ഈ യാത്ര തികച്ചും ആത്മഹത്യാപരം, മരണസാധ്യതയേറെ... നാളത്തെ ദൗത്യത്തെ കുറിച്ച് മസ്ക്

അടുത്തവര്‍ഷം പകുതിക്ക് മുൻപ് ചൊവ്വാ യാത്രക്കുള്ള പേടകം സജ്ജമാകുമെന്ന് ഇലോണ്‍ മസ്‌ക്. ടെക്‌സാസിലെ സൗത്ത് വെസ്റ്റ് ടെക്‌നോളജി ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന സംവാദത്തിനിടെയാണ് മസ്‌കിന്റെ വെളിപ്പെടുത്തല്‍. മനുഷ്യ കോളനി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വയിലേക്ക് 2022 ആകുമ്പോഴേക്കും ചരക്കു ഗതാഗതം തുടങ്ങുക എന്നതാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപിത സ്വപ്‌നം. 

ടെസ്‌ലയുടേയും സ്‌പെയ്സ് എക്‌സിന്റേയും സ്ഥാപകനായ 46കാരന്‍ ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍ ആവേശത്തോടെയാണ് സംവാദത്തിനെത്തിയവര്‍ സ്വീകരിച്ചത്. 'ആദ്യത്തെ ചൊവ്വാ/ ഗ്രഹാന്തര പേടകമാണ് ഞങ്ങള്‍ നിര്‍മിക്കുന്നത്. പേടകം തയ്യാറാകുന്ന മുറയ്ക്ക് ചൊവ്വയോളം ദൂരമില്ലെങ്കിലും ചെറിയ പരീക്ഷണ യാത്രകള്‍ നടത്തും. അടുത്തവര്‍ഷം ആദ്യ പകുതിയോടെ തന്നെ ചൊവ്വാ പേടകം തയ്യാറാകും' സംവാദത്തിന്റെ മോഡറേറ്ററായിരുന്ന വെസ്റ്റ് വേള്‍ഡ് കോ ഓര്‍ഡിനേറ്റര്‍ ജൊനാഥന്‍ നോളനോട് ഇലോണ്‍ മസ്‌ക് പറഞ്ഞു. 

2022 ൽ ചൊവ്വയിലേക്ക് അയക്കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് സ്‌പെയ്സ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. തങ്ങളുടെ നീക്കങ്ങള്‍ ചൊവ്വയില്‍ കോളനി സ്ഥാപിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ഇന്ധനം പകരുമെന്നാണ് ഇലോണ്‍ മസ്‌ക് കരുതുന്നത്. ചൊവ്വായാത്രയിലെ പ്രധാന കടമ്പയായി എലോണ്‍ മസ്‌ക് കരുതുന്നത് യാത്രക്കാവശ്യമായ പേടകം നിര്‍മിക്കുകയെന്നതാണ്. പേടകം അടുത്തവര്‍ഷത്തോടെ എത്തിക്കഴിഞ്ഞാല്‍ ചൊവ്വാ ദൗത്യത്തിന്റെ ബാക്കിയുള്ള പ്രതിസന്ധികളെ താനെ മറികടക്കാനാകുമെന്നും അദ്ദേഹം കരുതുന്നു. 

വലിയ ചിലവേറിയതല്ലേ ചൊവ്വാ ദൗത്യമെന്ന ചോദ്യത്തിന് അങ്ങനെയല്ലെന്നായിരുന്നു മസ്‌കിന്റെ മറുപടി. തങ്ങളുടെ തന്നെ ഫാല്‍ക്കണ്‍ 1 റോക്കറ്റിനേക്കാള്‍ ചിലവ് കുറവാണ് ചൊവ്വാ ദൗത്യത്തിന് വരികയെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. ഫാല്‍ക്കണ്‍ 1 റോക്കറ്റിന് 50 ലക്ഷം- 60 ലക്ഷം ഡോളറാണ് ചിലവ് കണക്കാക്കുന്നത്. 

ഇങ്ങനെയൊക്കെയാണെങ്കിലും ചൊവ്വാദൗത്യത്തിന്റെ അപകട സാധ്യതയെ അദ്ദേഹം കുറച്ചുകാണുന്നില്ല. 'ചൊവ്വാ യാത്ര വളരെ അപകടകരമാണ്. ഈ ദൗത്യം ബുദ്ധിമുട്ടേറിയതും അപകടകരവും ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യത ഏറെയുള്ളതുമാണ്' ഇലോണ്‍ മസക് സമ്മതിക്കുന്നു. ഒരിക്കല്‍ ചൊവ്വയിലെത്തിപ്പെട്ടാലായിരിക്കും യഥാര്‍ഥ വെല്ലുവിളി ആരംഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ എത്തിപ്പെടുന്നവരായിരിക്കും ഭൂമിക്ക് പുറത്ത് മനുഷ്യന്റെ ആദ്യ കോളനി ആരംഭിക്കുക. മറ്റാരും അഭിമുഖീകരിക്കാത്ത വെല്ലുവിളികളായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക.