ഗൂഗിൾ പിക്സൽ ഒക്ടോബർ 9ന്, മൈക്രോസോഫ്റ്റ് സർഫസ് 2ന്

പുതിയ ഹാർഡ്‍വെയർ ഉൽപന്നങ്ങളുമായി മൈക്രോസോഫ്റ്റ് സർഫസ് ഇവന്റ് ഒക്ടോബർ രണ്ടിന് യുഎസിലെ ന്യൂയോർക്കിൽ നടക്കും. സർഫസ് ലാപ്ടോപുകളും നോട്ട്ബുക്കും ആണ് ചടങ്ങിൽ മൈക്രോസോഫ്റ്റ് അവതരിപ്പിക്കുക. അതോടൊപ്പം നിലവിലുള്ള മൈക്രോസോഫ്റ്റ് സോഫ്റ്റ്‍വെയറുകളും സേവനങ്ങളും ഐഒഎസിലേക്കും, ആൻഡ്രോയ്ഡിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങളും അവതരിപ്പിക്കും. 

നോക്കിയ മൊബൈൽ ഫോൺ വിഭാഗം ഏറ്റെടുക്കുകയും വിൻഡോസ് ഫോൺ എന്നു പുനർനാമകരണം ചെയ്തു വിപണിയിലെത്തിക്കുകയും ചെയ്തെങ്കിലും വിജയം നേടാനാവാതെ ഉൽപാദനം നിർത്തിവച്ച മൈക്രോസോഫ്റ്റ്, സർഫസ് ബ്രാൻഡിനു കീഴിൽ പുതിയ നിര ഫോണുകൾ ഇറക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഈ വർഷം അവ എത്തില്ലെന്നാണ് സൂചന.

അതേ സമയം, പിക്സൽ നിരയിലെ പുതിയ പതിപ്പുകൾ അവതരിപ്പിക്കാൻ ഗൂഗിൾ സംഘടിപ്പിച്ചിരിക്കുന്ന പിക്സൽ ഇവന്റ് ഒൻപതിന് ന്യൂയോർക്കിൽ നടക്കും. പിക്സൽ സ്മാർട്ഫോണുകളും പിക്സൽ ബുക്കുമാണ് ഈ വർഷം ഗൂഗിളിൽ നിന്നു പ്രതീക്ഷിക്കുന്നത്. പിക്സൽ 3, പിക്സൽ 3എക്സ്എൽ എന്നീ ഫോണുകളാണ് ഒൻപതിനു ഗൂഗിൾ അവതരിപ്പിക്കുക. ഈ വർഷം ഗൂഗിൾ അവതരിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പിക്സൽ സ്മാർട്‌വാച്ച് പ്രതീക്ഷിക്കേണ്ടതില്ല.