കാലിഫോര്‍ണിയക്ക് മുകളിലൂടെ പറന്നത് പൈലറ്റില്ലാ വിമാനം

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് വിമാനങ്ങളെ തന്നെ നിയന്ത്രിക്കുന്ന കാലത്തേക്കാണ് നമ്മുടെ പോക്കെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നല്‍കുന്ന സൂചന. റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന നാസയുടെ ഡ്രോണ്‍ കാലിഫോര്‍ണിയക്ക് മുകളിലെ വിമാന പാതയിലൂടെ വിജയകരമായി സഞ്ചരിച്ച് സുരക്ഷിതമായി നിലത്തിറങ്ങി. ചരിത്രത്തിലാദ്യമായി അകമ്പടി വിമാനമില്ലാതെ ഡ്രോണ്‍ സാധാരണ വിമാനപാതയിലൂടെ പറത്തിയാണ് നാസ പുതിയ റെക്കോഡിട്ടിരിക്കുന്നത്. 

വ്യോമസേനയുടെ എംക്യു പ്രെഡേറ്റര്‍ ബി അഥവാ ഇക്കാന എന്ന സൈനികേതര ഡ്രോണാണ് ചരിത്ര പറക്കല്‍ നടത്തിയത്. 36 അടി നീളവും 66 അടി ചിറകുവീതിയുമുള്ള ഡ്രോണാണിത്. കാട്ടുതീ അണയ്ക്കല്‍ അടിയന്തര സഹായം എത്തിക്കല്‍ തിരച്ചിലുകള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ ഭാവിയില്‍ ഈ ഡ്രോണിന്റെ സഹായം സാധ്യമാകുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍. 

കാലിഫോര്‍ണിയയിലെ എഡ്‌വേര്‍ഡ്‌സ് വ്യോമസേനാ ആസ്ഥാനത്തു നിന്നാണ് പൈലറ്റില്ലാ വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് ഏറെ വൈകാതെ തന്നെ സ്ഥിരം വ്യോമപാതയിലേക്ക് എത്തുകയും ചെയ്തു. മറ്റു വിമാനങ്ങളില്‍ കൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലേക്ക് ഈ ഡ്രോണിന്റെ സാങ്കേതിക വിദ്യ മാറ്റാനാകുമെന്നാണ് നാസ വ്യക്തമാക്കുന്നത്. 

ഇതോടെ വിമാനങ്ങളിലെ പൈലറ്റുമാരുടെ എണ്ണത്തില്‍ പോലും സമീപ ഭാവിയില്‍ കുറവുണ്ടാകും. പറന്നുയരുന്നതിനും ഇറങ്ങുന്നതിനും കംപ്യൂട്ടറിന്റെ സഹായമാണ് ഇപ്പോള്‍ വിമാന കമ്പനിയായ ജെറ്റ് ലൈനേഴ്‌സ് ഉപയോഗപ്പെടുത്തുന്നത്. ഇതോടെ സാധാരണ യാത്രാ വിമാനത്തിലെ പൈലറ്റുമാരുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടായി കുറഞ്ഞു. 

പൈലറ്റില്ലാ വിമാനങ്ങളില്‍ ബോയിങ് അടക്കമുള്ള വിമാന കമ്പനികള്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ തന്നെ പൈലറ്റുമാരുടെ ജോലികളില്‍ വലിയൊരു ഭാഗം കംപ്യൂട്ടറുകളാണ് ചെയ്യുന്നത്. ഇതിന്റെ തോത് വര്‍ധിക്കുമെന്നു തന്നെയാണ് വിമാന കമ്പനികള്‍ നല്‍കുന്ന സൂചന. പരീക്ഷണ പറക്കല്‍ നടത്തിയ നാനയുടെ ഇക്കാന ഡ്രോണ്‍ നിരീക്ഷണത്തിനൊപ്പം ഉപഗ്രഹങ്ങള്‍ വഴിയുള്ള നാവിഗേഷനും കൂടി നടത്തിയാണ് ദിശ നിര്‍ണ്ണയിക്കുന്നത്. നിശ്ചിത ഇടവേളയില്‍ വിവരങ്ങള്‍ മറ്റുവിമാനങ്ങളുമായി പങ്കുവെക്കുകയും ചെയ്യും. 

40000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ശേഷിയുള്ള ഡ്രോണാണ് ഇക്കാന. അമേരിക്കയില്‍ നടത്തിയ പരീക്ഷണപറക്കലില്‍ ഇക്കാന 20000 അടി ഉയരത്തിലാണ് പറന്നത്. സാധാരണ യാത്രാവിമാനങ്ങള്‍ പറക്കുന്ന ഉയരമാണിത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയ പ്രത്യേക അനുമതിയുടെ സഹായത്തിലാണ് നാസ ഈ പരീക്ഷണ പറക്കല്‍ നടത്തിയത്. 

ഒറ്റയടിക്ക് പൈലറ്റില്ലാ യാത്രാവിമാനം യാഥാര്‍ഥ്യമാകില്ലെങ്കിലും വൈകാതെ പൈലറ്റുമാരുടെ എണ്ണം വീണ്ടും കുറയുമെന്നാണ് കരുതപ്പെടുന്നത്. ഒരു വിമാനത്തിന് ഒരു പൈലറ്റ് എന്ന നിലയിലേക്കായിരിക്കും മാറ്റം സംഭവിക്കുക. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ കരയില്‍ നിന്നും റിമോട്ട് കണ്‍ട്രോള്‍ പൈലറ്റും ഉണ്ടാകും. അടുത്തകാലത്ത് സംഭവിക്കുന്ന വിമാന ദുരന്തങ്ങളില്‍ പൈലറ്റുമാരുടെ പിഴവ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. പൈലറ്റില്ലാ വിമാനങ്ങളുടെ വരവോടെ ഈ അപകടങ്ങളില്‍ പോലും കുറവുവരുമെന്ന് കരുതുന്ന വിദഗ്ധരുമുണ്ട്.