ഓഫർ പെരുമഴ: ഫോൺ വാങ്ങാൻ വൻ തിരക്ക്, വിറ്റത് 30 ലക്ഷം, റെക്കോർഡ് നേട്ടം

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്ല്യൻ ഡേയ്സ് സെയിലിൽ ആദ്യദിനം വിറ്റത് 30 ലക്ഷം സ്മാർട് ഫോണുകള്‍. ഇത് ചരിത്രത്തിലെ റെക്കോർഡ് വിൽപ്പനയാണ്. ആദ്യ ദിവസം മൊബൈല്‍ വിഭാഗത്തില്‍ മാത്രമായി 30 ലക്ഷം വിൽപ്പനയാണ് നടന്നത്.

ഇന്ത്യയിലെ റീട്ടെയിൽ മേഖലയിൽ ഒരു ദിവസം നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണ് ഒക്ടോബർ 11ന് നടന്നത്. 26 മണിക്കൂർ വിൽപ്പനയിൽ 30 ലക്ഷം ഫോൺ വിൽപ്പന റെക്കോർഡ് നേട്ടമാണ്. ഫ്ലിപ്കാർട്ടിൽ വിൽപ്പന തുടങ്ങി ആദ്യ മണിക്കൂറിൽ 10 ലക്ഷം പേരാണ് ഫോൺ വാങ്ങിയത്.

മുപ്പതോളം എക്സ്ക്ലൂസീവ് മോഡലുകളാണ് ഫ്ലിപ്കാർട്ട് വഴി വില്‍ക്കുന്നത്. സാംസങ്, ഓണർ, ഷവോമി, അസുസ്, നോക്കിയ, ഇൻഫിനിക്സ്, റിയല്‍മി എന്നിവയുടെ ഹാൻഡ്സെറ്റുകൾ വിൽപ്പനയ്ക്കുണ്ട്. 99.9 ശതമാനം പേരും മൊബൈൽ ആപ്പ് വഴിയാണ് ഹാൻഡ്സെറ്റുകൾ വാങ്ങിയത്.