ഇന്ത്യയോടുള്ള കലിപ്പ് അയൽക്കാരോടു തീർത്തു; ലങ്കയ്ക്കെതിരെ ഓസീസിന് ഇന്നിങ്സ് ജയം

ബ്രിസ്ബേൻ‍ ∙ ഇന്ത്യയോടു തോറ്റതിന്റെ ദേഷ്യം ഓസ്ട്രേലിയ അയൽക്കാരായ ലങ്കയോടു കാണിച്ചു. ഫലം, ഇരുടീമുകളും തമ്മിലുള്ള ആദ്യ ഡേ–നൈറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ഇന്നിങ്സ് ജയം. ഓസ്ട്രേലിയയ്ക്കെതിരെ 179 റൺസ് ഒന്നാം ഇന്നിങ്സ് കടവുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക, 139 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ, രണ്ടു ദിവസത്തെ കളി ബാക്കിനിൽക്കെ ഓസീസ് വിജയം ഇന്നിങ്സിനും 40 റൺസിനും. ഇതോടെ രണ്ടു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ 1–0ന് മുന്നിലെത്തി. അവസാന ടെസ്റ്റ് ഫെബ്രുവരി ഒന്നുമുതൽ കാൻബറയിൽ നടക്കും.

സ്കോർ: ശ്രീലങ്ക – 144 & 139, ഓസ്ട്രേലിയ 323.

രണ്ടാം ഇന്നിങ്സിൽ 15 ഓവറിൽ 23 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത പാറ്റ് കമ്മിൻസിന്റെ പ്രകടനമാണ് ഓസീസിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സിൽ 14.4 ഓവറിൽ 39 റൺസ് വഴങ്ങി കമ്മിൻസ് നാലു വിക്കറ്റെടുത്തിരുന്നു. മൽസരത്തിലാകെ 10 വിക്കറ്റ് വീഴ്ത്തിയ കമ്മിൻസാണ് കളിയിലെ കേമൻ. ടെസ്റ്റിൽ കമ്മിൻസിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്.

179 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കൻ നിരയിൽ രണ്ടക്കം കടന്നത് നാലു പേർ മാത്രം. 32 റൺസെടുത്ത ഓപ്പണർ ലഹിരു തിരിമാന്നെയാണ് അവരുടെ ടോപ് സ്കോറർ. ധനഞ്ജയ ഡിസിൽവ (14), നിരോഷൻ ഡിക്ക്‌വല്ല (24), സുരംഗ ലക്മൽ (24) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. ദിമുത് കരുണരത്‌നെ (മൂന്ന്), ദിനേഷ് ചണ്ഡിമൽ (പൂജ്യം), കുശാൽ മെന്‍ഡിസ് (ഒന്ന്), റോഷൽ സിൽവ (മൂന്ന്), ദിൽറുവാൻ പെരേര (ഒൻപത്) എന്നിവർ നിരാശപ്പെടുത്തി. പരുക്കേറ്റ ലഹിരു കുമാര ബാറ്റിങ്ങിന് ഇറങ്ങിയില്ല.