റഷ്യൻ ‘തടാകതീരത്തെ സുന്ദരി’യുടെ കല്ലറ തുറന്നു, ഞെട്ടിക്കും ദൃശ്യം

1980കളിലാണ് റഷ്യയിലെ യെനിസി നദിയിൽ ഒരു ജലസംഭരണി രൂപപ്പെടുന്നത്. 794 അടി ഉയരമുള്ള സയാനോ–ഷുഷെൻസ്കയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായിട്ടുള്ളതായിരുന്നു ആ സംഭരണി. എന്നാൽ അടുത്തിടെ ഇവിടെ വൻതോതിൽ വെള്ളമിറങ്ങി. തീരത്തിന്റെ പല ഭാഗങ്ങളും തെളിഞ്ഞു കാണപ്പെട്ടു. രണ്ടായിരം വർഷത്തോളമായി ആ തീരത്ത് ഉറങ്ങിക്കിടന്നിരുന്ന ‘സുന്ദരി’യുടെ ശവകുടീരമാണ് അതോടെ ലോകത്തിനു മുന്നിൽ തെളിഞ്ഞത്. ആഡംബര പൂർണമായ വസ്ത്രധാരണവും സൗന്ദര്യവർധക വസ്തുക്കളും മരണാനന്തര ജീവിതത്തിനു ശേഷം ഉപയോഗിക്കാനുള്ള വസ്തുക്കളുമെല്ലാം ചേർന്ന ഒരു ശവപ്പെട്ടി. അതിൽ യാതൊരു കുഴപ്പവും സംഭവിക്കാതെ ‘മമ്മിഫിക്കേഷനു’ വിധേയയായ ആ സുന്ദരിയും. 

ശരീരത്തിനു കാര്യമായ യാതൊരു കേടുപാടും സംഭവിക്കാത്ത വിധമായിരുന്നു ആ മമ്മി റഷ്യൻ ഗവേഷകർക്കു ലഭിച്ചത്. അപൂർവങ്ങളിൽ അപൂർവമായാണ് ഇത്തരത്തിൽ പ്രകൃതിദത്തമായ ‘മമ്മിഫിക്കേഷൻ’ സംഭവിക്കാറുള്ളത്. കല്ലുകൊണ്ടുള്ള ശവപ്പെട്ടിയിലായിരുന്നു ആ മൃതദേഹം അടക്കം ചെയ്തിരുന്നത്. പുറമെ നിന്നും കാറ്റിനു പോലും കടക്കാനാകാത്ത വിധം അടക്കം ചെയ്തതോടെയാണു രണ്ടായിരം വര്‍ഷമായിട്ടും കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാതെ മൃതദേഹം സംരക്ഷിക്കപ്പെട്ടത്. 

ഹൺ വിഭാഗത്തിൽപ്പെട്ട യുവതിയുടേതാണ് ആ മൃതദേഹമെന്നാണ് സെന്റ് പീറ്റേഴ്സ്ബർഗിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് മറ്റീരിയൽ കൾച്ചറിലെ ഗവേഷകർ പറയുന്നത്. എഡി നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയില്‍ മധ്യേഷ്യയിലും കോക്കസസിലും കിഴക്കൻ യൂറോപ്പിലുമായി ജീവിച്ചിരുന്ന നാടോടി വിഭാഗക്കാരാണ് ‘ഹൺ’.  യൂറോപ്പ്–ഏഷ്യ അതിർത്തി പ്രദേശമായിരുന്നു കോക്കസസ്. കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ള ഈ പ്രദേശം ഇന്ന് റഷ്യ, ജോർജിയ, അസർബൈജാൻ, അർമീനിയ എന്നിവ ഉൾപ്പെട്ടതാണ്. റഷ്യയിലെ വോൾഗ നദിയുടെ കിഴക്ക് എഡി 370ലാണ് ഹൺ വിഭാഗക്കാരെത്തുന്നത്. എഡി 430 ആകുമ്പോഴേക്കും യൂറോപ്പിൽ ചെറുതല്ലാത്ത ഒരു സാമ്രാജ്യം ഇവർ സ്ഥാപിച്ചെടുത്തിരുന്നു. എന്നാൽ അതിന് അധികം ആയുസ്സും ഉണ്ടായിരുന്നില്ല. അഞ്ചാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു പിന്നിൽ ഹൺ വിഭാഗക്കാർക്കും പങ്കുണ്ടെന്നാണു കരുതുന്നത്. 

