കേവലം 10,000 രൂപയ്ക്ക് മൊബൈൽ എസ്എൽആർ; ഓണർ 6X ക്യാമറ റിവ്യൂ

മൊബൈൽ ക്യാമറ കൊണ്ട് ലൈറ്റ് പെയിന്റ് ചെയ്യാമോ? അതെ എന്നു പറയാം, ഓണറിന്റെ സിക്സ് എക്സ് കയ്യിലുണ്ടെങ്കിൽ. എസ്എൽആർ ക്യാമറകളെ  മറന്നേക്കൂ എന്നു പറയുന്നത് അൽപം അതിശയോക്തിയാണെങ്കിലും ഓണറിന്റെ 6x ന്റെ ക്യാമറ കൊണ്ട് അൽപം എസ്‌എൽആർ വിദ്യകളൊക്കെ പയറ്റാം. പതിനായിരം രൂപയ്ക്ക് കിട്ടുന്ന ഫോണുകളിൽ കിടിലൻ ക്യാമറ പെർഫോമൻസാണ് ഈ ഫോണിന്റെ പ്രത്യേകതകളിലൊന്ന്.

ലൈറ്റ് പെയിന്റിങോ! ഫോൺ ഉപയോഗിച്ചോ?

കൂരിരുട്ടിൽ അന്തരീക്ഷത്തിൽ ഒരു ചെറിയ പ്രകാശസ്രോതസ് (കത്തിത്തീരാനായ ഒരു തീപ്പെട്ടിക്കൊള്ളിയെ മനസ്സിൽ ധ്യാനിച്ചോളൂ) കൊണ്ട് കുത്തിവരയ്ക്കുമ്പോൾ ആ ലൈറ്റിന്റെ പാത മുഴുവൻ ക്യാമറയുടെ സെൻസർ ഒപ്പിയെടുക്കുന്നതിനെ ലൈറ്റ് പെയിന്റിങ് എന്നു ലളിതമാക്കി പറയാം. ക്യാമറയുടെ ഷട്ടർ ദീർഘനേരം തുറന്നുപിടിച്ചാൽ ഇത്തരം ചിത്രങ്ങൾ കിട്ടും. സിക്സ് എക്സിൽ ലൈറ്റ് പെയിന്റിങ്ങിനായി പ്രത്യേകം സെറ്റിങ്സ് ഉണ്ട്.  ഫോൺ നല്ലൊരു ട്രൈപ്പോഡിൽ വയ്ക്കുക. ശേഷം ലൈറ്റ് പെയിന്റിങ് എന്ന മോഡ് തിരഞ്ഞെടുത്ത് ക്യാമറയ്ക്കു മുന്നിൽ നിങ്ങൾക്കിഷ്ടപ്പെട്ട കാര്യങ്ങൾ വരയ്ക്കുകയോ എഴുതുകയോ ചെയ്യുക. താഴെയുള്ള ചിത്രം അത്തരത്തിലെടുത്തതാണ്.

മെനുവിലെ മറ്റ് ഐറ്റങ്ങൾ എന്തൊക്കെ?

നൈറ്റ് മോഡ്

രാത്രിയിൽ എച്ച്ഡിആർ ഫീൽ നൽകുന്നതാണ് നൈറ്റ് ഷോട്ട്. ക്യാമറ കൂടുതൽ നേരം തുറന്നുവച്ചശേഷം പല എക്സ്പോഷറിലെ പടമെടുത്ത് ഒന്നിച്ചാക്കിത്തരുന്ന രീതി. NIGHT MODE CAR എന്ന പടത്തിൽ ചക്രത്തിന്റെയും പ്രകാശം പതിയാത്ത ബോഡിയിലെയും ഡീറ്റയിൽസ് ഇങ്ങനെയാണു ലഭിച്ചത്.

പ്രോ ഫോട്ടോ- ഈ മോഡ് ഉപയോഗിച്ചാൽ ക്യാമറയുടെ ഷട്ടർ സ്പീഡ്, ഐഎസ്ഒ, വൈറ്റ് ബാലൻസ് എന്നിവ നിയന്ത്രിക്കാം.

പ്രോ വിഡിയോ- വിഡിയോ എടുക്കുമ്പോൾ മാന്വൽ നിയന്ത്രണങ്ങൾ ലഭ്യമാക്കാനുള്ള മോഡ്. ഇവ കൂടാതെ പനോരമ, ടൈം ലാപ്സ് (ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു പ്രവൃത്തിയുടെ പല പടങ്ങൾ എടുത്ത് വിഡിയോ പോലെ ചേർത്തു കാണിക്കാനുള്ള വിദ്യ), ഗുഡ് ഫുഡ് (അൽപ്പം ക്ലോസ് അപ്പ് ആയി ഫോട്ടോ എടുക്കാനുള്ളത്) എന്നിവയുമുണ്ട്. 

