിളിക്കു ജീവനുണ്ടോ ഇല്ലയോ എന്നു ഗുരുവിനോട് ചോദിക്കാം. ‌ചത്തതാണു ഗുരു പറയുകയാണെങ്കിൽ കിളിയെ പറത്തി വിടാം. ജീവനുണ്ടെന്നു പറഞ്ഞാൽ‌ അതിനെ കയ്യിൽ ഞെരുക്കി കൊല്ലാം. അങ്ങനെ ഗുരു പറയുന്നത് തെറ്റിക്കാം.

അടുത്ത തവണ ഗുരു ഗ്രാമത്തിലെത്തിയപ്പോൾ അവർ കയ്യിലൊളിപ്പിച്ച കിളി കുഞ്ഞുമായി മുന്നിലെത്തി. എന്നിട്ട് അദ്ദേഹത്തോട് ചോദിച്ചു. “ഗുരോ ഞങ്ങളുടെ കയ്യിലുള്ള കിളിയ്ക്കു ജീവനുണ്ടോ?”. അതിന് ചിരിച്ചുകൊണ്ട് ഗുരു അവരോട് പറഞ്ഞു;  “നിങ്ങളുടെ കയ്യിലുള്ള കിളിയുടെ ജീവിതവും മരണവും നിങ്ങളുടെ കൈകളിലാണ്. അത് ജീവിക്കണോ മരിക്കണമോ എന്നു നിങ്ങൾക്കു തീരുമാനിക്കാം.” 

സുഹൃത്തുക്കളെ ഇതു പോലെയാണു നമ്മുടെ തിരഞ്ഞെടുപ്പുകൾ. അവ നമ്മുടെ നമ്മുടെ തീരുമാനങ്ങളാണ്. നമ്മൾ ആരുമാവട്ടെ, എന്തുമാകട്ടേ. നമ്മുടെ ജീവിതത്തിലുണ്ടാവുന്ന ഏതു മാറ്റങ്ങളും വിജയങ്ങളും നമ്മുടെ കൈകൾക്കുള്ളിലുണ്ട്. അതുകൊണ്ട് ജീവിതത്തിൽ അവനവന്റെ ഉത്തരവാദിത്തം  ഏറ്റെടുക്കാൻ തയാറാവുക. കൃത്യമായി തിരഞ്ഞെുപ്പുകൾ നടത്തി വിജയങ്ങൾ വരിക്കുക. 

MORE IN MOTIVATION