ചൈനീസ് ബഹിരാകാശ നിലയം കത്തിയമർന്നു, അവശിഷ്ടങ്ങൾ തൊട്ടുനോക്കരുതെന്ന് മുന്നറിയിപ്പ്

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിയമർന്നു. അവശിഷ്ടങ്ങൾ പസഫിക്ക് സമുദ്രത്തിൽ പതിച്ചേക്കുമെന്നാണ് ചൈനീസ് ഗവേഷകർ പറഞ്ഞത്. ഇന്നു പുലർച്ചെ 00.15 നാണ് ടിയാൻഗോങ് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചത്. ഇതോടെ നിലയത്തിന്റെ ഭൂരിഭാഗവും കത്തിയമർന്നു. ശേഷിക്കുന്ന ഭാഗങ്ങൾ വൈകാതെ സമുദ്രത്തിൽ വീഴുമെന്നാണ് പ്രവചനം. ഇക്കാര്യത്തിൽ ഭയക്കേണ്ടതില്ലെന്നും ഗവേഷകർ അറിയിച്ചിട്ടുണ്ട്.

ടിയാൻഗോങ്–1ന്റെ തിരിച്ചുവരവ് രാജ്യാന്തര ബഹിരാകാശ ഏജൻസികളെല്ലാം സ്ഥരീകരിച്ചിട്ടുണ്ട്. വടക്കു പടിഞ്ഞാറൻ ടാഹിതിയിലേക്ക് ബഹിരാകാശ നിലയം യാത്ര ആരംഭിച്ചതായി ശാസ്ത്രഞ്ജൻ ജൊനാഥൻ മക്ഡോവൽ ട്വീറ്റ് ചെയ്തിരുന്നു.

അവശിഷ്ടങ്ങൾ തൊട്ടുനോക്കരുതെന്ന് മുന്നറിയിപ്പ്

ഇതിനിടെ ചൈനീസ് ബഹിരാകാശ നിലയത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം അപകടകരമായ രാസവസ്തുക്കളും ഭൂമിയിലെത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഹൈഡ്രസൈന്‍ എന്ന് പേരുള്ള അപകടകാരിയായ രാസവസ്തുവാണ് ചൈനീസ് ബഹിരാകാശ നിലയമായ ടിയാങോങ് 1നൊപ്പം ഭൂമിയിലേക്ക് വരുന്നത്. 

ടിയാങോങ് 1ന്റെ ഭൂരിഭാഗം ഭാഗങ്ങളും ഭൂമിയിലേക്കുള്ള തിരിച്ചുവരവിനിടെ കത്തി തീർന്നിട്ടുണ്ട്. എങ്കിലും 10 മുതല്‍ നാല്‍പ്പത് ശതമാനം വരെ ഭാഗങ്ങള്‍ ഭൂമിയിലെത്താന്‍ സാധ്യത കാണുന്നുണ്ട്. ഇതില്‍ പല ഭാഗങ്ങളിലും ഹൈഡ്രസിന്‍ അടങ്ങിയിരുക്കുമെന്നതാണ് ഭീതിക്കു പിന്നില്‍. എന്തെങ്കിലും തരത്തിലുള്ള ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളെ കണ്ടെത്തിയാല്‍ തന്നെ അവ ഒരിക്കലും തൊട്ട് നോക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്.  

നിറമില്ലാത്ത എണ്ണപോലെ വഴുവഴുപ്പുള്ള ദ്രാവകരൂപത്തിലാണ് ഹൈഡ്രസിന്‍ കാണപ്പെടുക. വ്യവസായങ്ങളിലും കൃഷി, സൈനിക മേഖലകളിലും റോക്കറ്റ് ഇന്ധനങ്ങളില്‍ വരെ ഹൈഡ്രസിന്‍ ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രസിനുമായി അടുത്ത് പെരുമാറിയാല്‍ കണ്ണിനും മൂക്കിനും തൊണ്ടക്കുമെല്ലാം അസ്വസ്ഥത അനുഭവപ്പെടാം. തളര്‍ച്ചയും തലവേദനയും ഛര്‍ദ്ദിയും തുടങ്ങി ബോധം നഷ്ടമായി കോമയിലാകാനുള്ള സാധ്യത പോലുമുണ്ട്. നിരന്തരം ഈ ഹൈഡ്രസിനുമായി ബന്ധപ്പെടുന്നവര്‍ക്ക് അര്‍ബുദം ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.    

2016 സെപ്തംബര്‍ 14നാണ് തങ്ങളുടെ ബഹിരാകാശ നിലയമായ ടിയാങോങ് 1ന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം ചൈന ഔദ്യോഗികമായി സമ്മതിച്ചത്. കാലാന്തരത്തില്‍ ഭൂമിയിലേക്ക് ഇത് ഇടിച്ചിറങ്ങുമെന്ന് ചൈന അറിയിച്ചിരുന്നെങ്കിലും എന്നാണെന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. 2017 മധ്യത്തോടെ ഇടിച്ചിറങ്ങുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും മാര്‍ച്ച–ഏപ്രിലിൽ അത് സംഭവിക്കുകയെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്. എവിടെയായിരിക്കും ടിയാങോങ് 1 വന്നു വീഴുകയെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല.

ചൈനയുടെ ‘സ്വർഗീയ കൊട്ടാരം’    

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ(ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻ ഗോങ്. ‘സ്വർഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനർഥം. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബഹിരാകാശത്തു സ്ഥാപിച്ച ടിയാൻഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെൻഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ൽ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു. 2012ൽ ഷെൻഷൂ 10വിൽ ബഹിരാകാശ യാത്രികരും ടിയാൻഗോങ്ങിലെത്തി. പല വർഷങ്ങളെടുക്കുന്ന ഒട്ടേറെ വിക്ഷേപണങ്ങളിലൂടെയാണു ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്പേസ് ലാബ് യാഥാർഥ്യമാക്കിയത്. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.    

2018ൽ വിക്ഷേപണങ്ങൾ ആരംഭിച്ചു 2022ൽ നിലയം പ്രവർത്തനസജ്ജമാക്കാനും ചൈന പദ്ധതിയിട്ടു. ഐഎസ്എസിന്റെ വലിപ്പത്തിന്റെ അടുത്തെത്തില്ലെങ്കിലും സോവിയറ്റ് യൂണിയന്റെ പഴയ മിർ സ്റ്റേഷൻ പോലൊന്നു ചൈന യാഥാർഥ്യാമാക്കുമെന്നു ബഹിരാകാശ വിദഗ്ധരും കണക്കുകൂട്ടിയിരുന്നു. ഐഎസ്എസ് പിന്മാറുന്നതോടെ ബഹിരാകാശത്തെ‌ ഏക പരീക്ഷണ കേന്ദ്രം ടിയാൻഗോങ് ആയിമാറുമെന്നും കരുതിയിരുന്നു. അമേരിക്കയോ മറ്റു രാഷ്ട്രങ്ങളേതെങ്കിലുമോ മറ്റൊരു ബഹിരാകാശ നിലയം തയാറാക്കിയില്ലെങ്കിൽ ബഹിരാകാശത്ത് ചൈനയുടെ ഏകാധിപത്യമായിരിക്കുമെന്നും നിഗമനങ്ങളുണ്ടായി. പക്ഷേ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എല്ലാ സ്വപ്നങ്ങളും തകർന്നു. ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു. മാത്രവുമല്ല വൈകാതെ തന്നെ അത് ഭൂമിയിലേക്കു പതിക്കുമെന്നും.