കോട്ടയ്ക്കുള്ളിലൊരു ദുരൂഹകേന്ദ്രം; പരിശോധനയ്ക്കിടെ ലഭിച്ചത് സീക്രട്ട് ഗെയിം

725 വർഷം മുൻപുണ്ടായിരുന്ന ഒരു കോട്ട. അതിനെക്കുറിച്ച് പതിനാറാം നൂറ്റാണ്ടിൽ തയാറാക്കിയ ചില രേഖകൾ. അതു പരിശോധിച്ച ഗവേഷകർക്ക് കൗതുകകരമായി തോന്നിയത് ഒറ്റക്കാര്യമാണ്. ആ വൻ കോട്ടയ്ക്കുള്ളിൽ ഒരു ‘സീക്രട്ട് ഹൗസു’ണ്ട്. കോട്ടയ്ക്കു താഴെ എവിടെയോ ആണത്. പിരിയൺ ഗോവണികളിറങ്ങിയ താഴേക്കു പോകണമെന്നാണ് എഴുതിയിരിക്കുന്നത്.ഒരു രഹസ്യ സങ്കേതം കൂടിയായിരുന്നു അത്. സീക്രട്ട് ഹൗസിൽ നിന്ന് ‘തീരത്തേക്ക്’ ഒരു വഴിയുണ്ടെന്നും എഴുതിയിരിക്കുന്നു. റഷ്യയിലെ വിബോർഗ് കോട്ടയാണ് ഈ രഹസ്യത്തെ ഇത്രയും കാലം ഒളിപ്പിച്ചു വച്ചിരുന്നത്. 

1293ലാണ് ഈ കോട്ട നിർമിച്ചതെന്നാണു കരുതുന്നത്. അന്നത്തെ ഒരു രേഖയാണ് ഇതിനെപ്പറ്റി ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കമേറിയ വിവരം. ഇന്നത്തെ റഷ്യയിലെ വിബോർഗ് നഗരത്തിനു സമീപം ഒരു ദ്വീപിലാണ് കോട്ട. ഗൾഫ് ഓഫ് ഫിൻലൻഡ് കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപിൽ നിന്ന് തീരത്തേക്കുള്ള വഴിയായിരിക്കും പുരാതന രേഖയിലുണ്ടായിരുന്നതെന്നാണു ഗവേഷകർ കരുതുന്നത്. സ്വീഡിഷുകാരാണ് ഈ കോട്ട നിർമിച്ചത്. കോട്ട കേന്ദ്രീകരിച്ചു രൂപപ്പെട്ട നഗരമായതിനാലാണ് വിബോർഗ് സിറ്റിക്ക് ആ പേരു ലഭിച്ചതും. നൂറ്റാണ്ടുകളോളം വിസ്മൃതിയിലായിരുന്നു സീക്രട്ട് ഹൗസ് കഴിഞ്ഞ മാസമാണ് ഗവേഷകർ കണ്ടെത്തിയത്. എന്നാൽ രഹസ്യത്തിനുള്ളിൽ മറ്റൊരു ഗംഭീര രഹസ്യമാണ് അവരെ കാത്തിരുന്നത്. മെഡീവൽ കാലഘട്ടത്തിലെ ഒരു തരം ബോർഡ് ഗെയിം ആയിരുന്നു അത്. 

തുടക്കത്തിൽ കളിമണ്ണു കൊണ്ടുള്ള വെറുമൊരു ഫലകം എന്നാണ് അതിനെപ്പറ്റി കരുതിയത്. സൂക്ഷ്മപരിശോധനയിലാണു മനസ്സിലായത് പ്രത്യേകതരം ഗെയിമിനുള്ള ബോർഡാണെന്ന്. ചെസിൽ കരുക്കൾക്കു വേണ്ടി കളിക്കുന്നതു പോലെ ‘മെൻ’ എന്ന ചെറുകൽ കഷ്ണങ്ങൾക്കു വേണ്ടിയായിരുന്നു ഈ കളിയെന്നാണു കരുതുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗെയിമാണതെന്നും ഗവേഷകർ തിരിച്ചറിഞ്ഞു, റോമൻ സാമ്രാജ്യത്തിന്റെ പ്രിയപ്പെട്ട മത്സരങ്ങളിലൊന്നുമായിരുന്നു ഇതെന്നാണു നിഗമനം. ‘കൗബോയ് ചെക്കേഴ്സ്’ എന്നും ഇതിനു വിളിപ്പേരുണ്ട്. വിബോർഗ് കാസിലിൽ നിന്ന് ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും ആശയക്കുഴപ്പം സമ്മാനിക്കുന്ന കണ്ടെത്തൽ എന്നാണ് ഗെയിമിനെ വിബോർഗ് മ്യൂസിയത്തിലെ ഗവേഷകർ വിശേഷിപ്പിച്ചത്. 

‘ടാബ്ലെയ്’ എന്നാണ് ഗവേഷകർ ഇതിനു നൽകിയ പേര്. രണ്ടു കളിക്കാരുണ്ടാകും. ഒരാളുടെ ‘മെന്നിനെ’ മറ്റൊരാൾ സ്വന്തമാക്കും വിധമാണ് ഗെയിം. കളത്തിലെ ഒരു നിരയിൽ മൂന്നു ‘മെൻ’ ഒരുമിച്ചു നിന്നാൽ അതിനെ ഒരു ‘മിൽ’ ആയി കണക്കാക്കാം. ഒരു മിൽ കിട്ടുന്നവർക്ക് എതിരാളിയുടെ ഒരു ‘മെന്നി’നെ ലഭിക്കും. രണ്ടു മെൻ മാത്രം ഏതെങ്കിലും ഭാഗത്ത് അവശേഷിക്കുമ്പോൾ അയാളെ തോറ്റതായി പ്രഖ്യാപിക്കും. പിന്നീട് അയാൾക്ക് ‘മിൽ’ രൂപപ്പെടുത്താൻ പറ്റില്ലല്ലോ! 

ഗെയിമിനു പിന്നാലെ ‘സീക്രട്ട് ഹൗസിലെ’ കൂടുതൽ വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിലാണു ഗവേഷകർ. 1935 മുതൽ വിബോർഗ് കോട്ടയെപ്പറ്റി ഗവേഷണം നടക്കുന്നുണ്ട്. എന്നാൽ പലതും പാതിവഴിയിൽ നിന്നു. കോട്ട തകർന്നു വീഴുമെന്ന അവസ്ഥയായപ്പോഴാണ് മ്യൂസിയമാക്കി മാറ്റാൻ അടുത്തിടെ 2.5 കോടി ഡോളറിലേറെ ചെലവിട്ട് അറ്റകുറ്റപ്പണി ആരംഭിച്ചത്. അതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കോട്ടയ്ക്കുള്ളിലെ രഹസ്യങ്ങളോരോന്നായി പുറത്തു വരുന്നതും.