ആ ഭീമൻ റോക്കറ്റിൽ അന്യഗ്രഹ ജീവികൾക്കായി മസ്ക് ഒരു സന്ദേശം വച്ചിട്ടുണ്ട്, ഒപ്പം മറ്റു ചിലതും...

ലോകത്തിലെ ഏറ്റവും കരുത്തേറിയ റോക്കറ്റ് അങ്ങനെ ബഹിരാകാശത്തേക്കു കുതിച്ചെത്തിയിരിക്കുന്നു. അതിനു പിന്നിൽ പ്രവർത്തിച്ച സ്പെയ്സ് എക്സ് കമ്പനി സ്ഥാപകൻ ഇലോൺ മസ്ക് ലോകത്തിനു മുന്നിലേക്ക് കൃത്യമായൊരു സന്ദേശമാണു നൽകിയിരിക്കുന്നത്–അധികം വൈകാതെ തന്നെ ഇത്തരമൊരു റോക്കറ്റിലേറി മനുഷ്യൻ ചൊവ്വയിലെത്തും! എന്നാൽ മനുഷ്യരാശിക്കു മാത്രമല്ല അന്യഗ്രഹവാസികൾക്കുമുള്ള മുന്നറിയിപ്പു കൂടി ഈ റോക്കറ്റ് വിക്ഷേപണത്തിലൂടെ മസ്ക് നടത്തിയിട്ടുണ്ട്. ഒരു കാറും അതിന്റെ ഡ്രൈവറും വഴിയാണത്. സ്പെയ്സ് എക്സിന്റെ ഫാൽക്കൻ ഹെവി റോക്കറ്റിലേറി ബഹിരാകാശത്തേക്ക് എത്തിയിരിക്കുന്നതാണ് ആ കാർ– സ്പെയ്സ് എക്സിന്റെ തന്നെ കീഴിൽ നിർമിച്ച ഇലക്ട്രിക് കാറായ ടെസ്‌ല റോഡ്സ്റ്റർ. 

വണ്ടി ‘ഡ്രൈവ്’ ചെയ്യാനായി ഒരാളു കൂടിയുണ്ട്. പക്ഷേ പ്രതിമയാണെന്നു മാത്രം. ബഹിരാകാശത്തെ കൊടും റേഡിയേഷനിൽ നിന്നു രക്ഷപ്പെടാൻ പാകത്തിലാണ് കാറിന്റെയും ഡ്രൈവറായ ‘സ്റ്റാർമാന്റെ’യും നിർമാണം. റോഡ്സ്റ്ററിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു വിഡിയോ ക്യാമറയിലൂടെ ലോകം മുഴുവൻ അതിന്റെ ബഹിരാകാശ സഞ്ചാരം ലൈവായി കണ്ടു. ലോകത്തിനു മാത്രമല്ല, അന്യഗ്രഹജീവികൾക്കായും ഒന്നുണ്ട് കാറിൽ.ഒരു സർക്യൂട്ട് ബോർഡിൽ എഴുതിയിരിക്കുന്നു– ‘ഭൂമിയില്‍ നിന്നാണിത്. നിർമിച്ചത് മനുഷ്യരും...’ 

കോടിക്കണക്കിനു വർഷം ബഹിരാകാശത്തു തുടരാനുള്ള ശേഷിയുണ്ട് ടെസ്‌ല റോ‍ഡ്സ്റ്ററിന്. അതിന്റെ അന്തമില്ലാത്ത യാത്രയ്ക്കിടെ എന്നെങ്കിലും അന്യഗ്രഹജീവികൾക്കു മുന്നിൽ എത്തിപ്പെട്ടാൽ അറിയിക്കാനുള്ള വിവരമാണത്രേ ബോർഡിൽ നൽകിയിരിക്കുന്നത്. പക്ഷേ അന്യഗ്രഹ ജീവികൾക്ക് ഇംഗ്ലിഷ് അറിയാമോ? അത്രയേറെ ബുദ്ധിയുള്ളവയാണെങ്കിൽ ഇംഗ്ലിഷ് വായിച്ചെടുക്കാൻ അവയ്ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് ഇക്കാര്യത്തിൽ വിദഗ്ധരുടെ പക്ഷം. എന്തായാലും ഈ അറിയിപ്പിന്റെ ചിത്രം ഇലോൺ മസ്ക് ഇൻസ്റ്റഗ്രാമിലിട്ടതിനു പിന്നാലെ മണിക്കൂറുകൾക്കകം ലക്ഷക്കണക്കിനു പേരാണ് സന്തോഷമറിയിക്കാനെത്തിയത്. 

ഒരു ഡേറ്റ സ്റ്റോറേജ് ഡിവൈസുമുണ്ട് റോഡ്സ്റ്ററിൽ. അതിൽ മസ്കിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഐസക് അസിമോവിന്റെ സയൻസ് ഫിക്‌ഷൻ നോവലായ ‘ഫൗണ്ടേഷൻ’ ആണ്. കൂടാതെ സ്പെയ്സ് എക്സിനു കീഴെ ജോലി ചെയ്യുന്ന 6000 പേരുടെ പേരു കൊത്തിയ ഒരു ഫലകവുമുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ചൊവ്വാഗ്രഹത്തോടു ചേർന്നായിരിക്കും കാറിന്റെ കറക്കം. അതായത് ഭൂമിയില്‍ നിന്ന് 40 കോടി കിലോമീറ്റർ അകലെ. ‘എന്നെങ്കിലും അത് കറങ്ങിക്കറങ്ങി അന്യഗ്രഹജീവികളുടെ തന്നെ അടുത്തെത്തും...’ പ്രത്യാശയിലാണ് ഇലോൺ മസ്ക്.