ആ ചുരുളുകളിൽ തെളിഞ്ഞത് സ്ത്രീകളുടെ ‘ലൈംഗികദാഹ’ ത്തിന്റെ രഹസ്യം!

കണ്ടെത്തിയ നാൾ മുതൽ ഗവേഷകരെ കുഴക്കുകയായിരുന്നു ആ പാപ്പിറസ് ചുരുൾ. വായിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് തന്നെയായിരുന്നു പ്രശ്നം. പക്ഷേ ഭാഷയായിരുന്നില്ല വിഷയം. സംഗതി ഗ്രീക്ക് ഭാഷയാണെന്നതു വ്യക്തം. പക്ഷേ അത് എഴുതിയിരിക്കുന്ന രീതിയായിരുന്നു ഗവേഷകരെ ചിന്തിപ്പിച്ചത്. പിന്നിലോട്ടായിരുന്നു എഴുത്ത്. അതായത് കണ്ണാടിയിൽ കാണുന്നതു പോലെ. പതിനെട്ടാം നൂറ്റാണ്ടു മുതൽ സ്വിറ്റ്സർലൻഡിലെ ബേസിലിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. 

സുദീർഘമായ ഗവേഷണത്തിൽ പാപ്പിറസ് ഒരൊറ്റ ചുരുളല്ലെന്നു വ്യക്തമായി. ഒട്ടേറെ ചുരുളുകൾ ഒരുമിച്ചു ചേർന്നതായിരുന്നു അത്. ഒരു പാപ്പിറസ് റീസ്റ്റോർ വിദഗ്ധനെ കൊണ്ടുവന്നാണ് ചുരുളുകളിലെ എഴുത്ത് വായിച്ചെടുത്തത്. ആ എഴുതിയിരിക്കുന്ന കാര്യങ്ങളാണ് യുണിവേഴ്സിറ്റി ഓഫ് ബേസിലിലെ ഗവേഷകരെ അമ്പരപ്പിച്ചത്. ഏകദേശം രണ്ടായിരം വർഷം പഴക്കമുണ്ടായിരുന്നു ആ ചുരുളിന്. അതിനേക്കാളുമേറെ പഴക്കമുണ്ടായിരുന്നു അതിലെ ശാസ്ത്ര രഹസ്യത്തിന്. ‘ലൈംഗികദാഹം’ അനുഭവിക്കുന്ന വനിതകളുടെ അവസ്ഥയായിരുന്നു ചുരുളിൽ വിവരിച്ചിരുന്നതെന്നു ഗവേഷകർ പറയുന്നു. 

ഒരു വനിതയ്ക്ക് ആവശ്യത്തിന് സെക്സ് ലഭിച്ചില്ലെങ്കിൽ അവരുടെ ശരീരത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ വിവരണമായിരുന്നു അത്. ‘ഹിസ്റ്റീരിക്കൽ അപ്നിയ’  എന്നായിരുന്നു അതിനെ വൈദ്യശാസ്ത്ര വിദഗ്ധർ വിശേഷിപ്പിച്ചിരുന്നത്. സെക്സ് ലഭിക്കാത്ത വനിതകൾ എങ്ങനെ ഉന്മാദാവസ്ഥയിലെത്തുന്നു എന്നതിന്റെ ഉത്തരം കണ്ടെത്താൻ ശ്രമിച്ചതാണ് ആ പാപ്പിറസ് ചുരുളിൽ. വനിതകൾക്കുള്ള ഹിസ്റ്റീരിയയെപ്പറ്റി ബിസി 1900 ആണ്ടിൽ ഈജിപ്തിൽ പോലും ജനം വിശ്വസിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് പോലും ഈ അവസ്ഥയെപ്പറ്റി വിശ്വസിച്ചിരുന്നെന്നാണു ചരിത്രകാരന്മാർ പറയുന്നത്. ഈ സാഹചര്യത്തിലാണ് 2000 വർഷം പഴക്കമുള്ള ഈ പാപ്പിറസ് ചുരുളിന്റെ പ്രസക്തിയും. 

