മനുഷ്യർ നിന്നനിൽപിൽ വെന്തുരുകി, തലയോട്ടി പൊട്ടിത്തെറിച്ചു; അഗ്നിപർവതത്തിൽ നിന്ന് നരകത്തീ!

‘നരകത്തീയിൽ വെന്തുരുകുക...’ ജീവിതത്തിലെ ഏറ്റവും ദുരന്ത ഘട്ടങ്ങളെക്കുറിച്ച്, അല്ലെങ്കിൽ ഏറെ ദുരിതമനുഭവിച്ചുള്ള മരണത്തെക്കുറിച്ചൊക്കെയുള്ള വിശേഷണമാണിത്. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് ഉരുകിയൊലിക്കുന്ന ലാവയിൽപ്പെട്ടുള്ള മരണത്തെ ഇത്തരമൊന്നായാണു കണക്കാക്കുന്നത്. എന്നാൽ അഗ്നിപർ‍വതവുമായി ബന്ധപ്പെട്ട് ഇങ്ങനെ മാത്രമല്ല മരണത്തിന്റെ ദുരന്തചിത്രമുള്ളതെന്നു പറയുന്നു ഗവേഷകർ. സിഇ 79ൽ പൊട്ടിത്തെറിച്ച ഇറ്റാലിയന്‍ അഗ്നിപർവതം വെസൂവിയസിനെക്കുറിച്ചുള്ള ഒരു പഠനമാണ് അത്തരമൊരു ദുരിതം നിറഞ്ഞ മരണത്തെപ്പറ്റിയുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്.

അന്നത്തെ പൊട്ടിത്തെറിയെത്തുടർന്ന് ഏകദേശം 20 കിലോമീറ്റർ ചുറ്റളവിലാണ് ‘വോൾക്കാനിക് ആഷ് ക്ലൗഡ്സ്’ രൂപപ്പെട്ടത്. അഗ്നിപർവതത്തില്‍ നിന്നുള്ള ചാരം ഭൂമിയിലേക്കു സൂര്യപ്രകാശം പോലും വന്നുവീഴാത്ത വിധം തടസ്സപ്പെടുത്തുന്നതാണ് ഈ മേഘങ്ങൾ. എന്നാൽ ദുരന്തകാരണമായത് ഇതൊന്നുമല്ല. അഗ്നിപർവത സ്ഫോടനത്തെത്തുടർന്നു കൊല്ലപ്പെട്ടവരുടെ ഫോസിലുകൾ പരിശോധിച്ചപ്പോഴാണ് അവർക്കു നേരിടേണ്ടി വന്ന അതിദാരുണ അന്ത്യത്തെക്കുറിച്ചു ഗവേഷകർ തിരിച്ചറിഞ്ഞത്. ശരീരത്തിലെ ജലാംശം പൂർണമായും ബാഷ്പീകരിച്ചു പോയിട്ടായിരുന്നു ചിലരുടെ അന്ത്യം. മറ്റു ചിലരുടെയാകട്ടെ തലയോട്ടി തന്നെ പൊട്ടിത്തെറിച്ചു പോയി! 

അഗ്നിപർവതത്തിൽ നിന്നു പുറന്തള്ളപ്പെട്ട പൈറോക്ലാസ്റ്റിക് തരംഗങ്ങളായിരുന്നു ഈ ദാരുണമരണത്തിന്റെ കാരണക്കാർ. അഗ്നിപർവതത്തിൽ നിന്നുള്ള ചൂടുവായവും ‘ടെഫ്റ’ എന്നു വിളിക്കപ്പെടുന്ന മറ്റ് വോൾക്കാനിക് വസ്തുക്കളും മണിക്കൂറിൽ 100 കി.മീ. വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. ഈ തരംഗത്തിന് മണിക്കൂറിൽ 700 കിലോമീറ്റർ വേഗം വരെ കൈവരിക്കാനും എളുപ്പം സാധിക്കും. ഇവയേറ്റാണു മനുഷ്യശരീരത്തിലെ ജലാംശമെല്ലാം ബാഷ്പീകരിച്ചു പോയത്. അതുവഴി ശരീരത്തിനകത്ത് നീരാവിയേറി, സമ്മർദം കൂടിയാണു തലയോട്ടി പൊട്ടിത്തെറിച്ചതും. ഹെർക്കുലേനിയം എന്ന റോമൻ ടൗണിൽ നിന്നു ലഭിച്ച തലയോട്ടികൾ പരിശോധിച്ചതിൽ നിന്നായിരുന്നു ഈ വിവരങ്ങൾ. 

അഗ്നിപർവത സ്ഫോടനത്തിനിടെ പുറത്തെത്തിയ പൈറോക്ലാസ്റ്റിക് തരംഗങ്ങൾ കാരണം ഏകദേശം മുന്നൂറു പേരാണ് ഒറ്റയടിക്കു മരിച്ചത്. കണ്ടെത്തിയ തലയോട്ടികളിലെല്ലാം ചില പ്രത്യേകതരം ധാതുക്കളുടെ സാന്നിധ്യമുണ്ടായിരുന്നതായി ഗവേഷകർ കണ്ടെത്തിയിരുന്നു. ചൂടുകാറ്റും അഗ്നിപർവതത്തിൽ നിന്നുള്ള പാറക്കഷണങ്ങളുമായിരുന്നു ഈ ടൗണിലേക്ക് ആഞ്ഞടിച്ച തരംഗങ്ങൾക്കൊപ്പമുണ്ടായിരുന്നത്. രാമൻ മൈക്രോസ്പെക്ട്രോസ്കോപ്പി സാങ്കേതികത ഉപയോഗിച്ച് അസ്ഥികൂടങ്ങളിലെ വിവിധ രാസവസ്തുക്കളുടെ സാന്നിധ്യവും പരിശോധിച്ചു. അയണിന്റെയും അയൺ ഓക്സൈഡിന്റെയും സാന്നിധ്യമാണു തിരിച്ചറിഞ്ഞത്. അതിശക്തമായ ചൂടൂകാറ്റ് രക്തവുമായി കൂടിച്ചേർന്നതാണ് ഇവ രൂപപ്പെടാനുള്ള കാരണമെന്നും ഗവേഷകർ പറയുന്നു. 

ഓരോരുത്തരും ധരിച്ചിരുന്ന ആഭരണങ്ങളും കയ്യിലുണ്ടായിരുന്ന നാണയങ്ങളും മറ്റു വസ്തുക്കളും വരെ ഉരുകി ശരീരത്തോടു ചേർന്നതിന്റെ ലക്ഷണങ്ങളും അസ്ഥികൂടങ്ങളിലുണ്ടായിരുന്നു. അസ്ഥികളും തലയോട്ടിയുമെല്ലാം പൊട്ടിത്തെറിച്ച നിലയിൽ കണ്ടെത്തിയതും തെളിവുകൾക്കു ശക്തികൂട്ടി. പതിയെപ്പതിയെയല്ല, ഒറ്റയടിക്കായിരുന്നു മുന്നൂറോളം പേരും മരിച്ചതെന്നും പഠനത്തിൽ പറയുന്നു. നേപ്പിൾസിലെ ഫെഡെറിക്കോ II സർവകലാശാലയിലെ ആർക്കിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പ്ലോസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.