ആഴക്കടലിൽ ആനക്കൊമ്പും അമൂല്യവസ്തുക്കളും, മുങ്ങിയത് ചൈനീസ് കപ്പൽ

എണ്ണൂറുവർഷം മുൻപു മുങ്ങിയ ചരക്കുകപ്പലിൽ നിന്നു ഗവേഷകർ കണ്ടെടുത്തതു ‘മെയ്ഡ് ഇൻ ചൈന’ എന്ന മുദ്രയുള്ള സെറാമിക് പാത്രങ്ങൾ. ചൈനയിലെ ജിയാനിങ് ഫു ജില്ലയിൽ നിർമിച്ച സെറാമിക് പാത്രങ്ങളുമായി പോയ കപ്പലാണു ഇന്തജാവക്കടലിൽ മുങ്ങിത്താണത്. 1980കളിൽ മീൻപിടിത്തക്കാർ കപ്പൽ അവശിഷ്ടം കണ്ടെത്തുകയായിരുന്നു. 

കപ്പൽച്ചേതം നടന്നതു പതിമൂന്നാം നൂറ്റാണ്ടിലായിരുന്നുവെന്നാണു പഴയ അനുമാനമെങ്കിലും പന്ത്രണ്ടാം നൂറ്റാണ്ടായിരിക്കാമെന്നു യുഎസിലെ ഫീൽഡ് മ്യൂസിയത്തിലെ പുരാവസ്തു ഗവേഷകയായ ലിസ നിസിയൊലെക് നേത‍ൃത്വം നൽകുന്ന പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ജിയാനിങ് ഫു ജില്ല 1278ലെ മംഗോളിയൻ അധിനിവേശത്തിനു ശേഷം ജിയാനിങ് ലു എന്നു പുനർനാമകരണം ചെയ്യപ്പെട്ടിരുന്നുവെന്ന ചരിത്രവിവരത്തിന്റെ തുമ്പുപിടിച്ചാണിത്. സെറാമിക് പാത്രങ്ങൾക്കൊപ്പം കപ്പലിലുണ്ടായിരുന്ന ആനക്കൊമ്പും സുഗന്ധമുള്ള മരക്കറയും റേഡിയോ കാർബൺ ഡേറ്റിങ് പരിശോധനയ്ക്കു വിധേയമാക്കി കാലപ്പഴക്കം സ്ഥിരീകരിച്ചു.

മരം കൊണ്ടു നിർമിച്ചതായിരുന്നു ഈ കപ്പൽ. വില കൂടിയ വസ്തുക്കളാണ് കപ്പൽ വഴി കടത്തിയിരുന്നത്. ആര്‍ക്കിയോളജിക്കല്‍ സയൻസ് എന്ന ജേണലിലാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. മുങ്ങിയ കപ്പലിൽ ഒരു ലക്ഷത്തോളം സെറാമിക് ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നു.