കോഹ്‍ലിപ്പടയെ വെല്ലുന്ന ജയത്തോടെ വനിതകൾ; മന്ഥനയ്ക്കു സെഞ്ചുറി

നേപ്പിയർ∙ ബോളിങ്ങിലും ബാറ്റിങ്ങിലും സമ്പൂർണ ആധിപത്യം പുലർത്തിയ പ്രകടനത്തോടെ ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് തകർപ്പൻ വിജയം. ഉജ്വല സെഞ്ചുറിയുമായി പടനയിച്ച ഓപ്പണർ സ്മൃതി മന്ഥനയാണ് ഇന്ത്യയ്ക്ക് ഉജ്വല വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയർ 48.4 ഓവറിൽ 192 റൺസിന് പുറത്തായപ്പോൾ, 33 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ഇന്ത്യയുടെ പുരുഷ ടീമും ആദ്യ ഏകദിനം ജയിച്ച് ലീഡെടുത്തതിനു പിറ്റേന്നാണ് വനിതാ ടീമിന്റെ തകർപ്പൻ പ്രകടനം.

ഏകദിനത്തിലെ നാലാം സെഞ്ചുറി കുറിച്ച സ്മൃതി, 105 റൺസെടുത്ത് വിജയത്തിനു തൊട്ടരികെ പുറത്തായി. 104 പന്തിൽ ഒൻപതു ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് സ്മൃതി 105 റൺസെടുത്തത്. ഓപ്പണിങ് പങ്കാളിയായ ജമൈമ റോഡ്രിഗസ് 81 റൺസുമായി പുറത്താകാതെ നിന്നു. 94 പന്തിൽ ഒൻപതു ബൗണ്ടറികൾ സഹിതമാണ് ജമൈമ 81 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ മന്ഥന–റോഡ്രിഗസ് സഖ്യം 190 റൺസ് കൂട്ടിച്ചേർത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിനെ മൂന്നു വിക്കറ്റ് വീതം പിഴുത ഏക്താ ബിഷ്ത്, പൂനം യാദവ് എന്നിവർ ചേർന്നാണ് താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. വിക്കറ്റ് നഷ്ടം കൂടാതെ 61 റൺസ് എന്ന നിലയിലായിരുന്ന ന്യൂസീലൻഡിന്, 131 റൺസ് ചേർക്കുന്നതിനിടെയാണ് 10 വിക്കറ്റും നഷ്ടമായത്. ഏക്ത ഒൻപത് ഓവറിൽ 32 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. പൂനം 10 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് സ്വന്തമാക്കി. ദീപ്തി ശർമ രണ്ടും ശിഖ പാണ്ഡെ ഒരു വിക്കറ്റും വീഴ്ത്തി.

36 റൺസെടുത്ത ഓപ്പണർ സൂസി ബെയ്റ്റ്സാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. സോഫി ഡിവൈൻ (28), ആമി സാറ്റെർത്‌വൈറ്റ് (31), അമേലിയ കേർ (28), ഹന്ന റോവ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.