കൊടുങ്കാറ്റും പേമാരിയും നേരത്തെ അറിയും, ഇനി അങ്ങനെ സംഭവിക്കില്ല

കൊടുങ്കാറ്റുകളും പേമാരിയും മുൻകൂട്ടി പ്രവചിക്കാവുന്ന നാസയുടെ ഉപഗ്രഹങ്ങള്‍ അടുത്ത വർഷം ആരംഭത്തോടെ പ്രവർത്ത സജ്ജമാകും. എട്ട് ചെറിയ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഭീകര കൊടുങ്കാറ്റുകളുടെ തീവ്രത അവ വീശിയടിക്കുന്നതിന് മുന്നോടിയായി മനസ്സിലാക്കാൻ കഴിയുന്ന പുതിയ നിരീക്ഷണ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. 

നിലവിലുള്ള നിരീക്ഷണ സംവിധാനത്തിൽ കൊടുങ്കാറ്റുകളുടെ പാത കൃത്യമായി പ്രവചിക്കാൻ സാധിക്കുമെങ്കിലും അവയുടെ തീഷ്ണത അളക്കാനാകില്ല. ഈ ഒരു അപാകത പരിഹരിക്കാൻ സൈക്ലോൺ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (Cygnss) എന്ന ഉപഗ്രഹ കൂട്ടത്തിന് കഴിയുമെന്നാണ് നാസയുടെ പ്രതീക്ഷ. കൊടുങ്കാറ്റിന്‍റെ പാതയിലുള്ളവരെ വീടുകളിൽ നിന്നും ഒഴിപ്പിക്കുന്നതു സംബന്ധിച്ച നിർണായകമായ വിവരങ്ങൾ കൈമാറാൻ ശാസ്ത്രജ്ഞർക്ക് ഇതുവഴി സാധിക്കും.

ട്രോപ്പിക്കൽ സിസ്റ്റത്തിന്‍റെ ഉൾകാമ്പിലും അടുത്തുമായി വീശുന്ന പ്രതല കാറ്റിന്‍റെ വേഗതയളക്കാൻ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് Cygnss സംവിധാനം. കൊടുങ്കാറ്റിന്‍റെ ശക്തി രൂപം കൊള്ളുന്ന അവയുടെ കണ്ണിന്‍റെ പുറം പ്രതലത്തിലുള്ള കാറ്റിന്‍റെ വേഗത അളക്കാൻ ഈ സംവിധാനത്തിന് സാധിക്കും. ദൃഷ്ടിക്ക് ചുറ്റും രൂപം കൊള്ളുന്ന മഴ മൂലം ഈ മേഖലയിലേക്ക് കടന്നു കയറുന്നത് നിലവിലുള്ള ഉപഗ്രഹങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്കരമായ പ്രക്രിയയായിരുന്നു. കേവലം 24 കിലോ മാത്രമാണ് ഓരോ ഉപഗ്രഹത്തിന്‍റെയും ഭാരം. 

സമുദ്ര പ്രതലം പ്രതിഫലിപ്പിക്കുന്ന ജിപിഎസ് സിഗ്നലുകൾ ഉപയോഗിച്ചാണ് ഇവ കൊടുങ്കാറ്റിന്‍റെ വേഗം അളക്കുന്നത്. ഈ സിഗ്നലുകളാകട്ടെ കൊടുങ്കാറ്റിന്‍റെ വേഗത രൂപം കൊള്ളുന്ന കണ്ണിലെ കനത്ത മഴയെ കീറിമുറിച്ച് പ്രവേശിക്കാൻ പ്രാപ്തിയുള്ളവയാണ്. കൊടുങ്കാറ്റിന്‍റെ അടുത്തുകൂടി Cygnss ഉപഗ്രഹങ്ങള്‍ തുടർച്ചയായി കടന്നുപോകുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പു നൽകാമെന്നാണ് നാസയുടെ പ്രതീക്ഷ.