കോമഡി വൈല്‍ഡ്‌ലൈഫ് ഫൊട്ടോഗ്രഫി അവാര്‍ഡ് ചിത്രങ്ങള്‍

2018ലെ കോമഡി വൈല്‍ഡ്‌ലൈഫ് ഫോട്ടോ മത്സരത്തിലെ ഫൈനല്‍ റൗണ്ടില്‍ കടന്നവരുടെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. ലോകമെമ്പാടും നിന്നുള്ള ആയിരക്കണക്കിനു ഫോട്ടോഗ്രാഫര്‍മാര്‍ എന്തെങ്കിലും തമാശ തോന്നുന്ന ചിത്രങ്ങള്‍ മത്സരത്തിന് അയയ്ക്കുന്നു. ആയിരക്കണക്കിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് 41 പേരെയാണ് ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കുന്നത്.

ഒരു സെക്കന്‍ഡിന്റെ ചെറിയ അംശത്തിനുള്ളില്‍ ഷട്ടറമര്‍ത്താന്‍ സാധിച്ചാല്‍ മാത്രം പിടിച്ചെടുക്കാന്‍ പറ്റുന്നവയാണ് ഇത്തരം നിമിഷങ്ങള്‍ എന്നതാണ് ഇവയെ ആകര്‍ഷകമാക്കുന്നത്. ഭാഗ്യവും പരിശീലനവും ആധുനിക ക്യാമറകളുടെ മികവുമെല്ലാം ഒത്തു ചേരുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഒന്നാം സമ്മാനം നേടുന്നയാള്‍ക്കു നല്‍കുന്നത്, ഒരാഴ്ച കെനിയന്‍ സഫാരിക്കുള്ള രണ്ടു ടിക്കറ്റുകളാണ്. വന്യജീവി സങ്കേതങ്ങളും മറ്റും സന്ദര്‍ശിക്കാന്‍ അലക്‌സ് വോക്കര്‍ക്കൊപ്പം  കെനിയയില്‍ ഒരാഴ്ച ഫോട്ടോ എടുത്തു കഴിയാം. മറ്റു സമ്മാനങ്ങളും ഉണ്ട്.

തങ്ങള്‍ വന്യജീവി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നവരാണെന്നാണ് സംഘാടകര്‍ പറയുന്നത്. പതിവിലേറെ മികച്ചവയാണ് ഈ വര്‍ഷത്തെ ചില എന്‍ട്രികളെന്ന് അഭിപ്രായമുള്ളവരുണ്ട്. സാങ്കേതിക മികവും വന്യജിവികളുടെ ഭാവം എത്രമാത്രം രസിപ്പിക്കുന്നതാണെന്നതും പരിഗണിച്ചായിരിക്കും പ്രധാന അവാര്‍ഡ് നല്‍കുക. ഈ വര്‍ഷത്തേക്ക് ഇനി എന്‍ട്രികള്‍ അയയ്ക്കാനാവില്ല. ഈ മൃഗങ്ങള്‍ പ്രകൃതിയിലെ കൊമേഡിയന്‍മാരാണോ, അതോ നമ്മുടെ വീക്ഷണകോണിന്റെ സവിശേഷതകൊണ്ട് അവരുടെ ചെയ്തികളിലും ഭാവങ്ങളിലും തമാശ കണ്ടെത്തുകയാണോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. 

വിജയിയെ നവംബറില്‍ പ്രഖ്യാപിക്കും. അപ്രതീക്ഷിത മുഖഭാവങ്ങളോ, പതിവില്ലാത്ത പോസുകളിലൂടെയോ രസിപ്പിക്കുന്ന ഒരുപിടി ഫോട്ടോകള്‍ ഇവിടെ കാണാം.