‘ഞാനും മക്കളും വീട്ടിലുണ്ടെന്ന ഭാവമില്ല, ഹോക്കിങ്ങിന് പ്രണയിനി ശാസ്‌ത്രദേവത’

‘ഞാനും മക്കളും വീട്ടിലുണ്ടെന്ന ഭാവംപോലുമില്ലാതെ വാരാന്ത്യം മുഴുവൻ അദ്ദേഹം ആ യന്ത്രക്കസേരയിൽ തനിച്ചിരിക്കും. ഞങ്ങളെയൊന്നും ശ്രദ്ധിക്കാതെ, റോഡിന്റെ പ്രശസ്‌ത ശിൽപമായ ‘ചിന്തക’നെപ്പോലെ കൈമുട്ടുകൾ കാൽമുട്ടിലൂന്നിക്കൊണ്ടുള്ള ആ ഇരിപ്പു കണ്ട് ഞാൻ വിഷാദത്തിലേക്കു കൂപ്പുകുത്തി.’ ലോകപ്രശസ്‌ത ഭൗതികശാസ്‌ത്രജ്‌ഞൻ സ്‌റ്റീഫൻ ഹോക്കിങ്ങിന്റെ മുൻഭാര്യ ജെയ്‌ൻ വൈൽഡിന്റെ വാക്കുകളാണിത്.

ഇവരുടെ മുപ്പതു വർഷം നീണ്ട ദാമ്പത്യത്തിന്റെ കഥപറയുന്ന സിനിമയും പുറത്തിറങ്ങിയിരുന്നു. അന്ന് റേഡിയോ ടൈംസിനു നൽകിയ അഭിമുഖത്തിൽ ദാമ്പത്യത്തകർച്ചയെപ്പറ്റി ജെയ്‌നിന്റെ തുറന്നുപറച്ചിൽ വൻ വാർത്തയായി. ജെയ്‌ൻ രചിച്ച ‘ട്രാവലിങ് ടു ഇൻഫിനിറ്റി: മൈ ലൈഫ് വിത് സ്‌റ്റീഫൻ’ എന്ന ഓർമപ്പുസ്‌തകത്തെ ആധാരമാക്കിയാണ് ബ്രിട്ടിഷ് സംവിധായകൻ ജയിംസ് മാർഷ് ‘ദ് തിയറി ഓഫ് എവരിതിങ്’ എന്ന ചിത്രം ഒരുക്കിയത്. സ്‌റ്റീഫൻ ഹോക്കിങ്ങായി എഡ്‌ഡി റെഡ്‌മെയ്‌നും ജെയ്‌ൻ ആയി ഫെലിസിറ്റി ജോൺസുമാണ് അഭിനയിച്ചത്.

1997ൽ സംഗീതജ്‌ഞനായ ജൊനാഥൻ ജോൺസിനെ വിവാഹം ചെയ്‌ത ജെയ്‌ൻ പക്ഷേ ഹോക്കിങ്ങിനെ സന്ദർശിക്കുന്നതു അവസാനം വരെ മുടക്കിയില്ല. കേംബ്രിജിൽ താമസവും തൊട്ടടുത്ത്. സിനിമയുടെ ആദ്യപ്രദർശനം കാണാൻ ജെയ്‌നും ഹോക്കിങ്ങുമെത്തി. രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയും ചിത്രങ്ങളും നിറഞ്ഞുനിന്നിരുന്നു.

ജെയ്‌നിനിപ്പോൾ പ്രായം 73. ഹോക്കിങ്ങിന് 76. രണ്ടാം വിവാഹവും തകർന്ന് ഏകനായി കഴിയുന്ന ഹോക്കിങ്ങിനൊപ്പം ജെയ്‌നും മക്കളും വാരാന്ത്യങ്ങൾ ചെലവിടുന്നു, ഊഷ്‌മളതയ്‌ക്ക് തെല്ലും കുറവില്ലാതെ. ഹോക്കിങ്ങിന് ജെയ്നിൽ മൂന്നു മക്കളുണ്ട്, റോബർട്ട് ഹോക്കിങ്, ലൂസി ഹോക്കിങ്, തിമോത്തി ഹോക്കിങ്.