ബ്രോക്‌ളി മരത്തിന്റെ കഥ; ഒപ്പം ഫോട്ടോ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യുന്നവർക്കൊരു പാഠവും

മനുഷ്യ മനസ്സില്‍ എന്തൊക്കെയാണു നടക്കുന്നതെന്ന് ആര്‍ക്കറിയാം? അലിവും കരുണയും സ്‌നേഹവും ഉണ്ടാകുന്നതു പോലെ തന്നെ കാരണമില്ലാത്ത ക്രൗര്യവും അസൂയയും ദുഷ്ചിന്തകളും ഉണരുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ മരങ്ങളില്‍ ഒന്നാവുകയായിരുന്നു സ്വീഡനിലെ ബ്രോക്‌ളി (broccoli) ട്രീ. അതിന്റെ കദന കഥ മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കു വിരല്‍ ചൂണ്ടുന്നു. ഒപ്പം, പ്രിയപ്പെട്ടവയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പതിപ്പിക്കുന്ന പ്രവണതയുടെ അപകടങ്ങളെ കുറിച്ചും.

മറ്റൊന്നു കൂടെ പറയട്ടെ. ഫൊട്ടോഗ്രഫി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു നല്‍കുന്ന ഒരു ഉപദേശമുണ്ട്- ഒരു മരത്തിന്റെയോ ചരിത്ര സ്മാരകത്തിന്റെയോ ചിത്രങ്ങള്‍ പല സമയത്തും ഋതുക്കളിലുമൊക്കെയായി പകര്‍ത്തുക എന്നതാണ് അത്. ഈ ഉപദേശത്തിന്റെ ഗുണവശങ്ങളെയും ഈ കഥ കാണിച്ചു തരുന്നു.

2013 മേയിലാണ് സ്വീഡിഷ് ഫൊട്ടോഗ്രഫര്‍ പാട്രിക് സ്വെഡ്‌ബെര്‍ഗ് ഒരു വലിയ ബ്രോക്‌ളിയുടെ (കോളിഫ്ളവര്‍ പോലെയൊരു പച്ചക്കറി) രൂപസാദൃശ്യം തോന്നിപ്പിച്ച മരം (മരക്കൂട്ടം?) കണ്ടത്. തന്റെ ഐഫോണില്‍ അതിന്റെ ചിത്രമെടുത്ത് സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റു ചെയ്തു. അത് അത്ര നല്ല ഫോട്ടോ ഒന്നുമായിരുന്നില്ല. ക്യാമറയുടെ ലെന്‍സില്‍ പറ്റിയിരുന്ന അഴുക്കു പോലും ഫോട്ടോയില്‍ വ്യക്തമായി കാണാം. എന്നാലും, അതിന് 43 ലൈക്കുകളും കിട്ടി. വരും ദിവസങ്ങളും ആഴ്ചകളിലും വര്‍ഷങ്ങളിലുമായി അദ്ദേഹം ഈ മരത്തിന്റെ ഫോട്ടോ, മഴക്കാലത്തും വേനല്‍ക്കാലത്തും മഞ്ഞു കാലത്തും, പല ഋതുക്കളിലുമായി പോസ്റ്റു ചെയ്തു. ഈ ഫോട്ടോകള്‍ മരത്തെ മാത്രമല്ല, അതിനു ചുറ്റുമുള്ള ജീവിതത്തെയും പകര്‍ത്തുന്നവയായിരുന്നു. അധികകാലം വേണ്ടിവന്നില്ല, മരത്തിനു സ്വന്തമായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാവാന്‍-@thebroccolitree. 2014ല്‍ ആണ് ഇതു തുടങ്ങിയത്.

ലൈക്കുകളുടെയും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെയും എണ്ണം കൂടി. മരം പ്രശസ്തമായിത്തുടങ്ങി. 2015ല്‍ ബ്രൊക്‌ളി മരത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും ഫൊട്ടോഗ്രഫര്‍ നടത്തി. (ഫൊട്ടോഗ്രഫറുടെ ചിത്രങ്ങളുടെ നിലവാരം ഉയരുന്നതും ഈ കാലത്തെ ചിത്രങ്ങള്‍ നോക്കിയാല്‍ കാണാം. ഇത് എല്ലാ ഫൊട്ടോഗ്രഫര്‍മാര്‍ക്കുമുള്ള ഒരു നല്ല പാഠമാണ്.)

