നോക്കിയയുടെ അതിവേഗ ഫോൺ ഇന്ത്യയിലെത്തി, 4 GB റാം, ഇരട്ട ക്യാമറ, 18:9 ഡിസ്പ്ലെ

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ 7 പ്ലസ് ഇന്ത്യയിലും അവതരിപ്പിച്ചു. പുതിയ മിഡ്–റേഞ്ച് ആൻഡ്രോയ്ഡ് വൺ ഹാൻഡ്സെറ്റ് മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ആദ്യം അവതരിപ്പിച്ചത്. 6000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. നോക്കിയയുടെ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിലെ ഏറ്റവും പുതിയ സംവിധാനമായ f / 1.7 അപേച്ചർ ലെൻസുമുണ്ട്. നോക്കിയ 7 പ്ലസിലെ ക്യാമറ ഉപയോഗിച്ച് ഫെയ്സ്ബുക്ക്, യുട്യൂബ് ലൈവ് സ്ട്രീമിങ്ങിന് പ്രത്യേകം സൗകര്യമുമുണ്ട്. ക്യാമറ ആപ്പിൽ തന്നെ ഇതിന് സൗകര്യമുണ്ട്.

നോക്കിയ 7 പ്ലസ്: വിലയും ലഭ്യതയും

നോക്കിയ 7 പ്ലസിന്റെ ഇന്ത്യയിലെ വില 25,999 രൂപയാണ്. ആമസോൺ വഴി ഏപ്രിൽ 20 നു ബുക്കിങ്ങും 30ന് വിതരണവും തുടങ്ങും. നോക്കിയ സ്റ്റോറുകൾ, മൊബൈൽ ഔട്‌ലെറ്റുകൾ വഴിയും വാങ്ങാം. വൈറ്റ്, കോപ്പർ വേരിയന്റുകളാണ് വിതരണം ചെയ്യുന്നത്.

പ്രധാന ഫീച്ചറുകൾ

ആൻഡ്രോയ്ഡ് 8.1 ഒറിയോ ഓപ്പേറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് വൺ സ്മാർട് ഫോൺ ആണ് നോക്കിയ 7. 6 ഇഞ്ച് ഫുൾ എച്ച്ഡി, 18:9 അനുപാതത്തിലുള്ള ഡിസ്പ്ലെ, ഗൊറില്ല ഗ്ലാസ്, ഒക്ടാ കോർ ക്വാൽകം സ്നാപ്ഡ്രാഗൻ 660 എസ്ഒസി, 4 ജിബി റാം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

പിന്നിലെ ഇരട്ട ക്യാമറകൾ നോക്കിയ 7 പ്ലസിലെ പുതുമയാണ്. 13, 12 മെഗാപിക്സലിന്റെ രണ്ട് ക്യാമറകൾക്ക് ഡ്യുൽ ടോൺ എൽഇഡി ഫ്ലാഷുണ്ട്. സൈസ് ഒപ്ടിക്സ് ടെക്നോളജിയിലുള്ളതാണ് ക്യാമറ. രണ്ട് ക്യാമറകൾക്കും f/1.7 ആപേച്ചറുണ്ട്. നോക്കിയ 7 പ്ലസിലെ സെൽഫി ക്യാമറ 16 മെഗാപിക്സലിന്റേതാണ്. 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള നോക്കിയ 7 പ്ലസില്‍ മൈക്രോ എസ്ഡി കാർഡിട്ട് 256 ജിബി വരെ സ്റ്റോറേജ് ഉയർത്താം. 3,800 എംഎഎച്ചാണ് ബാറ്ററി. അതിവേഗ ചാർജിങ് ടെക്നോളജിയുള്ള നോക്കിയ 7 പ്ലസ് തുടർച്ചയായി 19 മണിക്കൂർ വരെ പ്രവർത്തിപ്പിക്കാം.