തലയ്ക്കു പിറകിൽ ചെവി; ഇത്രയും നാൾ ആരുമറിഞ്ഞില്ല ആ മമ്മിയുടെ രഹസ്യം!

വർഷങ്ങളായി യുകെയിലെ മെയ്ഡ്സ്റ്റോൺ മ്യൂസിയത്തിലുണ്ടായിരുന്നു ആ ‘കുഞ്ഞൻ മമ്മി’. അതിന്റെ വലുപ്പവും അടക്കം ചെയ്ത പേടകത്തിനു മുകളിലെ ചിത്രപ്പണികളും പ്രാപ്പിടിയൻ പരുന്തിന്റെ ചിത്രവുമെല്ലാം കാരണം ഗവേഷകർ കരുതിയിരുന്നത് അത് പരുന്തിന്റെ തന്നെ മമ്മിയായിരിക്കുമെന്നായിരുന്നു. എന്നാൽ രണ്ടു വർഷം മുന്‍പു നടത്തിയ സിടി സ്കാൻ പരിശോധനയിൽ ആ ധാരണ തെറ്റി. അതൊരു ഗർഭസ്ഥ ശിശുവിന്റെ മമ്മിയാണെന്നു തിരിച്ചറിഞ്ഞു. ലോകത്തു തന്നെ ഇതുവരെ ഏഴോ എട്ടോ ഗർഭസ്ഥശിശുക്കളുടെ മമ്മി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അതിനാൽ ഈ പുതിയ മമ്മിയെ മൈക്രോ സിടി സ്കാൻ പരിശോധനയ്ക്കു വിധേയമാക്കാനും ഗവേഷകർ തീരുമാനിച്ചു. 

ലണ്ടനിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ആർക്കിയോളജിസ്റ്റായ ആൻഡ്രൂ നെൽസനായിരുന്നു ഇതിനു നേതൃത്വം നൽകിയത്. മമ്മിയുടെ ഏകദേശ ഘടന സിടി സ്കാനിലൂടെ ലഭിച്ചിരുന്നു. എന്നാൽ ലോകത്ത് ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും റെസല്യൂഷനുള്ള മമ്മിയുടെ ചിത്രങ്ങളാണു മൈക്രോ–സിടി സ്കാനിലൂടെ തങ്ങൾക്കു ലഭിച്ചതെന്നു നെൽസൻ അവകാശപ്പെടുന്നു. ‘വെർച്വൽ അനാവരണം’ എന്നാണ് ഇതിനെ നെൽസൻ വിശേഷിപ്പിച്ചത്. അതുവഴി തെളിഞ്ഞതാകട്ടെ ഇത്രയും കാലം ഒളിഞ്ഞിരുന്ന രഹസ്യങ്ങളും. 

2100 വർഷം പഴക്കമുണ്ടായിരുന്നു ആ മമ്മിക്ക്. ജനിച്ചപ്പോൾ തന്നെ മരിച്ച നിലയിലായിരുന്നു. എന്നാൽ ആ ചാപിള്ളയ്ക്ക് ചില പ്രത്യേകതകളുണ്ടായിരുന്നു. തലയോട്ടിയുടെ മേൽഭാഗവും മസ്തിഷ്കത്തിന്റെ ഒരു ഭാഗവും ഇല്ലായിരുന്നു. തലയ്ക്കു പിന്നിലായിരുന്നു ചെവിയുടെ അസ്ഥികൾ. നട്ടെല്ലും പൂർണരൂപത്തിലായിരുന്നില്ല. ഏകദേശം 23 മുതൽ 28 ആഴ്ച വരെ പ്രായമുള്ളതായിരുന്നു ആ ശിശു. എന്നാൽ ഇത് അദ്ഭുത ശിശുവൊന്നുമല്ലെന്നും നെൽസൻ പറയുന്നു. 

അനെൻസെഫലി എന്ന അവസ്ഥയായിരുന്നു കുഞ്ഞിന്. മസ്തിഷ്കത്തിന്റെയും തലയോട്ടിയുടെയും ഉൾപ്പെടെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഇല്ലാതെ ജനിക്കുന്ന അവസ്ഥ. മിക്കവാറും ജനിക്കും മുൻപേ കുഞ്ഞ് മരിച്ചിട്ടുണ്ടാകും. ഫോളിക് ആസിഡിന്റെ അഭാവം കൊണ്ടാണ് ഇതുണ്ടാകുന്നത്. ഗർഭകാലത്ത് അമ്മ പച്ചക്കറികൾ കഴിക്കാത്തതാണ് ഫോളിക് ആസിഡിന്റെ അഭാവത്തിലേക്കു നയിക്കുന്നത്. കുട്ടിയുടെ രൂപം കണ്ട  മാതാപിതാക്കളാണ് ഇവിടെ മമ്മിഫിക്കേഷനു തീരുമാനിച്ചതെന്നാണു ഗവേഷകരുടെ നിഗമനം. എന്നാൽ ഇങ്ങനെയൊരു തീരുമാനം വളരെ അപൂർവമായേ എടുക്കാറുള്ളൂ. എന്താണ് ഇതിലേക്ക് നയിച്ചതെന്നും ഗവേഷകർ അന്വേഷിക്കുന്നുണ്ട്. 

ഇത്തരത്തിൽ ജനിക്കുന്ന കുട്ടികളെ ചുറ്റിപ്പറ്റി ഒട്ടേറെ അന്ധവിശ്വാസങ്ങളും പുരാതന ഈജിപ്തിൽ പ്രചരിച്ചിരുന്നു. ചാപിള്ളയായ കുട്ടികളുടെ മമ്മികളെ മന്ത്രവാദത്തിനു പോലും ഉപയോഗിച്ചിരുന്നു. അതാണോ ഈ മമ്മിഫിക്കേഷനു പിന്നിലെന്നും പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ തലയോട്ടിക്കു മാത്രമായിരുന്നു പ്രശ്നം. കൈകാലുകളും വിരലുകളും ഉൾപ്പെടെ ശരിയായ രൂപത്തിലായിരുന്നു. അനെൻസെഫലി ബാധിച്ച രണ്ടാമത്തെ മമ്മിയാണു ഗവേഷകർ കണ്ടെത്തുന്നത്. ആദ്യത്തേത് 1826ലായിരുന്നു. എന്തുകൊണ്ടാണ് കുഞ്ഞുങ്ങളുടെ ഇത്തരം മൃതദേഹങ്ങൾ മാത്രം മമ്മിയാക്കി മാറ്റുന്നത് എന്ന ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ ഏറ്റവും പുതിയ കണ്ടെത്തലിനും ഏറെ പ്രത്യേകതകളുണ്ടെന്നു വിശ്വസിക്കുന്നു നെൽസനും സംഘവും.