എന്തായാലും, തുടര്‍ന്ന് ബ്രോക്‌ളി മരത്തിന്റെ കലണ്ടര്‍ ഇറങ്ങി. ലോകം മുഴുവനും നിന്നുള്ള ആളുകള്‍ ബ്രോക്‌ളി മരത്തിന്റെ ചിത്രങ്ങളുടെ പ്രിന്റുകള്‍ വാങ്ങി. 2016ല്‍ ബ്രോക്‌ളി ട്രീ പ്രോജക്ട് വന്‍ വിജയമായി. സമൂഹമാധ്യമങ്ങളുടെ ശക്തി മൂലം മരം അത്രമേല്‍ പ്രശസ്തമായി. ആളുകള്‍ മരത്തിനടുത്തേക്ക് ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എന്നപോലെ ഒഴുകിയെത്തി. മരത്തിനു മുന്നില്‍ നിന്നു ഫോട്ടോ എടുക്കുന്നവരെയും സെല്‍ഫിയെടുക്കുന്നവരെയും കാണാനായി. സ്വീഡനില്‍ ഗൂഗിള്‍ മാപ്‌സില്‍ ദി ബ്രോക്‌ളി ട്രീ എന്നു ടൈപ്പു ചെയ്താല്‍ അത് അപ്പോള്‍ തന്നെ മരം നില്‍ക്കുന്ന സ്ഥലത്ത് പിന്‍ കുത്തും.

ഇന്‍സ്റ്റഗ്രാമില്‍ 254 പോസ്റ്റുകള്‍ നടത്തിയ സ്വെഡ്‌ബെര്‍ഗിന് 27,000ല്‍ അധികം ഫോളോവേഴ്‌സിനെ കിട്ടി. അങ്ങനെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ ഏറ്റവും പ്രശസ്തമായ മരത്തിന്റെ ഫൊട്ടോഗ്രഫര്‍ എന്ന ഖ്യാതിയും അദ്ദേഹത്തിനു കിട്ടി.

എന്നാല്‍, 2017 സെപ്റ്റംബര്‍ 27 ന് രാവിലെ പതിവുപോലെ മരത്തിന്റെ ഫോട്ടോ എടുക്കാന്‍ അദ്ദേഹം ചെന്നപ്പോള്‍ ഒരു തടിക്ക് അസ്വാഭാവികമായ സ്ഥാന ചലനം വന്നിരിക്കുന്നതായി അദ്ദേഹത്തിനു തോന്നി. അടുത്തു ചെന്നു നോക്കിയപ്പോള്‍ അത് ആരോ ഈര്‍ച്ച വാളിന് വരഞ്ഞു നിറുത്തിയിരിക്കുന്നതായി കണ്ടു. ഹൃദയം തകര്‍ന്ന ഫൊട്ടോഗ്രഫര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു- You absolutely cannot un-saw a tree (നിങ്ങള്‍ക്ക് ഒരിക്കലും മരത്തിന്റെ വാള്‍പ്പാടുണക്കാനാവില്ല, എന്നു വികലമായി തര്‍ജ്ജമ ചെയ്യാം.) അദ്ദേഹത്തിന്റെ വിലയിരുത്തല്‍ ശരിയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ മരം നശിച്ചു.

എന്തായിരിക്കാം ഇവിടെ സംഭവിച്ചത്? ഒന്നോ ഒന്നിലേറെയോ ആളുകളുടെ അസൂയ? മനുഷ്യര്‍ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുമെന്നതാണ് ചരിത്രം പറയുന്നത്. ഇതാദ്യമായല്ല പ്രശസ്തമായ മരങ്ങള്‍ നശിപ്പിക്കപ്പെടുന്നത്. പ്രശസ്തി കിട്ടിയ പല മരങ്ങളും ഇതു പോലെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ലോകത്തെ ഏറ്റവും പ്രായം കൂടിയ മരം എവിടെ നില്‍ക്കുന്നു എന്നതിനെപ്പറ്റി കൂടുതല്‍ വിവരം പുറത്തു വിടാത്തതതും - 5,000 വര്‍ഷം പഴക്കമുള്ള ആ പൈന്‍ മരം കലിഫോര്‍ണിയയില്‍ എവിടെയോ ആണെന്നു മാത്രമേ പറയുന്നുള്ളു.

എന്താണ് ബ്രോക്‌ളി മരത്തിനു സംഭവിച്ചത് എന്നതിനെപ്പറ്റിയുള്ള വിധിയെഴുത്ത് മറ്റുള്ളവര്‍ക്കു വിട്ടു കൊടുത്തുകൊടുത്ത് സ്വെഡ്‌ബെര്‍ഗ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇങ്ങനെ പ്രശസ്തി കിട്ടുന്നവയൊക്കെ നശിപ്പിക്കപ്പെട്ടേക്കാം എന്നാണ് ഒരു നിരീക്ഷണം. ഇന്ന് വളരെ പെട്ടെന്നു തന്നെ എന്തും ഷെയർ ചെയ്യപ്പെടാം. എല്ലവാര്‍ക്കും എങ്ങനെയെങ്കിലും പ്രശസ്തരായാല്‍ മതി, ഒരു മരം മുറിച്ചിട്ടാണെങ്കില്‍ പോലും എന്നാണ് ബ്രോക്‌ളി മരത്തെപ്പറ്റിയുള്ള വിഡിയോ നിര്‍മിച്ചയാള്‍ പറയുന്നത്.