വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണോ? 35 ലക്ഷം തരാമെന്ന് നാസ

അന്യഗ്രഹങ്ങളില്‍ ചേക്കേറാനുള്ള മനുഷ്യന്റെ മോഹങ്ങള്‍ക്ക് ഏറ്റവും സാധ്യതയുള്ള ഗ്രഹമാണ് ചൊവ്വ. അപ്പോഴും ചെറുതല്ലാത്ത വെല്ലുവിളികള്‍ മറികടന്നുമാത്രമേ ചൊവ്വയിലും മനുഷ്യന് എത്തിപ്പെടാനും ജീവിക്കാനുമാകൂ. ഇതില്‍ പ്രധാന വെല്ലുവിളികളിലൊന്ന് ചൊവ്വയുടെ അന്തരീക്ഷത്തിലെ ഓക്‌സിജന്റെ നേരിയ സാന്നിധ്യവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉയര്‍ന്ന (ഏകദേശം 96 ശതമാനത്തോളം) സാന്നിധ്യവുമാണ്. ഈ വെല്ലുവിളി മറകടക്കാനുള്ള ആശയങ്ങള്‍ക്ക് 50,000 ഡോളർ (ഏകദേശം 35 ലക്ഷം രൂപ) കൊടുക്കാമെന്നാണ് നാസ പറയുന്നത്. 

ചൊവ്വയില്‍ മനുഷ്യന്റെ കുടിയേറ്റം സ്വപ്‌നം കാണുന്ന എല്ലാ ബഹിരാകാശ ഏജന്‍സികളുടേയും പ്രധാന വെല്ലുവിളികളിലൊന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉയര്‍ന്ന സാന്നിധ്യം. ഭാവിയില്‍ ചൊവ്വയിലെത്തുന്ന മനുഷ്യര്‍ക്ക് അവിടെ ജീവിക്കണമെങ്കില്‍ ലഭ്യമായ വിഭവങ്ങള്‍ കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകണം. ഈയൊരു കാഴ്ച്ചപ്പാടില്‍ നിന്നാണ് നാസ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വെല്ലുവിളി ലോകത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. 

ചൊവ്വയില്‍ നിറഞ്ഞിരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ എങ്ങനെ മനുഷ്യര്‍ക്ക് അനുകൂമായി മാറ്റിയെടുക്കാമെന്നതാണ് നാസയുടെ ചോദ്യം. 'CO2 Conversion Challenge' എന്നാണ് നാസ ഈ വെല്ലുവിളിക്ക് പേരിട്ടിരിക്കുന്നത്. വ്യക്തവും പ്രായോഗികവുമായ ആശയങ്ങള്‍ക്ക് 35 ലക്ഷം രൂപയാണ് നാസയുടെ വാഗ്ദാനം. 

ജീവന്റെ അടിസ്ഥാന വസ്തുക്കളാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിലെ കാര്‍ബണും ഓക്‌സിജനും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വിഭജിച്ച് ഗ്ലൂക്കോസോ പഞ്ചസാരയോ നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ ഊര്‍ജ്ജസ്രോതസാകും. ചൊവ്വയിലെ മനുഷ്യവാസം സാധ്യമാകണമെങ്കില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ വരുതിയില്‍ നിര്‍ത്താനും ഉപയോഗിക്കാനുമാകണമെന്ന തിരിച്ചറിവാണ് നാസയെ ഇത്തരമൊരു ചലഞ്ചിന് പ്രേരിപ്പിച്ചത്.