ലക്ഷം കോടിയിലേറെ മൂല്യം, 'ഹോളി ഗ്രെയിൽ' നിധി കണ്ടെത്തി

സമുദ്രം ഒളിപ്പിച്ചുവെച്ചിട്ടുള്ള നിരവധി നിധിക്കപ്പലുകളിലെ വിശുദ്ധ തിരുവത്താഴമെന്നാണ് (holy grail) ഈ നിധി അറിയപ്പെടുന്നത്. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുൻപ് കൊളംബിയന്‍ തീരത്ത് മുങ്ങിയ സ്പാനിഷ് കപ്പലായ സാന്‍ജോസിലാണ് ഈ നിധിയുള്ളത്. നൂറ്റാണ്ടുകള്‍ നീളുന്ന ഈ നിധി വേട്ടയ്‌ക്കൊടുവില്‍ വിജയിച്ചത് REMUS 6000 എന്ന റോബോട്ടായിരുന്നു. ഏകദേശം 1700 കോടി ഡോളറാണ്(1.16 ലക്ഷം കോടി രൂപ) വിശുദ്ധ തിരുവത്താഴ നിധിയുടെ മൂല്യം കണക്കാക്കുന്നത്. 

2011ല്‍ എയര്‍ ഫ്രാന്‍സ് 447 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചതോടെയാണ് REMUS 6000 എന്ന റോബോട്ടിന്റെ പെരുമ വര്‍ധിക്കുന്നത്. ശബ്ദ തരംഗങ്ങളുപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയാന്‍ ശേഷിയുള്ള ഈ റോബോട്ടിന് കടലിനടിയില്‍ 2000 അടി ആഴത്തില്‍ വരെ പരിശോധന നടത്താനാകും. 

നിധി കണ്ടെത്തിയെങ്കിലും ഇതുവരെ എവിടെയാണ് അതുള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഈ കപ്പല്‍ നിധിയുടെ ഉടമസ്ഥ തര്‍ക്കം തുടരുന്നതിനാലാണിത്. രാജ്യങ്ങള്‍ മാത്രമല്ല സ്വകാര്യ കമ്പനികള്‍ വരെ ഈ വിശുദ്ധ തിരുവത്താഴ നിധിക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്നുണ്ട്. 

1708 ജൂണ്‍ എട്ടിനായിരുന്നു വലിയ തോതില്‍ സ്വര്‍ണ്ണവും വെള്ളിയും എമറാള്‍ഡും അടക്കമുള്ള അമൂല്യ വസ്തുക്കളുമായി വന്ന സ്പാനിഷ് കപ്പല്‍ സാന്‍ ജോസ് കൊളംബിയന്‍ തീരത്ത് മുങ്ങിയത്. ബ്രിട്ടീഷ് കപ്പലുകളുമായുള്ള യുദ്ധത്തിനൊടുവിലായിരുന്നു സാന്‍ജോസ് മുങ്ങിയത്. ബ്രിട്ടനെതിരായ യുദ്ധത്തില്‍ സാമ്പത്തിക സഹായമെത്തിക്കുന്നതിന് അമേരിക്കയില്‍ നിന്നും സ്‌പെയിനിലേക്ക് പോവുകയായിരുന്നു സാന്‍ജോസ്. ആ സാമ്പത്തികമാണ് ബ്രിട്ടീഷ് കപ്പല്‍ പട കടലില്‍ മുക്കിക്കളഞ്ഞത്. 

ഇപ്പോള്‍ കൊളംബിയയിലുള്ള ബാറുവിന്റെ തീരത്തായിരുന്നു പോരാട്ടത്തിനൊടുവില്‍ സാന്‍ജോസ് മുങ്ങിയത്. റൊസാരിയോ ദ്വീപുകള്‍ക്ക് സമീപത്തെവിടെയോ ആണെന്ന് മാത്രമാണ് ഇപ്പോഴും പുറം ലോകത്തിനറിയുക. കൊളംബിയന്‍ നാവികസേനയുടേയും കൊളംബിയന്‍ പുരാവസ്തു വിഭാഗത്തിന്റേയും രാജ്യാന്തര വിദഗ്ധരുടേയും സംയുക്ത തിരച്ചിലില്‍ 2015ല്‍ തന്നെ ഈ നിധി കണ്ടെത്തിയെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് വിവരം പുറംലോകം അറിയുന്നത്. 

കൊളംബിയയുടെ രാഷ്ട്ര രഹസ്യമാണ് ഇപ്പോള്‍ ഈ നിധിപേടകം സ്ഥിതിചെയ്യുന്ന കടല്‍പ്രദേശം. സാമ്പത്തികത്തേക്കാള്‍ സാംസ്‌ക്കാരികമായി അമൂല്യമായ നിധിയാണിതെന്ന് യുനെസ്‌കോ കൊളംബിയയെ ഓര്‍മിപ്പിച്ചിരുന്നു. മസാച്ചുസെറ്റ്‌സ് ആസ്ഥാനമായുള്ള WHOI എന്ന കമ്പനിയുടെ സഹായത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്. ആഴക്കടലില്‍ തിരച്ചില്‍ നടത്തിയുള്ള അവരുടെ പരിചയമാണ് WHOIയെ തിരഞ്ഞെടുക്കാനുണ്ടായ കാരണം. അവരുടെ തന്നെ റോബോട്ടായ REMUS 6000 വഴിയാണ് നിധിയെക്കുറിച്ച് നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചതും.

ആഴക്കടലില്‍ മുങ്ങിക്കിടക്കുന്ന സാന്‍ ജോസിന്റെ അവശിഷ്ടങ്ങളുടെ 30 അടിവരെ അടുത്തു നിന്നും നിരവധി ചിത്രങ്ങളും REMUS 6000 എടുത്തിട്ടുണ്ട്. ഈ ചിത്രങ്ങളടക്കമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ സീ സെര്‍ച്ച് അര്‍മാഡ (SSA)യും കൊളംബിയന്‍ സര്‍ക്കാരുമായി നിധിയെചൊല്ലി നിയമപോരാട്ടം നടക്കുന്നുണ്ട്. 1981ല്‍ തന്നെ തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ തങ്ങള്‍ കണ്ടെത്തിയെന്നാണ് SSAയുടെ വാദം. ആദ്യം നിധി പങ്കുവെക്കാന്‍ കൊളംബിയ തയ്യാറായെങ്കിലും പിന്നീട് സര്‍ക്കാര്‍ നിലപാട് മാറ്റി.