ഇവിടെയുള്ളത് കോടാനുകോടി ഡോളര്‍ മൂല്യമുള്ള 'നിധി'; ലോക സമ്പദ്‌വ്യവസ്ഥയെ വരെ തകര്‍ക്കും

നാം എല്ലാ ദിവസവും കിടന്നുറങ്ങുന്നതിനു തൊട്ടു താഴെ കോടിക്കണക്കിനു രൂപ വില വരുന്ന നിധി ഒളിഞ്ഞിരിക്കുന്നു. പക്ഷേ നമ്മൾ അത് അറിയുന്നില്ല. ഒരിക്കൽ അക്കാര്യം അറിഞ്ഞപ്പോഴാകട്ടെ അതു പുറത്തെടുക്കാനാകാത്ത അവസ്ഥയും. ഇതു യഥാർഥത്തിൽ സംഭവിച്ചിരിക്കുകയാണ്. ഭൂമിയ്ക്കടിയിൽ നൂറു മൈലിലേറെ താഴെയാണു കണ്ണഞ്ചിപ്പിക്കുന്ന നിധി ഒളിച്ചിരിക്കുന്നത്. ഏകദേശം 90 മുതൽ 150 വരെ മൈൽ താഴെയായി കണ്ടെത്തിയതാകട്ടെ വജ്രഖനിയും. ഇതിന്റെ മൂല്യം കേട്ടു ഞെട്ടരുത്. ഒരു ക്വാഡ്രില്യൺ ടണ്ണിലേറെ വരും. (ഒന്നു കഴിഞ്ഞ് 15 പൂജ്യം വരുന്നതാണ് ക്വാഡ്രില്യൺ (അമേരിക്കൻ കണക്ക്). 

ഇതിന്റെ ഒരു ചെറിയ ശതമാനമെങ്കിലും കിട്ടിയാൽ മതി ഭൂമിയിലെ ഒരു വിധത്തിൽപ്പെട്ട വജ്രക്ഷാമമെല്ലാം അവസാനിക്കും. പക്ഷേ എന്തു ചെയ്യാനാണ്? അത്രയും ആഴത്തിൽ പോയി കഠിനമായ പാറ തുരന്നു വജ്രം കുഴിച്ചെടുക്കാൻ ശക്തിയുള്ള ഡ്രില്ലിങ് സംവിധാനങ്ങളൊന്നും നിലവിൽ ലോകത്ത് എവിടെയുമില്ല. അത് അടുത്ത കാലത്തൊന്നും നിർമിച്ചെടുക്കാനും സാധിക്കില്ല. ഭൂമിക്കടിയിലെ അത്രയേറെ സങ്കീർണമായ പ്രദേശത്താണ് ഈ വജ്രഖനിയുള്ളത്. ഭൂമിയുടെ അന്തർഭാഗത്തെ രഹസ്യങ്ങളെപ്പറ്റി പഠിക്കാൻ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എർത്ത്, അറ്റ്മോസ്ഫെറിക് ആൻഡ് പ്ലാനറ്ററി സയൻസസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്യാന്തര ഗവേഷണത്തിലാണ് ഈ അപൂർവനിധിയെപ്പറ്റിയുള്ള കണ്ടെത്തലുണ്ടായത്.

ഭൂമിയ്ക്കടിയിലെ ഏറ്റവും പഴക്കമുള്ള മേഖലകളിലൊന്നിലാണ് വജ്രശേഖരത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഏകദേശം നൂറു മൈൽ താഴെയുള്ള ഈ ഭാഗം അറിയപ്പെടുന്നത് ‘റൂട്ട്സ് ഓഫ് ക്രേറ്റൺസ്’ എന്നാണ്. ശുദ്ധമായ കാർബണിനാലാണു വജ്രങ്ങൾ രൂപപ്പെടുന്നത്. അതീവശക്തമായ ചൂടും സമ്മര്‍ദ്ദവുമേറ്റ് ദശലക്ഷക്കണക്കിനു വർഷങ്ങളെടുത്തു രൂപപ്പെടുന്നതാണ് ഓരോ വജ്രവും. ഇത്തരത്തിൽ രൂപപ്പെട്ട വജ്രമാണ് ക്രേറ്റണിക് റൂട്ട്സിൽ ചിതറിക്കിടക്കുന്നത്. ഭൂമിയുടെ ആരംഭകാലത്തു രൂപപ്പെട്ട പാറക്കൂട്ടങ്ങളിൽ രണ്ടു ശതമാനം വരുന്നതാണ് ക്രേറ്റണിക് റൂട്ട്സിലുള്ളത്. ഇതിന്റെ അസാധാരണമായ വലുപ്പം കൊണ്ടുതന്നെയാണ് ഭൂമിക്കടിയിൽ ക്വാഡ്രില്യൺ ടണ്ണിലേറെ വജ്രം പ്രതീക്ഷിക്കുന്നത്. 