യെനിസി നദീതീരത്തു നിന്നു ലഭിച്ച മമ്മിക്ക് 1900 മുതൽ 2000 വർഷം വരെ പഴക്കമുണ്ടെന്നാണു കരുതുന്നത്. എന്നാൽ കൃത്യമായ പഴക്കം ഇതുവരെ നിർണയിച്ചെടുത്തിട്ടില്ല. സിൽക്കു കൊണ്ടുള്ള പാവാട ധരിപ്പിച്ചായിരുന്നു മൃതദേഹം. പൈൻ മരത്തിന്റെ വിത്ത് നിറച്ച ഒരു ചെറു സഞ്ചി ഹൃദയത്തോടു ചേർത്തു വച്ച നിലയിലായിരുന്നു. വിലപിടിച്ച ഒട്ടേറെ വസ്തുക്കളും കല്ലറയിലുണ്ടായിരുന്നു. മുത്തുകൾ പതിച്ച ബെൽറ്റ്, അതിൽ വിലയേറിയ കല്ലുകൾ പതിച്ച ബക്ക്ൾ, ഒരു ചൈനീസ് മാതൃകയിവുള്ള കണ്ണാടി, പെൺകുട്ടികളുടെ മെയ്ക് അപ് ബോക്സ് തുടങ്ങിയവയെല്ലാം മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു. 

കണ്ണാടി സൂക്ഷിച്ചിരുന്നത് ഒരു മരപ്പെട്ടിയിലായിരുന്നു. അതിന്മേൽ പൂവരശു കൊണ്ടുള്ള ചിത്രപ്പണികളുമുണ്ടായിരുന്നു. ഹൺ വിഭാഗത്തിലെ യുവതിയായിരിക്കും ഇതെന്നതിനു തെളിവായും ഇക്കാര്യങ്ങളെല്ലാം ഗവേഷകർ പരിശോധിക്കുന്നുണ്ട്. ശരീരത്തിലെ കോശങ്ങളും കലകളും അവയവങ്ങളുമെല്ലാം രാസവസ്തുക്കളുടെ സഹായമില്ലാതെ തന്നെ ‘മമ്മിഫിക്കേഷനു’ വിധേയമാകാറുണ്ട്. ഒന്നുകിൽ വർഷങ്ങളോളം കനത്ത തണുപ്പ്, അല്ലെങ്കിൽ വരണ്ട അവസ്ഥ, അതുമല്ലെങ്കിൽ ഓക്സിജൻ ഒട്ടും ലഭിക്കാത്ത അവസ്ഥയിലാണു പ്രകൃതിദത്തമായി മമ്മിഫിക്കേഷൻ നടക്കുന്നത്. കല്ലറയിലേക്ക് വായു കടക്കാതിരുന്നതാണ് ഹൺ യുവതിയെ ‘രക്ഷിച്ചതെന്നാണു’ ഗവേഷകരുടെ നിഗമനം. 

ഹൺ വിഭാഗക്കാരിൽ നിന്നു നേരത്തേ കണ്ടെത്തിയതിനു സമാനമായ ഒരു ചെറുപാത്രവും കല്ലറയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മരണാനന്തര ജീവിത കാലത്തിലേക്കുള്ള പലതരം ഭക്ഷ്യവസ്തുക്കളായിരുന്നു. പൈൻ വിത്തുകളും ഇതിന്റെ ഭാഗമാണെന്നാണു കരുതുന്നത്. അന്നത്തെ തുണിത്തരങ്ങളും തുകലിന്റെ ഉപയോഗവും കരകൗശലവും ഉൾപ്പെടെ പഠനവിധേയമാക്കാൻ സഹായിക്കുന്ന വസ്തുക്കളും കല്ലറയിലുണ്ട്. ഹൺ വിഭാഗക്കാരുടെ ജീവിതകാലത്തെപ്പറ്റി പഠിക്കാൻ ലഭിച്ചിരിക്കുന്ന ‘ജീവനുള്ള’ തെളിവായാണ് ഗവേഷകർ ഈ മമ്മിയെ കണക്കാക്കുന്നത്. അത്രയേറെ കൃത്യതയോടെയാണ് ചരിത്രം ഈ കല്ലറയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.