സ്മാർട് ഫോൺ ചിത്രത്തിൽ ‘തട്ടിപ്പ്’: സ്വയം പരിഹാസ്യരായി വാവെയ്

ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച ഫോണ്‍ ക്യാമറകളിലൊന്ന് വാവെയുടെ P20 പ്രോയുടെതാണ്. ലൈക്കയും വാവെയും സംയുക്തമായി നിര്‍മിച്ച ഈ ക്യാമറയ്ക്ക് റിവ്യൂകളിലും DXOമാര്‍ക്കിലും പ്രശംസ തന്നെയാണു കിട്ടിയിരിക്കുന്നത്. അതാകട്ടെ, ആരുടെയും ഔദാര്യവുമല്ല. ലോകത്ത് ആദ്യമായി ഫോണില്‍ മൂന്നു പിന്‍ ക്യാമറകള്‍ പിടിപ്പിച്ചതിന്റെ കീര്‍ത്തിയും അവര്‍ക്കു തന്നെയാണ്. എന്നിട്ടും അവര്‍ ഈ തറ പരിപാടിക്കു പോയത് എന്തിനാണെന്നാണ് ഇപ്പോള്‍ ടെക് അവലോകകര്‍ ചോദിക്കുന്നത്. സംഭവം എന്താണെന്നു നോക്കാം.

അവരുടെ പുതിയ നോവ 3 ഫോണ്‍ മോഡലിന്റെതെന്നു പറഞ്ഞ് വാവെയ് പോസ്റ്റു ചെയ്തിരിക്കുന്ന ചിത്രം ഒരു DSLRല്‍ എടുത്തതാണെന്നാണ് ആരോപണം. ഫോണിന്റെ പരസ്യ ഷൂട്ടിങ് സ്ഥലത്തെ കാഴ്ചകളാണ് വാവെയെ ഒറ്റിയിരിക്കുന്നത്. നോവ 3 ഫോണിനു വേണ്ടി കമ്പനി പുറത്തിറക്കിയ ഈ പരസ്യം ശ്രദ്ധിക്കുക. 

പരസ്യം പാതി വഴിയെത്തുമ്പോള്‍ ദമ്പതികള്‍ സെല്‍ഫി എടുക്കുന്നതു കാണാം. വാവെയ് പറയാന്‍ ശ്രമിക്കുന്നത് അവരുടെ നോവാ 3 ഫോണിലെടുക്കുന്ന സെല്‍ഫികള്‍, മെയ്ക്കപ് ഇട്ടില്ലെങ്കില്‍ പോലും ആളുകളെ സൗന്ദര്യമുള്ളവരായി പകര്‍ത്തുമെന്നാണ്. വാവെയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ക്യാമറാ ടെക്‌നോളജിയും മെയ്ക്കപ് ഇട്ടില്ലെങ്കില്‍ പോലും ആരെയും സുന്ദരനും സുന്ദരിയുമൊക്കെയായി പകര്‍ത്തുമത്രെ. 

എന്നാല്‍ പരസ്യത്തില്‍ അഭിനയിച്ച നടി സേറാ എല്‍ഷാമി ( Sarah Elshamy) ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ചിത്രത്തിന്റെ എക്‌സിഫ് ഡേറ്റയില്‍ നിന്നു മനസിലാകുന്നത് അതൊരു DSLRല്‍ ഒരു പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണെന്നാണ്. സംഭവം വാര്‍ത്തയായതോടെ നടി ചിത്രം നീക്കം ചെയ്തു. 

എന്നാല്‍, വാവെയെ പിന്തുണച്ചും ആളുകള്‍ എത്തിയിട്ടുണ്ട്. ഈ പരസ്യത്തല്‍ ഒരിടത്തും കമ്പനി വിവാദമായ ചിത്രം ഫോണില്‍ തന്നെയാണ് എടുത്തതെന്ന് ആവകാശപ്പെട്ടിട്ടില്ലെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ആന്‍ഡ്രോയിഡ് പൊലീസ് (Android Police) പറയുന്നത് വാവെയ്ക്ക് ഇത്തരം വിവാദം അത്ര പുതിയ കാര്യമൊന്നുമല്ല എന്നാണ്- വാവെയ് P8 ഫോണിന്റെ ബെസല്‍ ഫോട്ടോഷോപ്പില്‍ നീക്കം ചെയ്തു പരസ്യം ചെയ്ത ചരിത്രവും കമ്പനിക്കുണ്ടത്രെ. കൂടാതെ P9 മോഡലില്‍ നിന്ന് എന്നു പറഞ്ഞ് ഗൂഗിള്‍ പ്ലസില്‍ പോസ്റ്റു ചെയ്ത ചിത്രം ക്യാനന്‍ EOS 5D മാര്‍ക്ക് IIIയില്‍ എടുത്തതായിരുന്നുവത്രെ. 

ഇതില്‍ നിന്നുള്ള പാഠം എന്താണെന്നു ചോദിച്ചാല്‍, ഫോണ്‍ ക്യാമറകള്‍ അതിവേഗം മികച്ചതായി തീര്‍ന്നുകൊണ്ടിരിക്കുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, ഇന്നും DSLRകളില്‍ എടുക്കുന്ന ചിത്രങ്ങളെ വെല്ലാന്‍ അവയ്ക്ക് ആവില്ല. അവയുടെ വലിയ സെന്‍സറും വിലപിടിപ്പുള്ള ലെന്‍സുകളും ഇപ്പോഴും സ്മാര്‍ട് ഫോണുകളെ തോല്‍പ്പിക്കും. 

പക്ഷേ, ടെക് അവലോകകര്‍ പറയുന്നത് വാവെയ് അവരുടെ ഫോണിന്റെ ശേഷിയെന്താണ് എന്നതിനെക്കുറിച്ചു പരസ്യം ചെയ്യുന്നതായിരുന്നു ഉചിതമെന്നാണ്. വാവെയുടെ ഇപ്പോഴത്തെ ശേഷി വച്ച് നല്ല ചിത്രമെടുക്കാനുള്ള കഴിവ് അവരുടെ ഫോണിന് കാണേണ്ടതാണ്. ഇത്തരം തരംതാണ കളിയിലൂടെയല്ലാതെയുള്ള ശേഷി കാണിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലെന്നാണ് വാവെയുടെ ആരാധകരും പറയുന്നത്.