ഈ പാറക്കൂട്ടങ്ങളെ അനക്കാൻ പോലും സാധിക്കില്ല. അത്രയേറെ കാഠിന്യമേറിതാണ് ടെക്ടോണിക് ഫലകങ്ങൾക്കു താഴെയായി കാണപ്പെടുന്ന ഇവ. തല കീഴായി കിടക്കുന്ന മലനിരകളെപ്പോലെയുള്ള ആകൃതിയാണ് ക്രേറ്റണുകളുടെ പ്രത്യേകത. ഭൂമിയുടെ ഏറ്റവും ആഴത്തിലേക്കു വരെ ഇവയ്ക്കെത്താൻ സാധിക്കും. ഇവയുടെ ഏറ്റവും താഴെയുള്ള ഭാഗമാണ് ‘റൂട്ട്സ്’ എന്നറിയപ്പെടുന്നത്. ഇതാകട്ടെ ഭൂമിക്കു താഴെ ഏകദേശം 200 മൈൽ വരെയെത്തും. എംഐടിയുടെ നേതൃത്വത്തിൽ രാജ്യാന്തര ഗവേഷകരുടെ സംഘമാണ് പഠനം നടത്തുന്നത്. ഭൂകമ്പങ്ങളെക്കുറിച്ചു പഠിക്കാനായി ശേഖരിച്ച ഡേറ്റയിൽ നിന്നാണ് ഈ നിർണായക കണ്ടെത്തലിനുള്ള വിവരങ്ങൾ ശേഖരിച്ചത്. 

ഭൂമിക്കടിയിലെ ഫലകങ്ങളിലുണ്ടാകുന്ന ചലനങ്ങളാണ് ശബ്ദതരംഗങ്ങൾ സൃഷ്ടിക്കുന്നത്. ടെക്ടോണിക് ഫലകങ്ങൾ നീങ്ങുന്നതോടെ ആഴത്തിൽ വൻ മാറ്റങ്ങളുമുണ്ടാകുന്നു. ഈ ഡേറ്റ കാലങ്ങളായി യുഎസ് ജിയോളജിക്കൽ സൊസൈറ്റിയും മറ്റു ഗവേഷക കൂട്ടായ്മകളും ശേഖരിക്കുന്നുണ്ട്. ഇതുപയോഗിച്ച് ഭൂമിയുടെ അന്തർഭാഗത്തെ ഏകദേശ ഘടന എംഐടിയുടെ നേതൃത്വത്തിൽ ഡിസൈൻ ചെയ്തെടുക്കുകയായിരുന്നു. ശബ്ദതരംഗങ്ങൾ ഓരോ പാറക്കൂട്ടങ്ങൾക്കിടയിലൂടെയും  സഞ്ചരിക്കുമ്പോൾ അതിനനുസരിച്ച് അവയുടെ വേഗത്തിൽ വ്യത്യാസം വരാറുണ്ട്. ഇങ്ങനെയാണ് ഭൂമിക്കടിയിലെ പാറകളുടെ ഘടന ഗവേഷകർ തയാറാക്കിയെടുത്തത്.  ഭൂമിയുടെ പാളികളായ ക്രസ്റ്റിന്റെയും മാന്റിലിന്റെയുമെല്ലാം ഘടന മനസ്സിലാക്കിയെടുത്തത് ഇങ്ങനെയാണ്.ഇപ്പോൾ അവയ്ക്കും താഴെ മനുഷ്യനു കടന്നു ചെല്ലാൻ പോകും പറ്റാത്തത്ര ആഴത്തിലെ രഹസ്യങ്ങളെ നമുക്കു മുന്നിലെത്തിച്ചതും ഭൂകമ്പം വഴിയുണ്ടായ ഈ ശബ്ദതരംഗങ്ങളാണ്. 

ക്രേറ്റണ്‍സ് റൂട്ട്സിലെത്തുന്ന ശബ്ദതരംഗങ്ങൾ ക്കു പെട്ടെന്നു വേഗം കൂടുന്നതായാണു കണ്ടെത്തിയത്. ക്രേറ്റണിലെ താപനില കുറഞ്ഞതായിരിക്കും കാരണമെന്നാണ് ആദ്യം കരുതിയത്. അതുവഴി ശബ്ദതരംഗങ്ങളുടെ വേഗത കൂടിയേക്കാം. എന്നാൽ ശബ്ദതരംഗ വേഗത്തിലെ(വെലോസിറ്റി) വ്യത്യാസവും താപനിലയും തമ്മിൽ ഇവിടെ ചേർന്നില്ല. ‘അവിടെ എന്തോ അസാധാരണ സംഭവമുണ്ടല്ലോ’ എന്ന തോന്നലിൽ നിന്നായിരുന്നു വജ്രഖനി കണ്ടെത്തുന്ന ഗവേഷണത്തിന്റെ തുടക്കം. തുടർന്ന് ഭൂമിക്കടിയിലെ ഘടനയുടെ ത്രിമാന ചിത്രം തയാറാക്കി നടത്തിയ പഠനത്തിൽ ക്രേറ്റണിൽത്തന്നെയുള്ള ചില പ്രത്യേക ഭാഗത്താണു ശബ്ദതരംഗത്തിനു വേഗം കൂടിയതെന്നു കണ്ടെത്തി. അവയിൽ ഒന്നു മുതൽ രണ്ടു ശതമാനം വരെ വജ്രം ഉണ്ടെന്നും മനസ്സിലാക്കാനായി. ഇവയാണു ശബ്ദതരംഗത്തിന്റെ  വേഗം കൂടാൻ കാരണമായത്. അങ്ങനെ ഭൂകമ്പ തരംഗങ്ങളിലൂടെ ഗവേഷകരും എത്തി ലോകത്തെ ‘കൊതിപ്പിക്കുന്ന’ ഒരു വലിയ കണ്ടെത്തലിലേക്കും...