ക്യാമറ വിപണി പിടിച്ചെടുക്കാൻ ലൈക്കാ-പാനസോണിക്-സിഗ്മ മഹാസഖ്യം

ക്യാമറ, ലെന്‍സ് നിര്‍മാണത്തിലെ അനിതരസാധാരണ കമ്പനിയായ ലൈക്ക പാനസോണിക്കിനും സിഗ്മയ്ക്കുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ലൈക്കയും വാവെയും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ ക്യാമറ നിര്‍മാണത്തില്‍ സഖ്യമാകുകയും അത് ലോകത്തെ ഇപ്പോഴത്തെ ഏറ്റവും നല്ല ക്യാമറ ഫോണായ വാവെയ് P20 പ്രോയുടെ നിര്‍മാണത്തില്‍ വരെ എത്തി നില്‍ക്കുകയും ചെയ്യുകയാണല്ലോ.

സോണി, ക്യാനന്‍, നിക്കോണ്‍ തുടങ്ങിയ ക്യാമറ കമ്പനികളെ മിറര്‍ലെസ് രംഗത്ത് എതിരിടാനാണ് ഈ മഹാസഖ്യം രൂപപ്പെട്ടിരിക്കുന്നത്. ലൈക്കയുടെ സുപ്രശസ്തമായ L-മൗണ്ട് കേന്ദ്രീകരിച്ച് പുതിയ ക്യാമറ സിസ്റ്റം ഇറക്കാനാണ് ഇവരുടെ ലക്ഷ്യം. ലൈക്കയുടെ ക്യാമറകള്‍ക്ക് വില കൂടുതലാണ്. ഇത്തരം ക്യാമറകള്‍ കാശുകാരോ അല്ലെങ്കില്‍ അസാധാരണമായ തികവോ വേണ്ടവര്‍ മാത്രമായിരിക്കും വാങ്ങുക. എന്നാല്‍, പാനസോണിക്കും ലൈക്കയും താരതമ്യേന കുറഞ്ഞ വിലയ്ക്ക് ക്യാമറകളും ലെന്‍സുകളും ഇറക്കുന്നവരാണ്. ഇവര്‍ ഒത്തു ചേര്‍ന്ന് വിലയുടെ കാര്യത്തില്‍ ഒരു മധ്യമാര്‍ഗ്ഗം സ്വീകരിച്ചാല്‍, അവര്‍ക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കാനായേക്കും. ഇതിലൂടെ ഈ മൂവര്‍ സംഘത്തിന് ക്യാമറ വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്.

സിഗ്മയും പാനസോണിക്കും ലെന്‍സുകളായിരിക്കും നിര്‍മിക്കുക എന്നാണ് പറയുന്നത്. നിക്കോണ്‍ അടുത്ത കാലത്തിറക്കിയ Z മൗണ്ട്, ക്യാനന്റെ പുതിയ R മൗണ്ട് എന്നിവയോളം വലുപ്പമില്ലാത്തതാണ് ലൈക്കയുടെ L-മൗണ്ട്. എങ്കിലുമിത് മികച്ച ക്യാമറ സിസ്റ്റം സൃഷ്ടിക്കാന്‍ ഉതകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. L-മൗണ്ടിന് ക്യാനന്റെയും നിക്കോണിന്റെയും ക്യാമറകളെക്കാള്‍ വലുപ്പം കുറഞ്ഞ ഒരു സിസ്റ്റം സൃഷ്ടിക്കാന്‍ സാധിച്ചേക്കുമെന്നു കരുതുന്നു. നിലവില്‍ ലൈക്കയുടെ ഫുള്‍ ഫ്രെയിം ക്യാമറ സീരിസായ SL, APS-C സീരിസുകളായ CL, TL ക്യാമറകളാണ് L-മൗണ്ടില്‍ നിര്‍മിക്കപ്പെടുന്നത്.

പാനസോണിക് തങ്ങളുടെ ആദ്യ L-മൗണ്ട് ക്യാമറകളെക്കുറിച്ചുള്ള കുറച്ചു വിവരങ്ങള്‍ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. S1, S1 R എന്നീ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകളാണ് തങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്. ഒപ്പം 50mm F1.4, 24-105mm F2.8, 70-200mm F2.8 എന്നീ ലെന്‍സുകളും തങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇവയില്‍ 24-105mm F2.8 ലെന്‍സ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു സ്വപ്‌ന ലെന്‍സായിരിക്കും.

പാനസോണിക്കും സിഗ്മയും ലൈക്കയും കുടുതല്‍ ക്യാമറകളും ലെന്‍സുകളും അനുബന്ധ ഉപകരണങ്ങളും വരും വര്‍ഷങ്ങളില്‍ പുറത്തിറക്കും. ക്യാനന്‍, നിക്കോണ്‍, സോണി എന്നീ ക്യാമറ നിര്‍മാതാക്കളുടെ കുതിപ്പിനു കടിഞ്ഞാണിടാന്‍ ചിലപ്പോള്‍ പുതിയ മഹാസഖ്യത്തിനു സാധിച്ചേക്കുമെന്നു കരുതുന്നു. എന്തായാലും മിറര്‍ലെസ് ക്യാമറ നിര്‍മാണം ചൂടുപിടിക്കുകയാണ്. വാവെയുമൊത്തു നടത്തുന്ന കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി പരീക്ഷണങ്ങളുടെ മികവും പുതിയ സിസ്റ്റത്തിനു നല്‍കാന്‍ ലൈക്ക മുതിരുന്നുണ്ടെങ്കില്‍ അത് ക്യാമറ നിര്‍മാണത്തില്‍ പുതിയൊരേടാകും.