ഒഡീഷ ചുഴലിക്കാറ്റ്: മുന്നറിയിപ്പുമായി ഗൂഗിൾ; ഭയപ്പെടുത്തും സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ

ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട് തിത്‌ലി ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി ഗൂഗിൾ. അടുത്ത മണിക്കൂറുകളിൽ എന്തു സംഭവിക്കുമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പുകളും ഡേറ്റകളും ഗൂഗിൾ നൽകുന്നുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് റെഡ് അലർട്ടായാണ് ഗൂഗിൾ നൽകിയിരിക്കുന്നത്.

ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 140 മുതൽ 150 കിലോമീറ്റർ വരെയാണ്. ചിലപ്പോൾ ഇത് 165 കിലോമീറ്റർ വരെ എത്തിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിൽ നിന്ന് എങ്ങനെ സുരക്ഷിതമാകാമെന്നത് സംബന്ധിച്ചും ഗൂഗിൾ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രളയജലം എത്താൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങളിലേക്ക് നീങ്ങാനാണ് ഗൂഗിൾ നിർദേശം. 

അടുത്ത 18 മണിക്കൂർ നേരത്തേക്കാണ് ഗൂഗിൾ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിൾ മാപ്പ്, സുരക്ഷിത മാർഗ്ഗങ്ങൾ, ചുഴലിക്കാറ്റ് ലൈവ് ട്വീറ്റുകൾ, എന്താണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് എന്നിവയെല്ലാം നൽകിയിട്ടുണ്ട്.

ഒഡീഷയെ ദുരന്തത്തിലാക്കിയ ചുഴലിക്കാറ്റ് ഭീതി ശക്തമാണ്. വ്യാഴാഴ്ച രാവിലെ ലഭ്യമായ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ നേരിയ തോതിലെങ്കിലും ഒഡീഷ തീരദേശങ്ങളെ ഒന്നടങ്കം ഭീതിപ്പെടുത്തുന്നതാണ്.

ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തിയതിന്റെ ആകാശ കാഴ്ചകൾ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ കാണാം. വ്യാഴാഴ്ച രാവിലെ 8.30 ന് ഇൻസാറ്റ് സാറ്റ്‌ലൈറ്റിൽ നിന്ന് ലഭ്യമായ റിപ്പോർട്ട് പ്രകാരം ഒഡീഷ തീരദേശങ്ങളിലെ ഭൂരിഭാഗം ഭാഗങ്ങളും ചുഴലിക്കാറ്റിന്റെ പിടിയിലാണെന്ന് വ്യക്തമാണ്.

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നൽകുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളിൽ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളിൽ ഇക്കാര്യം വ്യക്തമാണ്.

പൊതുജനങ്ങൾക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്സൈറ്റുകളിൽ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്സൈറ്റുകളിലും സോഷ്യൽമീഡിയകളിലും പങ്കുവെക്കുന്നത്.

പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവയിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് നൽകുന്നത്. ജപ്പാനിൽ നിന്നുള്ള ഹിമവാരിയുടെ ഗ്രാഫിക്സുകളും ഇന്ത്യ ഉപയോഗപ്പെടുത്തുണ്ട്.