500 രൂപയ്ക്ക് 4G ഫോണിറക്കി ഗൂഗിൾ‍; അത്യുഗ്രൻ ഫീച്ചറുകൾ, വാട്സാപ്, ഫെയ്സ്ബുക്...

ഏറ്റവും കുറഞ്ഞ വിലയ്ക്ക് 4ജി ഫോണുമായി സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ രംഗത്തെത്തി. റിലയന്‍സിന്റെ 4ജി പിന്തുണയുള്ള ഫീച്ചർ ഹാൻഡ്സെറ്റ് ജിയോ ഫോണ്‍ വില്‍ക്കുന്നത് 1500 രൂപയ്ക്കാണെങ്കില്‍ ഗൂഗിള്‍ ഇപ്പോള്‍ ഇന്തൊനീഷ്യയില്‍ അവതരിപ്പിച്ച വിസ്‌ഫോണിന്റെ (WizPhone WP006) വില ഏകദേശം 500 രൂപയാണ്. (ഇത്തരത്തിലുളള മറ്റൊരു 4ജി ഫോണായ മൈക്രൊമാക്‌സ് ഭാരത് 1ന്റെ (Micromax Bharat 1) എംആര്‍പി 2,500 രൂപയാണ്.)

ഗൂഗിള്‍ ആന്‍ഡ്രോയിഡ് വിട്ട് ഒരു കളിക്കുമിറങ്ങില്ലെന്നു കരുതിയെങ്കില്‍ അതും തെറ്റി, KaiOS ആണ് വിസ്‌ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ഇതാണ് ജിയോ ഫോണിലും ഉപയോഗിക്കുന്നത്. ലിനക്‌സ് കേന്ദ്രീകൃതമായ ഈ ഒഎസ്, ഫയര്‍ഫോക്‌സ് ഒഎസ് കുടുംബത്തില്‍ പിറന്നതാണ്. സ്മാര്‍ട് ഫോണിന്റെ ശക്തിയും ഫീച്ചര്‍ ഫോണുകളുടെ വിലക്കുറവും സമ്മേളിപ്പിക്കാന്‍ സൃഷ്ടിച്ചതാണ് ഇതെന്നാണ് പറയുന്നത്.

വിസ്‌ഫോണില്‍ ഗൂഗിളിന്റെ ആപ് സൂട്ടുമുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റ്, മാപ്‌സ്, സേര്‍ച്ച് തുടങ്ങിയവയൊക്കെ ലഭ്യമാക്കിയിട്ടുണ്ടെന്നതാണ് ആകര്‍ഷകമാക്കുന്ന ഒരു പ്രധാന ഘടകം. ഇന്തൊനീഷ്യയില്‍ ഇതിന്റെ വില 99,000 IDR, ആണ്. ഇത് ഏകദേശം 500 രൂപ വരും. ഫോണിന്റെ പ്രധാന ആകര്‍ഷണീയത 4ജി സിഗ്നലുകള്‍ സ്വീകരിക്കാനാകുമെന്നതു തന്നെയാണ്. നെറ്റ്‌വര്‍ക്ക് ലോക്ക്ഡ് അല്ലെന്ന ഗുണവുമുണ്ട്. ഏതു 4ജി സേവനദാതാവിന്റെ നെറ്റ്‌വര്‍ക്കിലും ഉപയോഗിക്കാം.

ഫോണിനെപ്പറ്റിയുള്ള മറ്റൊരു രസകരമായ കാര്യം ഇന്തൊനീഷ്യയില്‍ ഇത് വെന്‍ഡിങ് മെഷീന്‍ വഴിയാണ് നല്‍കുന്നത് എന്നതാണ്. എല്ലാ ആല്‍ഫാമാര്‍ട്ട് സ്റ്റോറുകളിലൂടെയും ഇതു വാങ്ങാം. അവരുടെ ആപ്പായ AllWizapp ഇതിലുണ്ട്. ഫോണുപയോഗിച്ച് ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് ആല്‍ഫാമാര്‍ട്ടില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ പണമയക്കുകയും ചെയ്യാം. KaiOS  ഇന്ന് അഞ്ചു കോടി ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നു. HTML5 സപ്പോര്‍ട്ടുള്ള ഒഎസില്‍ ഗെയ്മുകള്‍, മെസേജിങ്, സ്ട്രീമിങ് ആപ്പുകള്‍, സോഷ്യല്‍ മീഡിയ ഇവയെല്ലാം ഉപയോഗിക്കാം. ക്വാല്‍കം MSM8905 ആണ് പ്രോസസര്‍. വളരെ കുറച്ചു ബാറ്ററി ചാര്‍ജ് മതി ഇതിനു പ്രവര്‍ത്തിക്കാന്‍. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയവയും വിസ്‌ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ജിയോഫോണിലൂടെ 2017ല്‍ ഇന്ത്യയിലെത്തിയ KaiOS, ആന്‍ഡ്രോയിഡിനു പിന്നില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ഓപ്പറേറ്റിങ് സിസ്റ്റമാണ്. ഐഒഎസ് KaiOSനെക്കാള്‍ വളരെ പിന്നിലാണ്. ഫെയ്‌സ്ബുക്, KaiOSനു വേണ്ടി ഒരു വാട്‌സാപ് ആപ്പും സൃഷ്ടിച്ചിട്ടുണ്ട്. നോക്കിയയുടെ 8110 ആണ് മറ്റൊരു KaiOS കേന്ദ്രീകൃത ഫോണ്‍. 11,000 രൂപ എംആര്‍പിയുള്ള ഈ ഫോണ്‍ ഇപ്പോള്‍ 5540 രൂപയ്ക്ക് ആമസോണില്‍ വില്‍ക്കുന്നു. ഗൂഗിളിന്റെ വിസ്‌ഫോണ്‍ ഇന്ത്യയില്‍ ഏതെങ്കിലും മൊബൈല്‍ സേവനദാതാവുമായി ചേര്‍ന്നോ അല്ലാതെയോ അവതരിപ്പിച്ചേക്കാം.