മൂന്നു കോടീശ്വരൻമാർക്കും ഒരേ ലക്ഷ്യം, വൻ ദൗത്യത്തിനുള്ള വാഹനങ്ങളും റെഡി?

ലോകത്തെ ശതകോടീശ്വരന്മാരായ ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്നിവര്‍ക്കിടയില്‍ വലിയൊരു മത്സരം നടക്കുന്നുണ്ട്. മൂന്നുപേരില്‍ ആരുടെ കമ്പനിയാകും ആദ്യമായി ബഹിരാകാശത്ത് വിനോദസഞ്ചാരികളെ എത്തിക്കുകയെന്നതിലാണത്. ആ മത്സരം അന്തിമഘട്ടത്തിലാണിപ്പോള്‍. അടുത്ത വര്‍ഷത്തിനുള്ളില്‍ തന്നെ ബഹിരാകാശ വിനോദസഞ്ചാരമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണിവര്‍. 

ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനിയാണ് ബഹിരാകാശ ടൂറിസം രംഗത്ത് ഒടുവിലായി ശ്രദ്ധേയ മുന്നേറ്റം നടത്തിയിരിക്കുന്നത്. ബഹിരാകാശത്ത് പോയ ശേഷം കാപ്‌സൂളിനെ വിജയകരമായി അവര്‍ തിരിച്ചിറക്കിയിരിക്കുന്നു. അമേരിക്കയിലെ ടെക്‌സാസിലെ മരുപ്രദേശത്തായിരുന്നു ബ്ലൂ ഒറിജിന്റെ ഡമ്മി സഞ്ചാരിയേയും വഹിച്ചുള്ളതിരിച്ചിറക്കം. 

മനുഷ്യനെ വെച്ചുള്ള ആദ്യത്തെ പരീക്ഷണം വൈകാതെ സംഭവിക്കുമെന്നാണ് ബ്ലൂ ഒറിജിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് റോബ് മയേര്‍സണ്‍ പറഞ്ഞത്. 2019ഓടെ ബഹിരാകാശ യാത്രക്കുള്ള ടിക്കറ്റുകള്‍ ഞങ്ങള്‍ വില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എത്രയായിരിക്കും ബഹിരാകാശ യാത്രക്ക് ചെലവാകുകയെന്ന് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ജെഫ് ബെസോസ് പോലും ടിക്കറ്റ് വിലയെത്രയാകുമെന്ന സൂചന പോലും നല്‍കിയിട്ടില്ല.

മറുഭാഗത്ത് റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ കാലക്ടിക് പത്തു വര്‍ഷം മുൻപ് തന്നെ ബഹിരാകാശ യാത്രക്കുള്ള ടിക്കറ്റ് വിറ്റവരാണ്. എന്നാല്‍ ഇതുവരെ അവര്‍ക്കാ സ്വപ്‌നം പൂര്‍ത്തിയാക്കാനായിട്ടില്ല. എഴുന്നൂറോളം പേരാണ് ബ്രാന്‍സന്റെ വിര്‍ജിന്‍ കാലക്ടികിലൂടെ ബഹിരാകാശത്തെത്താമെന്ന സ്വപ്‌നം കണ്ട് ടിക്കറ്റെടുത്തിരിക്കുന്നത്.

ബഹിരാകാശത്തിന്റെ അതിര്‍ത്തി വരെ വിജയകരമായി പരീക്ഷണപറക്കല്‍ നടത്താന്‍ കഴിഞ്ഞമാസം വിര്‍ജിന്‍ കാലക്ടിക്കിന് കഴിഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ ബഹിരാകാശ യാനത്തെ വൈറ്റ്‌നൈറ്റ്ടു എന്ന് പേരുള്ള വിമാനത്തില്‍ 45,600 അടി ഉയരത്തിലെത്തിച്ചു. പിന്നീട് ബഹിരാകാശ യാനത്തിന്റെ എൻജിന്‍ പ്രവര്‍ത്തിപ്പിച്ച് 1,14,500 അടി ഉയരം വരെ എത്തിക്കാനായി. 

കഴിഞ്ഞ ഏപ്രിലില്‍ ഇവരന്‍ നടത്തിയ പരീക്ഷണപറക്കലില്‍ 84,271 അടി ഉയരത്തില്‍ ബഹിരാകാശ യാനം എത്തിയിരുന്നു. അത് വെച്ചു നോക്കുമ്പോള്‍ വിര്‍ജിന്‍ ഗാലെക്ടിക്കിന്റേത് വൻ നേട്ടമാണ്. എന്നാൽ ഇനിയും വെല്ലുവിളികള്‍ മറികടക്കാനുണ്ട്. 3,60,890 അടി ഉയരത്തില്‍ ബഹിരാകാശ യാത്രികരെ എത്തിക്കുമെന്നാണ് അവര്‍ നല്‍കുന്ന വാഗ്ദാനം. ബഹിരാകാശത്തിന്റെ അതിര്‍ത്തിയായി കണക്കാക്കുന്നത് ഭൂമിയില്‍ നിന്നും 3,28,000 അടി ഉയരം മുതലാണ്. 

നാസയുടെ കൂടി സഹകരണമുള്ളതിനാല്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനി വേഗത്തില്‍ ബഹിരാകാശ യാത്ര സാധ്യമാക്കുമെന്ന് കരുതുന്നവരും നിരവധിയാണ്. നാസയുമായുണ്ടാക്കിയ കരാര്‍ പ്രകാരം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുകയെന്നതാണ് ഇലോണ്‍ മസ്‌ക് സ്വപ്‌നം കാണുന്ന ബഹിരാകാശ ടൂറിസം. അടുത്ത വര്‍ഷത്തോടെ അത് യാഥാര്‍ഥ്യമാകും.