24 കോടി വർഷം മുൻപ് കൊച്ചി ഇവിടെയായിരുന്നു, കോഴിക്കോടോ?

24 കോടി വർഷം മുൻപ് ഭൂമി ഇങ്ങനൊന്നും ആയിരുന്നില്ല. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിങ്ങനെ വിവിധ ഭൂഖണ്ഡങ്ങളും രാജ്യങ്ങളും അന്നില്ലായിരുന്നു. കരയെല്ലാം കൂടി ഒരുമിച്ചു കിടന്നിരുന്ന ഭാഗത്തെ ചരിത്രകാരന്മാർ പാൻജിയ എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് ആ പാൻജിയ വിഭജിക്കപ്പെടുകയും പല ഭൂഖണ്ഡങ്ങൾ ഉണ്ടായി. ഭൂമിയിൽ ഇന്നുള്ള എല്ലാ സ്ഥലങ്ങളും അന്നും ഉണ്ടായിരുന്നു. 

എന്നാൽ, ഇന്നത്തെ കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവുമൊക്കെ അന്ന് എവിടെയായിരുന്നു എന്നത് അറിയാവുന്നർ ആരുമില്ല. ഭൗമശാസ്ത്രജ്ഞർ വിവിധ ആവശ്യങ്ങൾക്കായി ശേഖരിച്ച ഡേറ്റ ഉപയോഗിച്ചുകൊണ്ട് 75 കോടി വർഷത്തെ ഭൂമിയുടെ പരിണാമം വിശകലനം ചെയ്യുകയാണ് ദിനോസർ പിക്ചേഴ്സ്. 

75 കോടി വർഷം മുൻപു മുതലുള്ള ഡിജിറ്റൽ ഗ്ലോബാണ് വെബ്സൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ കാലഘട്ടത്തിലെയും ഗ്ലോബ് പ്രത്യേകം തിരഞ്ഞെടുത്തു പരിശോധിക്കാം. ഗ്ലോബിൽ ലഭ്യമായ ഏറ്റവും അടുത്ത കാലഘട്ടം രണ്ടു കോടി വർഷമാണ്. ലോകത്തുള്ള ഏതു സ്ഥലവും സേർച്ച് ചെയ്ത് ഈ കാലഘട്ടങ്ങളിൽ പ്രസ്തുത സ്ഥലം ഭൂമിയിൽ എവിടെയായിരുന്നു എന്ന് കണ്ടെത്താൻ കഴിയും എന്നതാണ് കൗതുകകരം. 

ആദ്യത്തെ ജീവി, ആദ്യത്തെ സസ്യം, ദിനോസർ കാലഘട്ടം എന്നിങ്ങനെയും ഭൂമിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളും സേർച്ച് ചെയ്യാം. ഭൂമിശാസ്ത്രം പഠിക്കുന്നവർക്ക് ഈ പുരാതന ഗ്ലോബ് ഒരു മുതൽക്കൂട്ടാണ്. വിലാസം: dinosaurpictures.org/ancient-earth