മനുഷ്യനെ കൂട്ടക്കൊല നടത്തിയ സുനാമികള്‍; പഠന റിപ്പോർട്ട് പുറത്ത്

ഉത്തര സ്‌കോട്ട്‌ലാൻഡ്, പസിഫിക് തീരപ്രദേശങ്ങളിലെ പല കൂട്ടശവമടക്ക് കേന്ദ്രങ്ങളുടെയും കാരണം സുനാമിയാണെന്ന് ഒടുവില്‍ കണ്ടെത്തി. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും മനുഷ്യരെ കൂട്ടത്തോടെ സംസ്‌ക്കരിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവയൊക്കെ വിവിധ മഹാമാരികളാലും യുദ്ധത്താലുമാണെന്നാണ് കരുതപ്പെട്ടിരുന്നത്. സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് ഇത്തരം കൂട്ടശവകുടീരങ്ങളില്‍ പങ്കുണ്ടെന്ന് ആദ്യമായാണ് വ്യക്തമായി തെളിയിക്കപ്പെടുന്നത്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ശവമടക്ക് കേന്ദ്രങ്ങളില്‍ പലതും ചരിത്രം രേഖപ്പെടുത്തി തുടങ്ങാത്ത ചരിത്രാതീത കാലത്തേതാണ്. മനുഷ്യനും സുനാമിയും തമ്മിലുള്ള ബന്ധത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. 5000 വർഷം മുന്‍പ് വരെ സുനാമികൾ ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

പൊതുവേ 250 മുതല്‍ 500 വര്‍ഷത്തെ ഇടവേളകളിലാണ് പലപ്പോഴും സുനാമികള്‍ സംഭവിക്കാറ്. മനുഷ്യന്റെ ആയുസ്സിനേക്കാള്‍ കൂടുതലായതിനാല്‍ സുനാമി ദുരന്തത്തെക്കുറിച്ചുള്ള ഓര്‍മകള്‍ തലമുറകള്‍ വഴി പ്രചരിക്കുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ഓരോ സുനാമിക്ക് ശേഷവും തീരദേശങ്ങള്‍ പഴയതിനേക്കാള്‍ വേഗത്തിലും ഊര്‍ജ്ജത്തിലും വികസിക്കപ്പെട്ടതിന് ശേഷമാകും അടുത്ത സുനാമി വരിക. ഇത് പലപ്പോഴും ദുരന്തത്തിന്റെ ആഘാതം കൂട്ടി. അതിനൊപ്പം അന്നത്തെ സാങ്കേതിക വിദ്യകള്‍ പ്രകാരം സുനാമി പ്രവചനം അസാധ്യവുമായിരുന്നു.

സുനാമി മൂലമുണ്ടാകുന്ന കൂട്ടമരണങ്ങളില്‍ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കൊന്നും പൊതുവെ സാവകാശം ലഭിക്കാറില്ല. മരിച്ചവരെ കൂട്ടത്തോടെ അധികം വൈകാതെ പരിമിത സൗകര്യങ്ങളിലായിരിക്കും സംസ്‌ക്കരിച്ചിരിക്കുക. മാത്രമല്ല ഈ കൂട്ടസംസ്‌ക്കാര കേന്ദ്രങ്ങളില്‍ പലയിടത്തും മനുഷ്യര്‍ക്കൊപ്പം കടല്‍ ജീവികളുടേയും മറ്റു മൃഗങ്ങളുടേയും ശരീരം ഉള്‍പ്പെട്ടിട്ടുണ്ടാകും. 

സുനാമിയില്‍ പെടുന്ന മനുഷ്യരുടെ ശരീരത്തിനകത്തേക്ക് സമുദ്രജലം എത്തും. ഈ സമുദ്രജലത്തില്‍ ഡയറ്റംസ് എന്ന് വിളിക്കുന്ന സൂക്ഷ്മജീവികളുടെ സാന്നിധ്യവും ഉറപ്പിക്കാം. ഇവ കണ്ടെത്തിയാല്‍ കടല്‍വെള്ളം കുടിച്ചാണ് മരണമെന്ന് ഉറപ്പിക്കാം. ശരീരത്തിനകത്തെത്തുന്ന ഡയറ്റംസ് രക്തത്തിലൂടെ എല്ലുകളിലെ മജ്ജകളിലെത്തും. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും മനുഷ്യശരീരത്തിലെ വലിയ എല്ലുകളില്‍ നിന്നും ഡയറ്റംസിനെ കണ്ടെത്താനാകും. ഈ വഴിയാണ് മരണകാരണം സുനാമിയാണെന്നറിഞ്ഞതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഓക്‌സഫോഡ് സര്‍വ്വകലാശാലയിലെ ജെനവീവ് കെയ്ന്‍ പറയുന്നത്. 

അടുത്തിടെ ജപ്പാനിലും ഇന്തൊനീഷ്യയിലും വന്‍ നാശം വിതച്ച സുനാമിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു ഗവേഷകര്‍ പുതിയ നിഗമനങ്ങളിലെത്തിയത്. ജേണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ മെത്തേഡ് ആന്റ് തിയറിയിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.