ഹോക്കിങ് എപ്പോഴും പറയും, ‘അവരോട് കളിക്കാൻ നിൽക്കേണ്ട, അവരെ സൂക്ഷിക്കണം’

വിഖ്യാതശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാധ്യമങ്ങളോട് സംസാരിക്കാൻ അവസരം ലഭിച്ചാൽ ഒരു കാര്യം തീർത്തു പറയും. ‘അന്യഗ്രഹങ്ങളിൽ നിന്നോ ബഹിരാകാശത്തു നിന്നോ വരുന്ന അജ്ഞാത സിഗ്നലുകളോടൊന്നും പ്രതികരിക്കാൻ നിന്നേക്കരുത്. അത് മനുഷ്യവംശത്തിന്റെ നാശത്തിനു തന്നെ കാരണമാകും. അഥവാ പ്രതികരിച്ചാൽ തന്നെ മറുപടി എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തികച്ചും ജാഗരൂകരായിരിക്കുകയും വേണം’. ക്രിസ്റ്റഫർ കൊളംബസിനെ സ്വീകരിച്ചാനയിച്ച തദ്ദേശീയരായ അമേരിക്കക്കാരോടാണ് ഇക്കാര്യത്തിൽ മനുഷ്യരെ ഹോക്കിങ് ഉപമിച്ചിരുന്നത്. അതായത് വിരുന്നു വന്നവർ വീട്ടുകാരാകുമെന്നർഥം. 

അന്യഗ്രഹജീവികൾ ഭൂമിയിലെത്തിയാൽ അവ ഓരോരുത്തരെയായി കൊന്നൊടുക്കാൻ നിൽക്കില്ല. മറിച്ച് സർവനശീകരണമായിരിക്കും അവരുടെ രീതി. കാരണം, മനുഷ്യന് ബാക്ടീരിയയോടു തോന്നുന്ന അതേ നിസ്സാരതയായിരിക്കും അന്യഗ്രഹജീവികൾക്ക് മനുഷ്യനോടുണ്ടാകുക. അവർ നമ്മളെപ്പറ്റി ചിന്തിക്കുക കൂടിയില്ലെന്നും നശീകരണം മാത്രമായിരിക്കും ലക്ഷ്യമെന്നും ഹോക്കിങ് മുന്നറിയിപ്പ് നൽകുമായിരുന്നു. എന്നാൽ ഹോക്കിങ്ങിന്റെ പല മുന്നറിയിപ്പുകളും പുതിയ ഗവേഷകർ ചെവികൊണ്ടില്ല.

അന്യഗ്രഹജീവികളോട് അടുക്കരുതേ... നാം ബാക്ടീരിയയെ കാണുന്നതുപോലെയേ അവർക്കു നമ്മെ കണ്ടാൽ തോന്നൂ– വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ അഭിപ്രായമായിരുന്നു ഇത്. അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫർ കൊളംബസുമായി ആദ്യം മുഖാമുഖം കണ്ട തദ്ദേശവാസികളുടെ പ്രതികരണം മോശമായിരുന്നുവെന്നു അദ്ദേഹം ഓർമിപ്പിച്ചു. മനുഷ്യരേക്കാളും സാങ്കേതികമായി വളരെയേറെ പുരോഗതി പ്രാപിച്ചതായിരിക്കാം അന്യഗ്രഹജീവികൾ. ഒരുപക്ഷേ, നൂറു കോടിയോ അതിലുമധികമോ വർഷം മുന്നിലായിരിക്കും അവർ. പ്രതികൂല മനഃസ്ഥിതിയുള്ള അന്യഗ്രഹജീവികളെപ്പറ്റി ഹോക്കിങ് മുന്നറിയിപ്പ് നൽകി.

‘സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഇഷ്ടസ്ഥലങ്ങൾ’ എന്ന പേരിലുള്ള സിനിമയിൽ ഹോക്കിങ് എന്ന ബഹിരാകാശക്കപ്പലിലൂടെ അഞ്ചു സ്ഥലത്തേയ്ക്കാണ് അദ്ദേഹം നമ്മെ കൊണ്ടുപോകുന്നത്. 16 പ്രകാശ വർഷം അകലെയുള്ളതും വാസയോഗ്യമെന്നു കരുതുന്നതുമായ ഗ്ളീസ് 832സി എന്ന ഗ്രഹത്തിലേക്കു യാത്ര ചെയ്യുന്ന അദ്ദേഹം പറയുന്നു: ‘ഒരു നാൾ ഇവിടെ നിന്നു നമുക്ക് ഒരു സിഗ്നൽ ലഭിച്ചേക്കാം. പക്ഷേ, മറുപടി കൊടുക്കാതിരിക്കുന്നതാവും നന്ന്. കാരണം അവിടത്തുകാർ നമ്മേക്കാൾ അതിശക്തരായിരിക്കും. രോഗാണുവിനെ കാണുന്നതുപോലെയേ അവർക്കു തോന്നൂ.’

‘പ്രായമേറുന്തോറും നാം ഇവിടെ ഒറ്റയ്ക്കല്ലെന്ന തോന്നൽ എനിക്കു കൂടിവരുകയാണ്. അതുകൊണ്ടാണ് അന്യഗ്രഹവാസികളെ കണ്ടെത്താനുള്ള ആഗോള പദ്ധതിക്കു തുടക്കമിടാൻ തയാറായത്. ഈ പദ്ധതിയിലൂടെ ഭൂമിയോട് അടുത്തുള്ള ലക്ഷക്കണക്കിനു ഗ്രഹങ്ങളിൽ ജീവന്റെ അംശം തേടുകയാണ്– ഹോക്കിങ് പറയുമായിരുന്നു.