ഇലോണ്‍ മസ്‌കിന്റെ കാര്‍ ഭൂമിയില്‍ ഇടിച്ചിറങ്ങുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

ഒരാഴ്ച മുൻപാണ് സ്‌പെയ്സ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌കിന്റെ ആഢംബര ടെസ്‌ല കാറുമായി ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് പറന്നുയര്‍ന്നത്. വിക്ഷേപണത്തിനൊടുവില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഫാല്‍ക്കണ്‍ ഹെവിയുടെ രണ്ട് ബൂസ്റ്റര്‍ റോക്കറ്റുകള്‍ വിജയകരമായി ഭൂമിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

എന്നാൽ ഫാൽക്കൺ ഹെവി റോക്കറ്റിന്റെ ആദ്യ പരീക്ഷണ സമയത്ത് ബഹിരാകാശത്ത് ഉപേക്ഷിച്ച റോഡ്സ്റ്റർ കാർ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഭൂമിയില്‍ ഇടിച്ചിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാനഡയിലെ ചില ജ്യോതി ശാസ്ത്രജ്ഞരുടെ നിഗമനം. അപ്രതീക്ഷിതമായ കൂട്ടിയിടികളൊന്നും സംഭവിച്ചില്ലെങ്കില്‍ പത്ത് ലക്ഷം വര്‍ഷത്തേക്ക് ഇലോണ്‍ മസ്‌കിന്റെ കാര്‍ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇക്കാലത്ത് പലതവണ ചൊവ്വയോടു ചേര്‍ന്ന് ഈ കാര്‍ സഞ്ചരിക്കും. ഭൂമിയില്‍ നിന്നും നേരത്തെ കരുതിയതിലും ദൂരത്തിലേക്ക് കാര്‍ എത്തിയെന്ന് ഇലോണ്‍ മസ്‌ക് വിക്ഷേപണത്തിനു പിന്നാലെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മുന്‍നിശ്ചയിച്ച ഭ്രമണപഥത്തില്‍ നിന്നുള്ള ഈ മാറ്റം കാര്‍ ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചെന്നാണ് ചില ശാസ്ത്രജ്ഞരുടെ വാദം.

ഇലോണ്‍ മസ്‌കിന്റെ കാര്‍ ഭൂമിയിലേക്ക് ഇടിച്ചിറങ്ങാന്‍ സാധ്യതയുണ്ടെന്ന് പറയുമ്പോഴും ഇപ്പോള്‍ അടുത്തൊന്നും സംഭവിക്കാനിടയില്ലെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ നിലയില്‍ കാര്‍ ആദ്യമായി ഭൂമിയോടു ചേര്‍ന്നു പോവുക 2091ലായിരിക്കും. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള അകലത്തിലൂടെയായിരിക്കും അന്ന് കാര്‍ കടന്നുപോവുക. ഇങ്ങനെ കടന്നുപോകുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണ വലയത്തിന്റെ സ്വാധീനത്താല്‍ കാറിന്റെ സഞ്ചാരപഥത്തില്‍ ചെറിയ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.


പത്ത് ലക്ഷം വര്‍ഷത്തിനും മുപ്പത് ലക്ഷം വര്‍ഷത്തിനുമിടയില്‍ ഇലോണ്‍ മസ്‌കിന്റെ കാര്‍ ഭൂമിയില്‍ ഇടിച്ചിറങ്ങുമെന്ന വിദൂര പ്രവചനമാണ് ശാസ്ത്ര ലോകം നടത്തുന്നത്. ഭൂമിയില്‍ നിന്നും വിക്ഷേപിച്ച കാര്‍ ഭൂമിയിലേക്ക് തന്നെ ഇടിച്ചിറങ്ങാനുള്ള സാധ്യത ആറ് ശതമാനമാണ്. ഒറ്റനോട്ടത്തില്‍ ഇത് ചെറുതാണെന്ന് തോന്നാമെങ്കിലും ശുക്രനുമായി (2.5%) താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഉയര്‍ന്ന സാധ്യതയാണ്. ഇരുപത് ലക്ഷം വര്‍ഷം വരെ ഇലോണ്‍ മസ്‌കിന്റെ കാര്‍ ഈ പ്രപഞ്ചത്തില്‍ തന്നെ കാര്യമായ കേടുപാടുകളില്ലാതെ ഉണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.