ഫെയ്സ്ബുക്കിലെ ഫോട്ടോ കള്ളൻമാരെ പിടിക്കാൻ പിക്സി, പെട്ടെന്ന് കണ്ടെത്താം

കേരളത്തിലെ ഫൊട്ടോഗ്രഫർ സ്വന്തം ഫെയ്സ്ബുക്കിലിടുന്ന ഫോട്ടോകൾ ന്യൂയോർക്കിലെ വെബ്സൈറ്റിൽ ഉപയോഗിച്ചാൽ എന്തു ചെയ്യും? ന്യൂയോർക്കിലെ എന്നല്ല, നമ്മുടെ ഫോട്ടോകൾ ലോകത്ത് ആരെങ്കിലും നമ്മൾ അറിയാതെ ഉപയോഗിച്ചാൽ അറിയാൻ നിലവിൽ ഒരു വഴിയുമില്ല.

ഇനി ആരെങ്കിലും പറഞ്ഞറിയിച്ചാലോ ന്യൂയോർക്കിലെ മോഷ്ടാവിനെക്കൊണ്ട് ചിത്രം നീക്കാനും അയാളിൽ നിന്നു നഷ്ടപരിഹാരം വാങ്ങാനൊക്കെ വലിയ കഷ്ടപ്പാടാണ്. പ്രൊഫഷനൽ ഫൊട്ടോഗ്രഫർമാരുടെ ചിത്രങ്ങൾ അവരറിയാതെ ഇന്റർനെറ്റിൽ ഉപയോഗിക്കുന്നത് കണ്ടെത്താനും മോഷ്ടാക്കളെ പിടികൂടാനും നഷ്ടപരിഹാരം വാങ്ങാനും സഹായിക്കുകയാണ് പിക്സി എന്ന വെബ്സൈറ്റ്. പ്രമുഖ ഫൊട്ടോ ഷെയറിങ് വെബ്സൈറ്റുകളുമായി സഹകരിക്കുന്ന പിക്സി വെബ്സൈറ്റുകളിൽ നമ്മുടെ ഫോട്ടോ ആരെങ്കിലും അപ്‍ലോഡ് ചെയ്താൽ നമ്മെ വിവരം അറിയിക്കും. ഫൊട്ടോഗ്രഫർമാർക്ക് പകർപ്പവകാശ സംരക്ഷണത്തിന് വലിയ സഹായമാണ് പിക്സി വാഗ്ദാനം ചെയ്യുന്നത്.

ട്രാക്ക് ചെയ്യേണ്ട ചിത്രങ്ങൾ പിക്സിയിൽ അപ്‍ലോഡ് ചെയ്താൽ മതി. ആ ചിത്രങ്ങൾ ഇന്റർനെറ്റിൽ എവിടെയെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നു പിക്സി സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കും. അങ്ങനെ പ്രത്യക്ഷപ്പെട്ടാൽ അപ്പോൾ നിങ്ങളെ വിവരമറിയിക്കും. അതു പകർപ്പവകാശലംഘനമാണെന്നു തോന്നുന്നെങ്കിൽ തുടർനടപടികളും പിക്സിയെ ഏൽപിക്കാം. ആ വെബ്സൈറ്റിൽ നിന്നും ചിത്രം നീക്കുന്നതു മുതൽ നഷ്ടപരിഹാരം വാങ്ങുന്നതുവരെയുള്ള കാര്യങ്ങൾ പിക്സി ചെയ്യും. എത്ര രൂപ നഷ്ടപരിഹാരം ലഭിച്ചാലും അതിന്റെ പകുതി പിക്സി എടുക്കും. നിയമനടപടികൾക്കായി ചിലവാകുന്ന പണവും നടപടിക്രമങ്ങളുടെ പ്രതിഫലവും എല്ലാം ഉൾപ്പെടെയുത്തിയാണ് നഷ്ടപരിഹാരത്തുകയുടെ പകുതി പിക്സി ഈടാക്കുന്നത്. നിങ്ങൾ വെറുതെ ഇരുന്നാൽ മാത്രം മതി, പണം അക്കൗണ്ടിലെത്തിക്കൊള്ളും.

ഇതിനോടകം അനേകം ഫൊട്ടോഗ്രഫർമാർ പിക്സിയുടെ സേവനം പ്രയോജനപ്പെടുത്തി മോഷ്ടിക്കപ്പെട്ട ചിത്രങ്ങൾ നീക്കം ചെയ്യുകയും വലിയ തുക നഷ്പരിഹാരമായി നേടുകയും ചെയ്തു കഴിഞ്ഞു. 500 ഫോട്ടോകൾ വരെ ട്രാക്ക് ചെയ്യാൻ പിക്സിയുടെ സേവനം സൗജന്യമാണ്. അതിനു മുകളിലേക്ക് വിവിധ നിരക്കിലാണ് സേവനങ്ങൾ. കൂടുതൽ വിരങ്ങൾക്ക്: www.pixsy.com