കണ്ടെത്തുന്നവര്‍ക്ക് വിഷം നല്‍കും ‘പെൺ മമ്മികള്‍’, സൂക്ഷിക്കണം, മുന്നറിയിപ്പ്!

മമ്മികളും അവയിലെ സമ്പത്തും തേടി പോകുന്നവര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും ദുരന്തങ്ങളും നിരവധി ഹോളിവുഡ് സിനിമകള്‍ക്ക് പ്രചോദനമായിട്ടുണ്ട്. സിനിമകളെ വെല്ലുന്ന യാഥാര്‍ഥ്യമാണ് ചിലിയില്‍ നിന്നും കണ്ടെത്തിയ രണ്ട് മമ്മികള്‍ക്കുള്ളത്. പെണ്‍കുട്ടികളുടെ ഈ മമ്മികളിലെ വസ്ത്രങ്ങള്‍ വിഷമയമായിരുന്നു. തങ്ങളെ കണ്ടെത്തുന്നവരെ അപകടപ്പെടുത്താന്‍ പോന്ന വിഷം ശരീരത്തിലെത്തിക്കാന്‍ ശേഷിയുള്ളവയായിരുന്നു ഈ മമ്മികള്‍. 

വിഷമായ മെര്‍ക്കുറി വേര്‍തിരിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന സിന്നബാറിന്റെ സാന്നിധ്യമാണ് ചിലിയിലെ ഈ മമ്മികളെ കൂടുതല്‍ ദുരൂഹമാക്കിയത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി 600 വര്‍ഷങ്ങള്‍ക്ക് മുൻപ് ബലി കൊടുത്ത ഒൻപത് വയസും 18 വയസും പ്രായമുള്ള പെണ്‍കുട്ടികളുടെ മമ്മികളാണിവ. ചിലിയിലെ ടറപാക്ക സര്‍വ്വകലാശാലയിലെ ഗവേഷക സംഘമാണ് ഈ മമ്മികളുടെ വസ്ത്രത്തില്‍ വിഷമുണ്ടെന്ന് കണ്ടെത്തിയത്. 

മമ്മികളെ പൊതിഞ്ഞ വസ്ത്രങ്ങളില്‍ ആദ്യമായല്ല ചുവന്ന നിറം കാണപ്പെടുന്നത്. എളുപ്പത്തില്‍ ലഭിക്കുന്ന അയണ്‍ ഓക്‌സൈഡ് അടങ്ങിയ ഏതെങ്കിലും ധാതുക്കളായിരുന്നു ചുവപ്പു നിറം ലഭിക്കുന്നതിന് ഉപയോഗിച്ചിരുന്നത്. മമ്മികള്‍ പൊതിഞ്ഞ വസ്ത്രങ്ങളിലെ വിഷത്തെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും മുൻപ് നടന്നിട്ടില്ല. എന്നാല്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന പുരാവസ്തു ഗവേഷകരും മറ്റും ഈ അപകടം മനസിലാക്കിയിരിക്കണമെന്ന മുന്നറിയിപ്പാണ് ഇതോടെ ലഭിച്ചിരിക്കുന്നത്. 

ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തിയാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള പദാര്‍ഥങ്ങളാണ് ഈ മമ്മികളുടെ വസ്ത്രങ്ങളിലുള്ളതെന്നാണ് ഗവേഷകരുടെ വെളിപ്പെടുത്തല്‍. ഇന്‍ക രാജാവ് മരിച്ചു കഴിഞ്ഞാല്‍ നടത്തുന്ന കപകോച്ച എന്ന ദുരാചാരത്തിന്റെ ഫലമായാണ് രണ്ട് പെണ്‍കുട്ടികള്‍ ബലി നല്‍കപ്പെട്ടത്. ഇതിനാവശ്യമുള്ള പെണ്‍കുട്ടികളെ പ്രഭുക്കളാണ് തിരഞ്ഞെടുക്കുക. ഇവരുടെ വിവാഹം നടത്തുകയും മനുഷ്യരുടേയും ലാമകളുടേയും ചെറുരൂപങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു. സ്വര്‍ണ്ണം, വെള്ളി, ചെമ്പ് തുടങ്ങി വിവിധ ലോഹങ്ങളിലായിരിക്കും ഇവ നിര്‍മിച്ചിരിക്കുക. 

സ്വന്തം വീട്ടിലേക്ക് ഈ ചടങ്ങുകള്‍ക്ക് ശേഷം കുട്ടികളെ തിരിച്ചയക്കുന്നു. അവിടെ വലിയ ബഹുമാനമാണ് ഇവര്‍ക്ക് ലഭിക്കുക. അതിനുശേഷം ഇവരെ ലൂലിയാലാകോ അഗ്നിപര്‍വതത്തിന് മുകളിലേക്ക് കൊണ്ടുപോയി ബലി നല്‍കുകയാണ് ചെയ്യുന്നത്. രാജകീയ ധര്‍മ്മം എന്നാണ് കപകോച്ച എന്ന വാക്കിന്റെ അര്‍ഥം. 

വടക്കന്‍ ചിലിയില്‍ നിന്നും 1976 ലാണ് ഈ പെണ്‍കുട്ടികളുടെ മമ്മികള്‍ ലഭിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ മമ്മികളുടെ വസ്ത്രങ്ങളിലെ ദുരൂഹത പുറത്തുവരുന്നത്. വില്ലി ജേണല്‍ ആര്‍കിയോമെട്രിയില്‍ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.