‘മെഡിക്കൽ രേഖ’യായി കണക്കാക്കാവുന്ന ഇത് റോമൻ വൈദ്യശാസ്ത്ര വിദഗ്ദനായ ഗാലൻ എഴുതിയതാണെന്നാണു കരുതുന്നത്. ഇദ്ദേഹമാണ് ശരീരത്തിലെ നാഡീസ്പന്ദനത്തെപ്പറ്റിയും രക്തചംക്രമണത്തെപ്പറ്റിയുമെല്ലാം ആദ്യമായി മനസ്സിലാക്കി ലോകത്തിനു മുന്നിലെത്തിച്ചത്. എന്നാൽ ഹിസ്റ്റീരിയൽ അപ്നിയയെ ഇതുവരെ വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടില്ല. ഗ്രീക്ക് വാക്കായ ‘ഹിസ്റ്ററിക്ക’യിൽ നിന്നാണ് ഹിസ്റ്റീരിയ എന്ന വാക്കുണ്ടാകുന്നത്. ഗർഭപാത്രം എന്നാണ് അർഥം. ശ്വാസകോശത്തിലേക്കു വായു കടക്കാതെ വിലങ്ങുന്ന അവസ്ഥയെയാണ് ‘അപ്നിയ’ എന്നു വിശേഷിപ്പിക്കുന്നത്. ഗർഭപാത്രം വഴിയുള്ള ശ്വാസതടസ്സമാണോ ഹിസ്റ്റീരിക്കൽ അപ്നിയ? 

സ്ത്രീകളിൽ ലൈംഗികബന്ധം ഇല്ലാതാകുന്നതോടെ ഗർഭാശയം വരണ്ടു പോകുമെന്നാണ് ചുരുളിൽ പറയുന്നത്. അതോടെ ഗർഭപാത്രം വയറ്റിലാകെ ഈർപ്പം തേടി സഞ്ചരിക്കും. അതിനിടെ കരളുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ശ്വാസം നിലയ്ക്കുന്നതും ഹിസ്റ്റീരിക്കൽ അപ്നിയയായി മാറുന്നതും! ‘അലഞ്ഞു തിരിയുന്ന ഗർഭപാത്രം’ എന്നാണ് ഈ അവസ്ഥയെ പുരാതന ഗ്രീക്കുകാർ വിശേഷിപ്പിച്ചിരുന്നത്. ഈർപ്പം തേടിയുള്ള ഈ ‘ലൈംഗികദാഹം’ മാറ്റുന്നതിന് വിവാഹം അന്നത്തെക്കാലത്ത് ഒരു ‘മരുന്ന്’ ആയിരുന്നു. സ്ത്രീകൾ വിവിധതരം പച്ചമരുന്നുകൾ ഉപയോഗിച്ചിരുന്നതായും ഗാലൻ വ്യക്തമാക്കുന്നു. ആധുനിക ശാസ്ത്രം വികസിക്കും വരെ ഇത്തരം വിശ്വാസം നൂറ്റാണ്ടുകളോളം തുടർന്നിരുന്നുവെന്നതാണു സത്യം. ഗ്രീക്ക് ചിന്തകനായ പ്ലേറ്റോ സ്ത്രീകളുടെ ഗർഭപാത്രത്തെ ഒരു ജീവിയായാണു കണക്കാക്കിയിരുന്നത്. സ്ത്രീകളുടെ ആന്തരികാവയവങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് ശ്വാസതടസ്സവും രോഗങ്ങളും ഉൾപ്പെടെയുണ്ടാക്കുന്ന ജീവി! 

ഗാലന്റെ മുൻകാലങ്ങളിൽ കണ്ടെത്തിയ ചുരുളുകളിലെ വിവരങ്ങളുമായി ഏറെ സാമ്യമുള്ളതിനാലാണ് ഗവേഷകർ ഇതും അദ്ദേഹത്തിന്റേതാണെന്ന നിഗമനത്തിലെത്തിയത്. അല്ലെങ്കില്‍ ഗാലന്റെ പഠനത്തെ അധിഷ്ഠിതമാക്കി മറ്റാരെങ്കിലും എഴുതിയ കുറിപ്പായിരിക്കാം. എന്തായാലും ചരിത്ര ഗവേഷകരെ സംബന്ധിച്ചു നിർണായക കണ്ടെത്തലായിരിക്കുകയാണിത്. ഒപ്പം ഒരു കാലത്തെ വൈദ്യശാസ്ത്ര വിശ്വാസങ്ങളിലേക്ക് വെളിച്ചം വീഴ്ത്തുന്ന രേഖയുമായി പാപ്പിറസ് ചുരുൾ.