ജിമ്മിയുടെ ഓർമകളിൽ നൈന

കളിക്കളത്തിനു പുറത്ത് ജിമ്മി ജോർജിന്റെ മികവിനെക്കുറിച്ച് മുൻ സഹതാരം

കൊച്ചി ∙ ദേശീയ വനിത വോളിബോൾ കിരീടം നേടിയ കേരള ടീമിനെ ആദരിക്കാനായി മലയാള മനോരമ ഒരുക്കിയ വേദിയിൽ നിറഞ്ഞത് വോളിബോളിൽ കേരളത്തിന്റെ ലോക താരമായിരുന്ന ജിമ്മി ജോർജിന്റെ അസാധാരണ ഓർമ്മകൾ. ജിമ്മിക്കൊപ്പം കളിച്ചിരുന്ന മുൻ രാജ്യാന്തര താരവും എറണാകുളം ജില്ല വോളിബോൾ അസോസിയേഷൻ പ്രസിഡന്റുമായ മൊയ്തീൻ നൈന ആണ് കളിക്കപ്പുറമുള്ള ജിമ്മിയുടെ വ്യക്തിത്വവും മികവുകളും വരച്ചിടുന്ന ഓർമ്മകൾ പങ്കുവച്ചത്. തന്റെ അകാലത്തിനുള്ള വിയോഗം പോലും മുൻകൂട്ടി മനസിലാക്കിയിരുന്ന ആളായിരുന്നു ജിമ്മിയെന്നു നൈന പറഞ്ഞു.

‘പാരസൈക്കോളജി പോലുള്ള വിഷയങ്ങളിലും അദ്ദേഹത്തിനു നല്ല ധാരണയുണ്ടായിരുന്നു. തനിക്ക് അധികം ആയുസില്ലെന്നും കളിക്കിടെ വീണു മരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചെസ് ബോർഡിന് മുഖം തിരിഞ്ഞിരുന്ന് മറ്റൊരാൾ പറഞ്ഞു കൊടുക്കുന്ന നീക്കങ്ങൾ മാത്രം മനസിലാക്കി ചെസ് കളിക്കുന്നതായിരുന്നു മറ്റൊരു ഹരം. ഇറ്റലിയിൽ പ്രഫഷനൽ വോളിബോൾ കളിക്കാനായി പോയ ശേഷം കേരളത്തിലേക്കു മടങ്ങിയെത്തി കേരള പൊലീസിനു വേണ്ടി വീണ്ടും കളിച്ച ഒന്നര വർഷക്കാലമാണ് അദ്ദേഹത്തോടൊപ്പം കളിക്കാനും അടുത്തറിയാനും അവസരം ലഭിച്ചത്.

1984 തലശേരിയിൽ സംസ്ഥാന ചാംപ്യൻഷിപ്പ് ക്യാംപിൽ എസ്ഐ ആയി സർവീസിൽ കയറിയ തന്നെ ഡിവൈഎസ്പി ആയിരുന്ന അദ്ദേഹം റൂംമേറ്റാക്കി. സീനിയർ താരത്തിനൊപ്പം കഴിയുന്നതിന്റെ ആശങ്കകൾ തനിക്കുണ്ടെന്ന് അദ്ദേഹം മനസിലാക്കുകയും ചോദിക്കുകയും ചെയ്തു. കുളിമുറിയിലേക്കു കയറുമ്പോൾ കുളി കഴിഞ്ഞെത്തുന്നതിനകം എന്നോട് 100 വാക്കുകൾ എഴുതി വയ്ക്കാൻ നിർദേശിച്ചു. കുളി കഴിഞ്ഞെത്തിയപ്പോൾ എന്നെക്കൊണ്ട് 100 വാക്കുകളും വായിപ്പിച്ചു. അതു കഴിഞ്ഞതും ആ ക്രമത്തിൽ തന്നെ ആ 100 വാക്കുകളും അദ്ദേഹം പറഞ്ഞു തന്നു. പിന്നീട് 100–ാം വാക്കുതൊട്ട് തിരിച്ചും ഓർമിച്ചെടുത്തു.

തന്റെ അസാധാരണ ഓർമശക്തി വെളിപ്പെടുത്താൻ ആയിരുന്നില്ല, എന്റെ ആശങ്ക മാറ്റി സൗഹൃദത്തിലെത്താനായിരുന്നു ഈ ഓർമ പരീക്ഷ. ആരോടും മുഷിയാത്ത, എല്ലാവരോടും സഹതാപത്തോടും സ്നേഹത്തോടും മാത്രം പെരുമാറാൻ അറിയാവുന്ന വ്യക്തിയായിരുന്നു.  വലിയ താരമായിരിക്കെ തന്നെ ട്രെയിനിൽ ജനറൽ കംപാർട്ട്മെന്റിൽ അദ്ദേഹം ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നതിന് സാക്ഷിയായിട്ടുണ്ട്. അന്ന് ട്രെയിൻ യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ ചെറിയ ബാഗ് കവർന്ന ഭിക്ഷാടകനെ ഞങ്ങൾ കയ്യോടെ പിടിച്ചുകൊണ്ടു വന്നപ്പോൾ അയാളോട് ദേഷ്യപ്പെടരുതെന്നു പറഞ്ഞ് 50 രൂപ നൽകി ഉപദേശിച്ചു വിടുകയായിരുന്നു ജിമ്മി ചെയ്തത്’- മൊയ്തീൻ നൈന അനുസ്മരിച്ചു.