നാമിനെ യുവതികൾ കൊലപ്പെടുത്തിയത് വിഎക്സ്‌ കുത്തിവെച്ച്, ഉത്തര കൊറിയയ്ക്കെതിരെ യുഎസ്

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാം ക്വാലാലംപുർ രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് യുവതികൾ കൊലപ്പെടുത്തിയത് വിഎക്സ്‌ കുത്തിവെച്ചെന്ന് കണ്ടെത്തി. വിഎക്സ് നിരോധിത രാസായുധമാണ്. ഇക്കാര്യം വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ഉത്തര കൊറിയയ്ക്കെതിരെ പുതിയ ഉപരോധം ഏർപ്പെടുത്താൻ പോകുകയാണ് അമേരിക്ക. 

നാൽപത്തിയഞ്ചുകാരനായ നാമിന്റെ കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ച രണ്ടു ചെറുപ്പക്കാരികൾ കുത്തിവെച്ചത് രാസായുധം വിഎക്സ്‌ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് അതീവതന്ത്രപരമായാണ് ആക്രമണം നടത്തി കൊലപ്പെടുത്തിയത്. ഒരാൾ നാമിന്റെ മുഖത്ത് വിഷതൂവാല പ്രയോഗിച്ച് തളർത്തിയിട്ടു. മറ്റൊരാൾ പേനയുടെ രൂപത്തിൽ സൂക്ഷിച്ചിരുന്ന വിഷസൂചി കൊണ്ട് കുത്തിക്കൊലപ്പെടുത്തി. 

ഇതെല്ലാം മലേഷ്യൻ സുരക്ഷാവിഭാഗവും അംഗീകരിച്ചിരുന്നു. മനുഷ്യന്റെ നാഡീ വ്യൂഹത്തെ നിമിഷനേരം കൊണ്ട് തളർത്തുന്ന, തകർക്കുന്ന രാസായുധമാണ് കൊലയാളികൾ ഉപയോഗിച്ചിരിക്കുന്നത്. വിഎക്സ് എജന്റ് എന്ന മാരക രാസായുധം നാമിന്റെ ശരീരരത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.

യുദ്ധങ്ങളിൽ വൻ നാശം വരുത്താൻ ചിലപ്പോഴെങ്കിലും ഉപയോഗിക്കുന്ന രാസായുധമാണ് ഇത്. സിറിയയിലെ യുദ്ധത്തിൽ ഈ രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്നാണ് യുഎൻ റിപ്പോർട്ട്. നേരത്തെയും വിഎക്സ് ഏജന്റ് രാസായുധം ഉപയോഗിച്ച് നിരവധി പേരെ കൊന്നിട്ടുണ്ട്. കുറ്റവാളികളെ വധിക്കാനും ചില രാജ്യങ്ങൾ ഈ രാസായുധം ഉപയോഗിക്കാറുണ്ട്. 

നാഡികളുമായി ബന്ധപ്പെട്ട വിഎക്സ് എജന്റ് ത്വക്കിലൂടെയാണ് ശരീരത്തിൽ എത്തുന്നത്. നിമിഷ നേരം കൊണ്ട് ശരീരത്തിന്റെ പ്രവർത്തനം അവതാളത്തിലാകും. ഇനി നിശ്ചിത തോതിൽ ഈ രാസായുധം ശരീരത്തിൽ എത്തിയാൽ മരണം പെട്ടെന്ന് സംഭവിക്കും. യുദ്ധങ്ങൾ നടക്കുമ്പോൾ ഈ രാസായുധം സ്പ്രേ ചെയ്യുകയോ, വിതരണം ചെയ്യുന്ന വെള്ളത്തിലോ ഭക്ഷണത്തിലോ ചേർക്കാറാണ് പതിവ്. ഇങ്ങനെ വന്നാൽ പെട്ടെന്ന് മരണം സംഭവിക്കും.