മാന്വൽ മോഡിൽ പ്രകടനമെങ്ങനെ?

ഐഎസ്ഒ ക്യാമറയുടെ സെൻസിറ്റിവിറ്റിയെ മാറ്റാനുള്ള വിദ്യയാണെന്നറിയാമല്ലോ. ഐഎസ്ഒ കൂടുംതോറും ഫ്രെയിമിനു തെളിച്ചം വരും. എന്നാൽ ചിത്രത്തിൽ നോയ്സ് കൂടും എന്നതാണു ദോഷം. ഓണർ എക്സ് സിക്സിൽ എടുത്ത ഐഎസ്ഒ 100 ചിത്രം നോക്കുക. നോയ്സ് കുറവാണെന്നു കാണാം.

രാത്രി 7.48 ന് ഷട്ടർ തുറന്നുവച്ച് എടുത്ത രാത്രിയെ പകലാക്കി എടുക്കണമെങ്കിലും മാന്വൽ മോഡ് ഉപയോഗിക്കാം. 

ഐഎസ്ഒ 3200 വരെ കൂട്ടിയപ്പോൾ കിട്ടിയ ചെടിയുടെ പടം. 

മാന്വൽ മോഡിൽ ലെൻസിന്റെ ഫോക്കസിങ് വരെ നമുക്കു നിയന്ത്രിക്കാം. 

അതേ കളിക്കോപ്പിന്റെ മികച്ച പടമാണ് നൈറ്റ്മോഡിൽ കിട്ടിയത്. ഏതാണ്ട് എച്ച്ഡിആർ (ഹൈ ഡൈനാമിക് റേഞ്ച് പടങ്ങൾ.) ഫീലുണ്ട് ഈ മോഡിന്. ട്രൈപോഡിൽ വച്ചെടുക്കണം എന്നുമാത്രം.

ഇതേ നൈറ്റ് മോഡിൽ എടുത്ത ലാൻഡ്സ്കേപ്. (Night mode).

രണ്ടു ക്യാമറാലെൻസുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഓണർ സിക്സ് എക്സിൽ അപ്പേർച്ചർ നിയന്ത്രണമാണ് മറ്റൊരു രസകരമായ സംഗതി. ക്യാമറ മെനുവിൽ ഇടതുവശത്ത് മൂന്നാമത്തെ ചിഹ്നം അപേച്ചർ കൺട്രോളിങ്ങിനുള്ളതാണ്. ഇത് ആക്ടിവേറ്റ് ചെയ്ത് ഒരു പടമെടുത്ത ശേഷം ഗ്യാലറിയിൽ പോയി അതേ ചിത്രത്തിലെ ഡെപ്ത് ഓഫ് ഫീൽഡ് മാറ്റാം. (ഫ്രെയിമിൽ എത്ര വ്യക്തമായി എല്ലാം പതിഞ്ഞിട്ടുണ്ട് എന്നതിനെ സൂചിപ്പിക്കാനാണ് ഡെപ്ത് ഓഫ് ഫീൽഡ്. അപേച്ചർ ഏറ്റവും തുറന്നിരിക്കുമ്പോൾ ഡെപ്ത് ഓഫ് ഫീൽഡ് കുറയും. അപ്പോൾ ക്യാമറയ്ക്കു മുന്നിലെ ഒരു വസ്തു മാത്രം ഫ്രെയിമിൽ ഷാർപ് ആയിവരും.)

ഐഎസ്ഒ ൫൦ ൽ സെറ്റ് ചെയ്തും പടമെടുക്കാം. 

സ്ക്രീനിലെ ചലനങ്ങൾ ഒപ്പിയെടുക്കാൻ മറ്റൊരു ആപ് ഇൻസ്റ്റാൾ ചെയ്യേണ്ട കാര്യമില്ല എന്നതു ശ്രദ്ധേയമാണ്. വോള്യം പ്ലസ് ബട്ടണും പവർ ബട്ടണും അമർത്തിയാൽ സ്ക്രീനിൽ നടക്കുന്നതെന്തും എംപിഫോർ ഫോർമാറ്റിൽ പകർത്താം.

പ്രൈമറി ക്യാമറ പന്ത്രണ്ട് എംപിയുടെയും രണ്ട് എംപിയുടേതുമാണ്. 

ചുരുക്കത്തിൽ ഓണർ 6x ൽ അറിഞ്ഞുകളിച്ചാൽ മതി നിങ്ങൾക്കൊരു മികച്ച ക്യാമറ സ്വന്തം.