ആശങ്ക: ദക്ഷിണേന്ത്യ ന്യൂനമർദത്തിന്റെ പിടിയിൽ; ഇന്നത്തെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ

കേരളത്തെ പ്രളയദുരന്തത്തിലാക്കിയ ന്യൂനമര്‍ദ്ദം ദക്ഷിണേന്ത്യയെ വിട്ടൊഴിയാതെ തുടരുകയാണ്. സംസ്ഥാനത്തെ ചില ജില്ലകളിൽ മഴയ്ക്ക് കുറവു വന്നെങ്കിലും എവിടെയും ആകാശം മേഘാവൃതമാണ്. ശനിയാഴ്ചാ രാവിലെ ലഭ്യമായ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ നേരിയ തോതിലെങ്കിലും ഇന്ത്യയെ ഒന്നടങ്കം ഭീതിപ്പെടുത്തുന്നതാണ്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ദക്ഷിണേന്ത്യയിലും വടക്ക്, കിഴക്ക് ഇന്ത്യയിലും നിലനില്‍ക്കുന്ന കാഴ്ചയാണ് രാവിലെ ലഭ്യമായ ആകാശ കാഴ്ചകൾ കാണിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം കേരളത്തിനു മികളിൽ മേഘങ്ങൾ നീങ്ങിയിരുന്നെങ്കിലും ശനിയാഴ്ച രാവിലെ വീണ്ടും മേഘാവൃതമായിരിക്കുന്നു.

ശനിയാഴ്ച രാവിലെ 6.30 ന് ഇൻസാറ്റ് സാറ്റ്‌ലൈറ്റിൽ നിന്ന് ലഭ്യമായ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഭൂരിഭാഗം ഭാഗങ്ങളും മേഘാവൃതമാണ്. ബംഗാൾ ഉൾക്കടലിലും ശക്തമായ ന്യൂനമർദം കാണാൻ സാധിക്കുന്നുണ്ട്. ആകാശം മേഘാവൃതമാണെങ്കിലും കേരളത്തില്‍ അതിതീവ്രമഴ ഉണ്ടാകില്ലെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്.

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നൽകുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളിൽ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളിൽ ഇക്കാര്യം വ്യക്തമാണ്.

പൊതുജനങ്ങൾക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്സൈറ്റുകളിൽ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്സൈറ്റുകളിലും സോഷ്യൽമീഡിയകളിലും പങ്കുവെക്കുന്നത്.

പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവയിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് നൽകുന്നത്. ജപ്പാനിൽ നിന്നുള്ള ഹിമവാരിയുടെ ഗ്രാഫിക്സുകളും ഇന്ത്യ ഉപയോഗപ്പെടുത്തുണ്ട്.